
ഗൈഡ് ചിത്രത്തിന്റെ പോസ്റ്റർ
'തേരേ മേരേ സപ്നെ അബ് ഏക്ഹി രംഗ് ഹെ' (റഫി), ആജ് ഫിര്‍ ജീനെ കാ തമന്നാ ഹെ, ആജ് ഫിര്‍ മര്‍നെ കാ ഇരാദാ ഹെ' (ലത), ദിന്‍ ഡല്‍ ജായെ (റഫി) തുടങ്ങിയ അനശ്വര ഗാനങ്ങള്‍, നായകന്‍ ദേവാനന്ദും നായിക വഹീദ റഹ്‌മാനും തമ്മിലെ രസതന്ത്രം, പുതുമയുള്ള പ്രമേയം ഇതെല്ലാം ഗൈഡിനെ ഹിന്ദിയിലെ എക്കാലത്തേയും ശ്രദ്ധേയമായ സൃഷ്ടികളില്‍ ഒന്നാക്കി മാറ്റി. ആര്‍.കെ. നാരായണിന്റെ വിഖ്യാത നോവല്‍ ഗൈഡിന്റെ അതേപേരിലുള്ള ചലച്ചിത്രാവിഷ്‌ക്കാരത്തിന് ആറ് പതിറ്റാണ്ടുകള്‍ തികയുമ്പോഴും (1965) മികച്ച ഹിന്ദി പടങ്ങളുടെ മുന്‍നിരയില്‍ തന്നെയാണ് ഇടം ലഭിക്കുന്നത്.
''എന്റെയും നിന്റെയും സ്വപ്നത്തിന് ഇപ്പോള്‍ ഒരേ നിറമാണെന്ന'' ഗാനത്തിലെ ഒരു വരി ''നമ്മുടെ ഹൃദയങ്ങള്‍ ഇങ്ങനെ ഒരുനാള്‍ കണ്ടുമുട്ടുക എന്നത് സന്തം വരുമ്പോള്‍ പൂക്കള്‍ വിടരുന്നതുപോലെയാണ്'' എന്നാണ്. കാല്‍പനികതയുടെ, പ്രണയവര്‍ണ്ണത്തിന്റെ ഭാവുകത്വം പ്രഫുല്ലമാവുകയാണ് ഈ മുഹമ്മദ് റഫി ഗാനത്തില്‍. ഈ ഗാനരംഗം അഭിനയിച്ചതാകട്ടെ ദേവാനന്ദും വഹീദാ റഹ്‌മാനും - അവര്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ്, പരസ്പര പൂരകങ്ങളായിക്കൊണ്ട്. ഹിന്ദി സിനിമയിലെ റൊമാന്റിക് ഹീറോ ദേവ് ആനന്ദ് പല നായികമാരുമൊത്തും അഭിനയിച്ചിട്ടുണ്ടെങ്കിലും വഹീദയുമായുള്ള 'കെമിസ്ട്രി' മറ്റൊരു നടിയുമായും ലഭിച്ചിരുന്നില്ല. അഭിനേതാക്കളിലുപരി രണ്ട് വ്യക്തികളുടെ പരസ്പര വിശ്വാസത്തിന്റെ, ധാരണയുടെ, സ്നേഹത്തിന്റെ ബഹുസ്ഫുരണം കൊണ്ടുകൂടിയാണിത്. ഗൈഡിന്റെ സിനിമാപിറവി ലാഘവത്തോടെയായിരുന്നില്ല. ദേവാനന്ദ് ആര്‍.കെ. നാരായണിന്റെ നോവല്‍ വായിച്ച് ഇഷ്ടപ്പെട്ടതുകൊണ്ടാണ് അത് സിനിമയാക്കുവാന്‍ തുനിഞ്ഞത്. എന്നാല്‍ അതിനായി പല കടമ്പകളും അദ്ദേഹത്തിന് പിന്നിടേണ്ടിവന്നു. ഏറെ പരിശ്രമങ്ങള്‍ക്കുശേഷമാണ് ആര്‍.കെ. നാരായണ്‍ അത് സിനിമയാക്കുവാനുള്ള സമ്മതം നല്‍കിയത്.
നായികയായി ദേവാനന്ദ് കണ്ടത് വഹീദയെത്തന്നെ. എന്നാല്‍ പടം സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ രാജ് ഖോസ്ലയും വഹീദയും തമ്മിലെ സ്വരച്ചേര്‍ച്ചയില്ലായ്മയും പിണക്കവും പ്രതിസന്ധിയായി. രാജ് ഖോസ്ലയുടെ ഒരു പടത്തില്‍ അതിനുമുമ്പ് അഭിനയിക്കവെ ഉടലെടുത്ത അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഇനി അദ്ദേഹത്തിന്റെ പടത്തില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലായിരുന്നു വഹീദ റഹ്‌മാന്‍. അതൊരു വിഘ്നവും കീറാമുട്ടിയുമായപ്പോള്‍ ദേവാനന്ദ് പടം സംവിധാനം ചെയ്യാന്‍ സഹോദരന്‍ ചേതന്‍ ആനന്ദിനെ ക്ഷണിക്കുന്നു. പക്ഷേ, ചേതന്‍ ആനന്ദ് വഹീദക്ക് പകരം മറ്റൊരു നായികയെ ആണ് നിര്‍ദ്ദേശിച്ചത്. അത് ദേവാനന്ദന് സ്വീകാര്യമായില്ല. കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞപ്പോള്‍ ഗൈഡ് കോള്‍ഡ് സ്റ്റോറേജിലേക്ക് തള്ളപ്പെടുമോ എന്ന് തല്‍പരകക്ഷികള്‍ സംശയിക്കവേയാണ് ഗോള്‍ഡി എന്ന് വിളിപ്പരുള്ള വിജയ് ആനന്ദ രംഗപ്രവേശം ചെയ്യുന്നത്.
