
പ്രതീകാത്മകചിത്രം (ഫയൽചിത്രം)
സെന്‍സറിംഗ് എത്രത്തോളമാവാം? എവിടെയൊക്കെ സെന്‍സറിംഗ് വേണം? സെന്‍സറിംഗ് തന്നെ വേണോ? ആദ്യമായിട്ടല്ല ഇത്തരം ചോദ്യങ്ങള്‍. ഒരിക്കലും അവസാനിക്കുകയുമില്ല. മനുഷ്യന്റെ ചിന്ത നിയന്ത്രിക്കേണ്ടതാണെന്ന ചിന്തയില്‍ സെന്‍സറിംഗ് പിറക്കുന്നു. ഒരു പരിഷ്‌കൃത സമൂഹത്തില്‍ സെന്‍സറിംഗ് തന്നെ അനാവശ്യമാവും. ഗോത്രീയ ബലാബലങ്ങള്‍ മനസ്സിനെ ഭരിക്കുന്ന സമൂഹങ്ങള്‍ക്ക് സെന്‍സറിംഗ് അനിവാര്യവുമാണ്. എമ്പുരാന്റെ കത്രികവെട്ടിനെ പറ്റി ആലോചിച്ചുപോയതാണ്.
കൃത്യം നൂറ് കൊല്ലം മുമ്പ് ഇന്ത്യയില്‍ മറ്റൊരു വിവാദം കത്തിക്കാളി. അത് പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ചായിരുന്നു. വിവാഹ പ്രായം 14 വയസെങ്കിലും ആക്കി ഉയര്‍ത്തണം എന്ന ആവശ്യം നമ്മുടെ ഏറ്റവും പ്രതിഭാധനരായ നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ അക്കാലത്ത് ഉയര്‍ത്തി. എതിര്‍ വിഭാഗത്തിനായിരുന്നു ശക്തി കൂടുതല്‍. രാജ്യത്തെ വിവിധ നിയമസഭകളിലും പരമോന്നത സമിതിയിലും ചര്‍ച്ചകള്‍ നടന്നു. ഈ വിവാദങ്ങളുടെ ഒഴുക്ക് അറിയാന്‍ ഗാന്ധിജി തന്നെ എതിര്‍ത്ത ഒരു പുസ്തകം വായിച്ചാല്‍ മതി. കാതറിന്‍ മയോ എന്ന അമേരിക്കക്കാരി എഴുതിയ 'മദര്‍ ഇന്ത്യ' എന്ന് കൃതി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കാനായി എഴുതപ്പെട്ടത് എന്ന് അക്കാലം മദര്‍ ഇന്ത്യ അറിയപ്പെട്ടു. അമ്പതോളം പുസ്തകങ്ങള്‍ ഇതിനെതിരേ എഴുതപ്പെട്ടു. പ്രതിഷേധക്കാര്‍ കാതറിന്‍ മയോയുടെ കോലം കത്തിച്ചു. ഗാന്ധിജി പറഞ്ഞു. 'ദുര്‍ഗന്ധം വമിക്കുന്ന ഓടകളുടെ പരിശോധക ഇന്ത്യയില്‍ വന്ന് പരിശോധിച്ച് ഇന്ത്യ എന്നാല്‍ അഴുക്കുചാലുകളാണ് എന്ന് വിധിയെഴുതുന്നതു പോലെയുള്ള പുസ്തകം'. പക്ഷേ ഇപ്പോള്‍ അതൊന്ന് ഓടിച്ചു നോക്കിയാല്‍ പോലും അക്കാലത്തെ അഴുക്കുകള്‍ നമ്മെ അമ്പരപ്പിക്കും.
1925-ല്‍ പഞ്ചാബില്‍ നിന്നുള്ള നിയമസഭാംഗം റായ് ബഹാദൂര്‍ സോഹന്‍ലാല്‍ ബക്ഷി ആവശ്യപ്പെടുന്നു, 'പെണ്‍കുട്ടികളുടെ വിവാഹപ്രായം 12-ല്‍ നിന്ന് 14 ആക്കണം'. എല്ലാ മതനേതൃത്വങ്ങളും ഇതിനെ എതിര്‍ത്തു. എന്നാല്‍ സഭകളില്‍ വിദ്യാഭ്യാസവും യുക്തിയുമുള്ള അംഗങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. പിന്നീട് കൊച്ചി ദിവാനായ ഷണ്മുഖം ചെട്ടി, അന്ന് സേലം കോയമ്പത്തൂര്‍ മണ്ഡലത്തിന്റെ പ്രതിനിധി. അദ്ദേഹം പറഞ്ഞു,
'നിങ്ങള്‍ നരഭോജികളോട് ചോദിച്ചിട്ടാണോ നിയമം ഉണ്ടാക്കുന്നത്്? അവരുടെ ഭക്ഷണം മതം അനുശാസിക്കുന്ന വിധം വിശുദ്ധം എന്നേ അവര്‍ പറയൂ.'
