
മഹേഷ് ബാബു, എസ്.എസ്. രാജമൗലി, പൃഥ്വിരാജ് സുകുമാരൻ | ഫോട്ടോ: www.facebook.com/urstrulyMahesh, AP, www.facebook.com/PrithvirajSukumaran
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത് മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം. എസ്എസ്എംബി 29 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. അടുത്തിടെ, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ കെനിയയിൽ ഒരു ഷെഡ്യൂൾ ചിത്രീകരിച്ചിരുന്നു. അവിടുത്തെ മാധ്യമങ്ങളും, പ്രൈം കാബിനറ്റ് സെക്രട്ടറിയും വിദേശകാര്യ, പ്രവാസികാര്യ കാബിനറ്റ് സെക്രട്ടറിയുമായ മുസാലിയ മുദവാദി സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മുടക്കുമുതൽ എത്രയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
എസ്എസ്എംബി 29-ൻ്റെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം രാജമൗലി ചൊവ്വാഴ്ച കെനിയയിൽ വെച്ച് മുസാലിയയെ കണ്ടതായി 'ദി സ്റ്റാർ' എന്ന കെനിയൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു. ചിത്രത്തിൻ്റെ ബജറ്റ് 135 മില്യൺ ഡോളർ (1188 കോടി രൂപ) ആണെന്നും, 'ഏഷ്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണങ്ങളിലൊന്നാണ് ഈ സിനിമയെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈയിൽ, 'ദി സിറ്റിസൺ' എന്ന മറ്റൊരു കെനിയൻ പോർട്ടൽ ചിത്രത്തിൻ്റെ ബജറ്റ് 116 മില്യൺ ഡോളർ (1022 കോടി രൂപ) ആണെന്ന് അവകാശപ്പെട്ടിരുന്നു.
ചിത്രം രണ്ട് ഭാഗങ്ങളുള്ള ഒരു പരമ്പരയായാണ് ആസൂത്രണം ചെയ്യുന്നതെന്നും 'ദി സ്റ്റാർ' റിപ്പോർട്ട് ചെയ്തു. എസ്എസ്എംബി 29-ലെ പ്രധാന ആഫ്രിക്കൻ രംഗങ്ങൾ ചിത്രീകരിച്ചത് കെനിയയിലാണ്. പ്രശസ്തമായ മസായ് മാര, നൈവാഷ തടാകം, സാംബുരു, കിളിമഞ്ചാരോ പർവ്വതം, അംബോസെലി തുടങ്ങിയ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചിത്രം 120 രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്നും അവർ റിപ്പോർട്ട് ചെയ്തു. ഈ കാര്യം മുസാലിയ മുദവാദിയും എക്സിലെ തൻ്റെ പോസ്റ്റിൽ പരാമർശിച്ചിരുന്നു.
എസ്എസ്എംബി 29-ൻ്റെ മുഹൂർത്ത പൂജ ഈ വർഷം ജനുവരിയിലാണ് നടന്നത്. എന്നാൽ അണിയറ പ്രവർത്തകർ ഇത് രഹസ്യമാക്കി വെക്കുകയായിരുന്നു. തുടർന്ന് ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ചു. ഒഡീഷയിലും ഹൈദരാബാദിലുമായിരുന്നു ഷൂട്ടിംഗ്. അണിയറ പ്രവർത്തകരുടെ കഠിന പ്രയത്നങ്ങൾക്കിടയിലും, ഷൂട്ടിംഗിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ ചോർന്നിരുന്നു. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കാടുമായി ബന്ധപ്പെട്ട ഉദ്വേഗജനകമായ കഥയായിരിക്കും പറയുക എന്നാണ് റിപ്പോർട്ട്. വി.വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം.കീരവാണിയാകും സംഗീതസംവിധാനം. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുകയെന്നാണ് റിപ്പോർട്ട്.
Content Highlights: SSMB 29 Update: Filming Wraps successful Kenya, Budget Reportedly Among Highest successful Asian Cinema
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·