
ഭാഗ്യലക്ഷ്മി | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
സോഷ്യൽ മീഡിയയിലെ സ്ത്രീവിരുദ്ധ പരാമർശത്തിന് അറസ്റ്റിലായ സന്തോഷ് വർക്കിയെ പിന്തുണച്ചെത്തുന്നവർക്കു മറുപടിയുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നിങ്ങൾ പറയുന്നതുപോലെ ജീവിച്ചുകൊള്ളണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ മറുപടി പറയണം എന്നുവച്ചാൽ ബുദ്ധിമുട്ടാണെന്നും അതിന് തങ്ങൾക്കു സൗകര്യമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതികരിക്കേണ്ട വിഷയത്തിൽ പ്രതികരിക്കേണ്ട സമയത്ത് ഞങ്ങൾ പ്രതികരിച്ചിരിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
"രണ്ടു ദിവസം മുമ്പ് മലയാള സിനിമയിലെ അമ്മ എന്ന സംഘടനയിൽ ഉള്ള കുക്കു പരമേശ്വരൻ അടക്കമുള്ള കുറേ ഫീമെയിൽ ആർട്ടിസ്റ്റുകളും ഞാനും സന്തോഷ് വർക്കി എന്ന വ്യക്തിക്കെതിരെ ഒരു പരാതി കൊടുത്തിരുന്നു. അങ്ങനെ പരാതി കൊടുക്കാൻ ഉണ്ടായ ഒരു സാഹചര്യമൊക്കെ എല്ലാവർക്കും അറിയാം. കാരണം നിരന്തരം സ്ത്രീകൾക്കെതിരെ വളരെ മോശമായ രീതിയിലുള്ള പരാമർശം നടത്തുക, രാത്രികാലങ്ങളിൽ സ്ത്രീകളെകുറിച്ച് പല കാര്യങ്ങളും വിളിച്ച് പറയുക. ഇതൊക്കെ നിരന്തരം കണ്ട് അതിങ്ങനെ പോട്ടെ, പോട്ടെ എന്ന രീതിയിൽ നമ്മളെല്ലാവരും വിടാറുണ്ട്. ഏറ്റവും ഒടുവിൽ അദ്ദേഹം ഒരു ഫെയ്സ്ബുക് പോസ്റ്റ് ആണ് ഇട്ടത്. അതായത് മലയാള സിനിമയിലെ സ്ത്രീകൾ എല്ലാവരും ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് അയാൾ പോസ്റ്റ് ഇട്ടത്. ആ വാക്ക് പറയാൻ എനിക്ക് താല്പര്യമില്ല.
അത് സത്യത്തിൽ സിനിമയിലുള്ള എല്ലാവർക്കും വളരെയധികം പ്രതിഷേധിക്കേണ്ട ഒരു വിഷയം തന്നെയാണ് ഇതെന്ന് തോന്നി. കാരണം ഇനിയും ഇതിങ്ങനെ വിട്ടുകൂടാ, ഒരു സന്തോഷ് വർക്കി അല്ല ഇതുപോലെയുള്ള പല ആളുകളും ഉണ്ട്. അപ്പോൾ എല്ലാവരും ഒന്നിച്ചുകൂടി തീരുമാനിച്ചുകൊണ്ട് തന്നെയാണ് അങ്ങനെ ഒരു നടപടിയിലേക്ക് ഞങ്ങളെല്ലാവരും പോയത്. ഒടുവിൽ കോടതി അയാളെ 14 ദിവസം റിമാൻഡ് ചെയ്തു. ചിലപ്പോൾ അതിന് ഇടക്ക് ജാമ്യം നേടി ഇറങ്ങുമായിരിക്കാം. എന്താണ് ഇനി കോടതി പറയുന്നത് എന്നൊന്നും നമുക്കറിയില്ല. അത് അവിടെ ഇരിക്കട്ടെ. ഈ ഒരു സംഭവത്തിന്റെ പേരിൽ ചില ആളുകളുടെ വീഡിയോ പരാമർശങ്ങൾ ഞാൻ കണ്ടു. ഈ വ്യക്തിയെ അല്ലെങ്കിൽ ഇങ്ങനെ പറയുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ ന്യായീകരിച്ചുകൊണ്ടുള്ള ചില ആളുകളുടെ വീഡിയോസ് ആണ് കണ്ടത്.
