
ARM എന്ന ചിത്രത്തിൽ ടൊവിനോ തോമസ് | ഫോട്ടോ: www.facebook.com/ActorTovinoThomas
കഴിഞ്ഞവർഷം പുറത്തിറങ്ങി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമാണ് നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്ത ARM. ചിത്രത്തിന് തിരക്കഥ രചിച്ചത് സുജിത് നമ്പ്യാരാണ്. ടൊവിനോ വ്യത്യസ്തമായ മൂന്നുവേഷങ്ങളിലെത്തിയ ചിത്രം പുറത്തിറങ്ങി ഒരുവർഷം ആകുന്ന അവസരത്തിൽ ഒരു സുപ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജിതിൻ ലാൽ. ARM-ന് ഒരു സ്പിൻ ഓഫ് വരുമെന്ന സൂചനയാണ് ജിതിന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലുള്ളത്.
അജയൻ, കള്ളൻ മണിയൻ, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോ തോമസ് ARM-ൽ എത്തിയത്. കൂട്ടത്തിൽ ഏറെ ആരാധകരുള്ളത് മണിയൻ എന്ന കഥാപാത്രത്തിന്. ഈ കഥാപാത്രത്തെ നായകനാക്കി ഒരു ചിത്രം വരുമെന്നാണ് ജിതിൻ ലാൽ അറിയിച്ചിരിക്കുന്നത്. സുജിത് നമ്പ്യാർ തിരക്കഥയൊരുക്കുന്ന തയ്യാറെടുപ്പിലാണ്. അതിന് മുൻപ് മറ്റൊരു ചിത്രം ചെയ്യുമെന്നും ജിതിൻ പറഞ്ഞു. ARM-ന്റെ പോസ്റ്ററിനൊപ്പമാണ് ജിതിൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
"ARM എന്ന നമ്മുടെ സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് തിയറ്ററിൽ എത്തിയ നമ്മുടെ സിനിമ തിയറ്ററിൽ വലിയ ജനപിന്തുണയോടെ സ്വീകരിക്കപ്പെട്ടു എന്നതിനപ്പുറം ഇപ്പോഴും നമ്മുടെ സിനിമ പല കോണുകളിലും ചർച്ച ചെയ്യപ്പെടുന്നു എന്നത് ഏറെ ആത്മവിശ്വാസം നൽകുന്നു. ടൊവിയുടെ അവിസ്മരണീയമായ പ്രകടനത്തിൻ്റെ വെളിച്ചത്തിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ മണിയൻ എന്ന കഥാപാത്രത്തിൻ്റെ തിരിച്ച് വരവ് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളും ഫോൺ കോളുകളും എനിക്ക് പലരിൽ നിന്നായി ലഭിക്കാറുണ്ട്. സുജിത്തേട്ടൻ മണിയൻ്റെ തിരിച്ചു വരവിനായുള്ള എഴുത്തിൻ്റെ തയ്യാറെടുപ്പുകളിലാണ്.
അതിന് മുമ്പ് നമ്മൾ മറ്റൊരു സിനിമ ചെയ്യാനുള്ള തിരക്ക് പിടിച്ച പണിപ്പുരയിലാണ്. ഏറെ മുന്നൊരുക്കങ്ങൾ ആവശ്യമായി വരുന്ന ഈ സിനിമയും തികച്ച ജനപ്രിയ ഫോർമാറ്റിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ARM എന്ന സിനിമ തന്ന ആത്മവിശ്വാസം മാത്രമാണ് അതിനുള്ള കാരണം. ഈയൊരു വേളയിൽ സിനിമ യാഥാർത്യമാക്കാൻ കൂടെ നിന്ന ഓരോ പ്രിയപ്പെട്ടവരോടും, അഭിനേതാക്കളോടും നമ്മുടെ സിനിമ ഏറ്റെടുത്ത പ്രിയ ജനങ്ങളോടും, പിന്തുണ നൽകിയ ദൃശ്യമാധ്യമങ്ങളോടും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,, തുടർന്നുള്ള യാത്രകളിലും ഏവരുടേയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് ആഗ്രഹിച്ച് കൊണ്ട്…നിഗൂഡതകളുടെ താഴുകൾ തുറക്കാൻ മണിയൻ വരും..." ജിതിൻ ലാലിന്റെ വാക്കുകൾ.
ടൊവിനോയുടെ അമ്പതാം ചിത്രമായാണ് ARM എത്തിയത്. നൂറുകോടിയിലേറെയാണ് ചിത്രം ബോക്സോഫീസിൽനിന്ന് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് മണിയൻ എന്ന കഥാപാത്രത്തിന്റെ ഒരു വീഡിയോയും ജിതിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മാജിക് ഫ്രെയിംയ്‌സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യു.ജി.എം. മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിച്ചത്. തമിഴ്- തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി, ശിവജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്തു. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ്- ഷമീർ മുഹമ്മദ്.
Content Highlights: Director Jithin Lal announces a spinoff for ARM featuring Tovino Thomas`s fashionable character, Maniyan





English (US) ·