.jpg?%24p=59cde62&f=16x10&w=852&q=0.8)
ഹോംബൗണ്ട് ട്രെയ്‌ലറിൽനിന്ന് | Photo: Screen grab/ YouTube: Dharma Productions
കൊല്‍ക്കത്ത: നീരജ് ഗെയ്‌വാന്‍ സംവിധാനംചെയ്ത 'ഹോംബൗണ്ട്' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. നിര്‍മാതാവും സംവിധായകനുമായ എന്‍. ചന്ദ്ര ചെയര്‍മാന്‍ ആയ സമിതിയാണ് ചിത്രം തിരഞ്ഞെടുത്തത്. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ഹോംബൗണ്ട്'. കൊല്‍ക്കത്തയിലെ വാര്‍ത്താസമ്മേളനത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
24 ചിത്രങ്ങളുടെ പട്ടികയില്‍നിന്നാണ് 'ഹോംബൗണ്ടി'നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. ദ ബംഗാള്‍ ഫയല്‍സ്, പുഷ്പ 2, കേസരി ചാപ്റ്റര്‍ 2, കണ്ണപ്പ, കുബേര, ഫുലെ എന്നീ ചിത്രങ്ങളടക്കം സെലക്ഷന്‍ കമ്മിറ്റിയുടെ മുമ്പാകെ എത്തിയിരുന്നു. മലയാളിയായ രാജീവ് അഞ്ചല്‍ ഉള്‍പ്പെടെ 14 പേരായിരുന്നു സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.
കാനിലും ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊറന്റോയില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡില്‍ മൂന്നാം സമ്മാനം ചിത്രം സ്വന്തമാക്കി. ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ സാധാരണക്കാരായ, രണ്ടുമതത്തില്‍പ്പെട്ട യുവാക്കളായ ചന്ദന്റേയും ഷൊയേബിന്റേയും കഥ പറയുന്നതാണ് ചിത്രം.
ഇരുവരുടേയും സ്വപ്‌നം പോലീസില്‍ ചേരുക എന്നുള്ളതാണ്. ആ യാത്രയില്‍ അവര്‍ നേരിടുന്ന സാമ്പത്തികബുദ്ധിമുട്ടുകളും മതപരമായ പ്രശ്‌നങ്ങളും അതിന്റെ രാഷ്ട്രീയവുമാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക് ഷായാണ് ഛായാഗ്രാഹകന്‍. നരേന്‍ ചന്ദാവര്‍ക്കറും ബെനെഡിക്റ്റ് ടെയ്‌ലറും ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു. ചിത്രസംയോജനം നിതിന്‍ ബൈദിന്‍. മാര്‍ട്ടിന്‍ സ്‌കോര്‍സേസി, കരണ്‍ ജോഹര്‍, അപൂര്‍വ മേഹത്ത, അദാര്‍ പൂനവാല, സോമന്‍ മിശ്ര, പ്രവീണ്‍ കൈര്‍നര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
2015 ലെ 'മസാന്‍' ആയിരുന്നു ഹൈദരാബാദ് സ്വദേശിയായ നീരജ് ഗെയ്‌വാന്റെ ആദ്യ ചിത്രം. പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളും ഹ്രസ്വചിത്രങ്ങളും നിര്‍മിച്ചിട്ടുള്ള അദ്ദേഹം അനേകം പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
Content Highlights: Homebound, directed by Neeraj Ghaywan, is India's authoritative introduction for the Oscars
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·