അഖിലേന്ത്യാ ക്രിസ്ത്യന്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായ എസ് കെ ദത്ത പറഞ്ഞു, 'വിവാഹപ്രായം കുറയ്ക്കാനേ മനുഷ്യന്റെ മതം നിര്‍മ്മിക്കുന്ന നിയമം ശ്രമിക്കൂ. നമുക്ക് അതിന് മുകളിലേക്ക് ഉയരാന്‍ കഴിയണം.' അന്ന് പക്ഷേ ബില്ലു പാസായില്ല. വൈസ്രോയിയുടെ പ്രതിനിധി അലക്സാണ്ടര്‍ മഡ്ഡിമാന്‍ 13-14 വയസ്സിനുള്ളില്‍ വിവാഹിതരാവുന്ന കുട്ടികളുടെ കാര്യത്തില്‍ അവരുടെ സമ്മതം വേണമെന്ന ഭേദഗതി അവതരിപ്പിച്ചു.
അന്ന് അജ്മേര്‍ മെര്‍വാഡ റായ് സാഹിബ് ഹരിബിലാസ് ശാരദ പറഞ്ഞു, 'മനുഷ്യവംശത്തിന്റെ സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന വിധം, നിസ്സഹായരായ ഒരു ജനവിഭാഗത്തിന് മീതെ ഒരു അനീതി നിലനില്‍ക്കുന്നു എങ്കില്‍ അതിനെ ചോദ്യം ചെയ്യേണ്ടത് നിയമനിര്‍മ്മാണ സഭകളുടെ അവകാശമാണ്.' മദന്‍ മോഹന്‍ മാളവ്യ പറഞ്ഞു, 'വിദ്യാഭ്യാസം നല്‍കൂ. അതിനുള്ള സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നവര്‍ വിവാഹപ്രായം ചര്‍ച്ച ചെയ്യുന്നത് വിഷയം മാറ്റാനാണ്. കുട്ടികള്‍ പഠിക്കട്ടെ. വിവാഹപ്രായം താനേ ഉയരും. താഴ്ന്ന ജാതിക്കാര്‍ക്കിടയിലാണ് വിവാഹപ്രായം ഏറ്റവും കുറവായി കാണുന്നത്.'
മൊത്തം ചര്‍ച്ച തന്നെ തെറ്റാണെന്ന് എംകെ ആചാര്യ എന്ന അംഗം അറിയിച്ചു. 'നിലനില്‍ക്കുന്ന വ്യവസ്ഥയെ കുറ്റകൃത്യമാക്കാനുള്ള നിയമം നിര്‍മ്മിക്കലാണിത്. നിയമനിര്‍മ്മാണമാണ് ശരികേട്.' പഞ്ചാബില്‍ നിന്നുള്ള ഹീരാസിംഗ് ബ്രാര്‍ എന്ന അംഗത്തിന് ഒട്ടും സംശയമുണ്ടായില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സിംലയിലെ ശീതകാല സമ്മേളനത്തിന് എത്തുന്ന അംഗങ്ങള്‍ക്ക് കൊത്തങ്കല്ലാടാന്‍ മാര്‍ബിള്‍ കഷണങ്ങള്‍ കൊടുക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.
'കളിപ്പാവയുമായി നടക്കേണ്ടുന്ന കുഞ്ഞുങ്ങളെ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരാക്കുന്ന രീതി നാണക്കേടാണ്. പഠിക്കേണ്ട കുട്ടികളെ അരഡസന്‍ കുട്ടികളുടെ അച്ഛനാക്കുന്നതും നാണക്കേടുതന്നെ. വേഗം വിവാഹം വേഗം മരണം. നിര്‍ഭാഗ്യവശാല്‍ അതാണ് നമ്മുടെ വിധി. നിങ്ങള്‍ ചര്‍ച്ച തുടരൂ,' അദ്ദേഹം പറഞ്ഞു.
കാതറിന്‍ മയോ ഇന്ത്യയില്‍ വന്നതും പുസ്തകമെഴുതിയതും വെള്ളക്കാരന്റെ ദുര്‍ബുദ്ധിയാവാം. അല്ലെങ്കില്‍ വിഭജനത്തിന്റെ രാഷ്ട്രീയമാവാം. ഇന്ത്യന്‍ സംസ്‌കാരത്തെ മനസ്സിലാക്കാതെ നടത്തിയ വിമര്‍ശനം എന്ന് അന്ന് നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ആ പുസ്തകം അപ്പാടെ കത്തിച്ചു കളയാന്‍ അവര്‍ ശ്രമിച്ചില്ല. ചരിത്രത്തില്‍ നിന്ന് മായിച്ചുമില്ല. ഇന്ന് ഈ വിവാദമത്രയും ഫലിതമാണ്. പക്ഷേ അന്ന് ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ ആദ്യ പ്രസവത്തോടെ മരിച്ചുപോയിരുന്നു.
പ്രായപൂര്‍ത്തി വോട്ടവകാശം കൊണ്ടുവന്ന് ഇന്ത്യന്‍ നേതാക്കള്‍ ചരിത്രപരമായ ഒട്ടേറെ അനീതികളെ തുടച്ചുനീക്കി. വിവാദങ്ങളുടെ വിധി അതു കൂടിയാണ്. ഒന്നു ചീയാന്‍ പോലും പലതിനും പ്രാണബലമില്ല. എങ്കില്‍ ഇപ്പോഴത്തെ സെന്‍സറിംഗ് വിവാദങ്ങളെ എങ്ങനെയാവും അടുത്ത തലമുറ നോക്കിക്കാണുന്നത്? അന്ന് നമുക്ക് അഭിമാനിക്കാന്‍ എന്തെങ്കിലുംബാക്കികാണുമോ?
Content Highlights: dr m sumithra astir movie censoring empuraan controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·