രസകരമായ കാര്യം രാജ് ഖോസ്ലയെ വഹീദക്ക് പിടിക്കാത്തതും ചേതന്‍ ആനന്ദിന് വഹീദയെ ബോധിക്കാത്തതുമാണ്. അതിനെക്കുറിച്ച് അന്ന് വഹീദ തന്നെ പ്രതികരിച്ചിരുന്നു. ''ഒരു സംവിധായകനെ എനിക്ക് പിടിക്കാതിരുന്നപ്പോള്‍ മറ്റെയാള്‍ എന്നെ വേണ്ടെന്ന നിലപാടിലായിരുന്നു. ഇനി എന്ത് എന്ന നിലയിലെത്തിയപ്പോള്‍ ഗോള്‍ഡി സംവിധായകന്റെ റോള്‍ ഏറ്റെടുക്കുന്നു. അങ്ങനെ ഗൈഡ് യാഥാര്‍ത്ഥ്യമായി.''ഹിന്ദിയിലെ മുഖ്യധാരാ സിനിമയ്ക്ക് അനുയോജ്യമായ രീതിയില്‍ ചില മാറ്റങ്ങള്‍ നടത്തിയാണ് ഗൈഡ് സിനിയിലേക്ക് മൊഴിമാറ്റം നടത്തിയത്. ആര്‍ക്കിയോളജിസ്റ്റിന്റെ ഭാര്യയും അസംതൃപ്തമായ ദാമ്പത്യത്തിന്റെ ഇരയുമായ റോസിയുടെ റോളില്‍ വഹീദയും ഗൈഡും പിന്നീട് കാമുകനുമായ രാജുവായി ദേവും തമ്മിലെ രസതന്ത്രം തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്. ഗാനരംഗങ്ങളുടെ ചിത്രീകരണമാകട്ടെ ഏറ്റവും മികവുറ്റ രീതിയില്‍ സഫലീകരിക്കുന്നതില്‍ ഗോള്‍ഡി വിജയിക്കുകയും ചെയ്തു. സുന്ദരിയായ റോസി ഒരു മികച്ച നര്‍ത്തകി കൂടിയായിരുന്നു. ഹൃദയങ്ങള്‍ കൊണ്ട് അടുത്ത് ആത്മബന്ധം സ്ഥാപിച്ച റോസിയും രാജുവും വിധിവൈപര്യത്താല്‍ വേര്‍പിരിയുകയാണ്. അതിനുള്ള സാഹചര്യം നോവലിലെന്നപോലെ സിനിമയിലും യാഥാര്‍ത്ഥ്യബോധത്തോടെയാണ് പകര്‍ത്തിയത്. അന്ത്യത്തില്‍ സന്യാസിയെപ്പോലെ ഏകനായി കഴിയുന്ന രാജുവിനെ തേടി റോസി എത്തുന്നുണ്ടെങ്കിലും അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.
സവിശേഷതകള്‍ നിറഞ്ഞതാണ് ഗൈഡിന്റെ ഉല്‍പത്തിപോലെ തന്നെ സിനിമയെന്ന ദൃശ്യകലാരൂപമെന്ന നിലയ്ക്കുള്ള സഞ്ചാരപഥവും. വഹീദയും ദേവും ഏഴ് പടങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഗൈഡിന്റെ പ്രചാരവും സ്വീകാര്യതയും മറ്റൊന്നിനും ലഭിച്ചില്ല. സി.ഐ.ഡി.യില്‍ (1956) ആണ് ആദ്യമായി ഇരുവരും ഒരുമിച്ച് ക്യാമറക്കു മുന്നിലെത്തിയത്. നിര്‍മ്മാണത്തിനുശേഷം 42 വര്‍ഷം കഴിഞ്ഞ് വിസ്മൃതിയിലേക്ക് വഴുതിപ്പോകുന്ന അവസരത്തിലാണ് ഗൈഡ് വിശ്വോത്തര ചലച്ചിത്രമേളയായ ഫ്രാന്‍സിലെ കാനില്‍ പ്രദര്‍ശിപ്പിച്ചത്. ജ്യേഷ്ഠന്‍ ചേതന്‍ ആനന്ദിന്റെ പടം 'നീചാ നഗര്‍' കാന്‍മേളയില്‍ സമ്മാനിതമായിട്ടുണ്ടെങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അനുജന്‍ വിജയ് ആനന്ദ സംവിധാനം ചെയ്ത് ദേവാനന്ദ് അഭിനയിച്ച ഗൈഡ് കാനിലെത്തിയത്. അങ്ങനെ ബ്രദേഴ്സ് ആനന്ദ് കാനില്‍ ഗോള്‍ഡന്‍ കയ്യൊപ്പ് പതിക്കുകയും ചെയ്തു. അതും ഹിന്ദി സിനിമാചരിത്രത്തിന്റെ ഭാഗംതന്നെ.
Content Highlights: Celebrate 60 years of Guide, a timeless Hindi classical starring Dev Anand & Waheeda Rehman
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·