നിരന്തരമായി സമൂഹത്തിലെ വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായം പറയുന്നവർ തന്നെയാണ്. അതിൽ ഒരാൾ പറയുന്നത് കേട്ടു ‘എന്തോന്നടെ ഇത്, ഇത്ര വലിയ കാര്യമാണോ ഇതൊക്കെ, ഇയാൾക്കെതിരെ പരാതി കൊടുക്കാനും അയാളെ അകത്താക്കാനും ഒക്കെ ഇത്രയും താല്പര്യം കാണിച്ച ഈ മലയാള സിനിമയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ, അന്ന് കരഞ്ഞ് ചാനലിൽ സംസാരിച്ച പെണ്ണിനു വേണ്ടി ഇവരാരും ഒപ്പം നിന്നില്ലല്ലോ? അല്ലെങ്കിൽ അവർക്കു വേണ്ടി പൊലീസിൽ പരാതി കൊടുക്കാൻ തയാറായില്ലല്ലോ?’ എന്നൊക്കെ ഒരാൾ പറയുന്നുണ്ടായിരുന്നു.
അദ്ദേഹത്തിനോട് എനിക്ക് പറയാനുള്ളത്, തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ച് പറഞ്ഞ ആ പെൺകുട്ടിയോടൊപ്പം ഞങ്ങൾ നിന്നില്ല എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. ഞങ്ങൾ 24 മണിക്കൂറും വീഡിയോയും ഫെയ്സ്ബുക് പോസ്റ്റും ഇടുന്നവരല്ല. അങ്ങനെ ഇടണം എന്ന് വലിയ നിർബന്ധവും ഇല്ല. ഞങ്ങൾക്ക് അങ്ങനെ ഇടാൻ താല്പര്യവുമില്ല. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളും പറയുന്ന കാര്യങ്ങളുമൊക്കെ എപ്പോഴും സമൂഹത്തെ ഇങ്ങനെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം എന്ന നിയമം വല്ലതുമുണ്ടോ. അതോ നിങ്ങൾ പറയുന്ന കാര്യങ്ങൾക്കെല്ലാം ഞങ്ങൾ പ്രതികരിക്കണം, അല്ലെങ്കിൽ നിങ്ങൾ പറയാത്ത കാര്യങ്ങൾക്ക് ഞങ്ങൾ പ്രതികരിക്കാൻ പാടില്ല എന്നാണോ?
സഹായിക്കേണ്ടവരെ ഞങ്ങൾ വളരെ നിശബ്ദമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അതായത് നിശബ്ദം എന്ന് പറഞ്ഞാൽ അവരോട് സംസാരിച്ചുകൊണ്ട് തന്നെ പിന്തുണയ്ക്കുന്നുണ്ട്. സത്യസന്ധമായ വിഷയങ്ങൾ പുറത്തു വന്ന സംസാരിച്ച എല്ലാ വ്യക്തികളോടൊപ്പവും പ്രത്യേകിച്ച് ഞാൻ നിന്നിട്ടിട്ടുണ്ട്. അത്തരം അഭിപ്രായങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് ഇതേക്കുറിച്ച് എന്ത് അറിയാം എന്ന് ആലോചിക്കണം. നിങ്ങൾ കാണുന്ന ആ സോഷ്യൽ മീഡിയക്കുള്ളിൽ ഉള്ളതാണോ ലോകം, അതിനും അപ്പുറത്തേക്ക് ഒരു ലോകമില്ലേ, അതിനപ്പുറത്തേക്ക് മനുഷ്യരില്ലേ. അവിടെ അഭിപ്രായങ്ങൾ പറയാത്ത, വീഡിയോ ഇടാത്ത എത്രയോ മനുഷ്യരുണ്ട്.
മറ്റൊരാൾ ഇരുന്ന് എന്തോ ഒരു കോമഡി കേരളത്തിൽ നടന്നതുപോലെയാണ് സംസാരിക്കുന്നത് ‘ഇത്രയൊക്കെ പറയാൻ എന്തിരിക്കുന്നു. അയാൾ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ തന്നെ ഇതിൽ രോഷം പ്രകടിപ്പിക്കേണ്ട ആവശ്യം എന്താണ്. സുപ്രീം കോടതി അതൊരു തൊഴിൽ തന്നെ ആക്കാം എന്ന് അംഗീകരിച്ചു കഴിഞ്ഞല്ലോ. പിന്നെ അതിന് ഇത്ര രോഷം കൊള്ളേണ്ട കാര്യം എന്താണ്’ എന്നൊക്കെ പറയുന്നത് കേട്ടു. ലൈംഗിക തൊഴിലാളികൾ എന്ന അംഗീകാരം അവർക്ക് സുപ്രീംകോടതി നൽകിയാൽ ഇനി ഈ രാജ്യത്തെ എല്ലാവരും ലൈംഗിക തൊഴിൽ ചെയ്യാം എന്നാണോ അർഥം.
അതിന് താല്പര്യമുള്ളവർ ആ വഴിക്ക് പൊക്കോട്ടെ. അതുപോലെ അതിന് ഇഷ്ടമില്ലാത്ത ആളുകളും ഇവിടെ ഉണ്ടാകില്ലേ. അതിനെ എങ്ങനെ കുറ്റം പറയാൻ പറ്റും. നിങ്ങൾക്ക് ഒരാളെ അത്തരത്തിൽ പരാമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ടെങ്കിൽ അങ്ങനെ പറയരുത് എന്ന് പറയാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ടല്ലോ.
സുപ്രീംകോടതി അംഗീകരിച്ച ഒരു തൊഴിലാണ് അതെന്ന് താങ്കൾ പറയുന്നു. ഹൈക്കോടതി ഇന്ന് ആ വാക്ക് പരാമർശിച്ചതിനാണ് അയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നിങ്ങൾ പറയുന്നത് പോലെ ഹൈക്കോടതിക്കും പറഞ്ഞുകൂടായിരുന്നോ ഈ വിഷയത്തിലെ സുപ്രീംകോടതിയുടെ നിലപാട് ഇതാണെന്ന്. അതുകൊണ്ട് ആ വാക്കിൽ തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞോ? എടോ എനിക്ക് ഇഷ്ടമില്ലാത്തതും എനിക്ക് ഹിതമല്ലാത്തതും എന്നെ പറയുമ്പോൾ എനിക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ട് ഇവിടെ. അതിനുള്ള നിയമമുണ്ട്.
നിങ്ങളൊക്കെ സോഷ്യൽ മീഡിയയിലൊക്കെ ഇങ്ങനെ ഇരുന്ന് തോന്നിയ അഭിപ്രായം പറയുകയാണ്. നിങ്ങൾ പറയുന്നതുപോലെ ഞങ്ങൾ ഇവിടെ ജീവിച്ചുകൊള്ളണം. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഞങ്ങൾ മറുപടി പറയണം എന്നുവച്ചാൽ ബുദ്ധിമുട്ടാണ്, വളരെ ബുദ്ധിമുട്ടാണ്. ഞങ്ങൾക്ക് അതിന് സൗകര്യമില്ല. ഇനി ഇതിന്റെ താഴെ വന്ന് ആരൊക്കെ എന്തൊക്കെ തെറി പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല. പക്ഷേ പ്രതികരിക്കേണ്ട വിഷയത്തിൽ പ്രതികരിക്കേണ്ട സമയത്ത് ഞങ്ങൾ പ്രതികരിച്ചിരിക്കും. നിങ്ങളുടെ ആരുടെയും ചെലവിലല്ല ഞങ്ങളാരും ജീവിക്കുന്നത്. ഞങ്ങളെല്ലാം ജോലി ചെയ്ത് സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് ഞങ്ങൾക്കും ഇവിടെ അവകാശങ്ങളുണ്ട്, ഇവിടെ അഭിപ്രായങ്ങളുണ്ട്. അത് ഞങ്ങൾ പറഞ്ഞിരിക്കും. അത് മനസ്സിലാക്കിയാൽ നന്ന്." ഭാഗ്യലക്ഷ്മി പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയതാണ് സന്തോഷ് വർക്കിയെ കുടുക്കിയത്. ചലച്ചിത്ര പ്രവർത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരായിരുന്നു സന്തോഷ് വർക്കിയ്ക്കെതിരെ പരാതി നൽകിയത്.
Content Highlights: Dubbing Artist Bhagyalakshmi`s Reply to Santhosh Varkey`s Supporters





English (US) ·