ബിജു പങ്കജ് \ മാതൃഭൂമി ന്യൂസ്
23 April 2025, 05:12 PM IST

ബി. രാകേഷ്, ഷൈൻ ടോം ചാക്കോ | സ്ക്രീൻഗ്രാബ്, മാതൃഭൂമി
കൊച്ചി: ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫെഫ്കയെ തള്ളി നിർമാതാക്കളുടെ സംഘടന. ഷൈനിന് ഒരവസരം കൂടി നൽകുമെന്ന ഫെഫ്കയുടെ തീരുമാനമാണ് നിർമാതാക്കൾ തള്ളിക്കളഞ്ഞത്. ഷൈൻ ടോം ചാക്കോയെ ഇനി അഭിനയിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിർമാതാക്കളുടെ സംഘടനയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.രാകേഷ്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷൈൻ ടോം ചാക്കോ വരുന്നുണ്ടെന്നും അദ്ദേഹത്തെ കാണുന്നുണ്ടെന്നും ബി. ഉണ്ണിക്കൃഷ്ണൻ തന്നെ വിളിച്ച് പറഞ്ഞിരുന്നു. ഫെഫ്ക്കയുടെ ഓഫിസിൽ വരുന്നതിന് തങ്ങൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈൻ ടോം ചാക്കോയെ മാറ്റിനിർത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ്. കാരണം സിനിമയിൽ ആളെ കാസ്റ്റ് ചെയ്യുന്നതും ശമ്പളം കൊടുക്കുന്നതും നിർമാതാവാണ്. സംവിധായകനുമായോ തിരക്കഥാകൃത്തുമായോ ആലോചിച്ചായിരിക്കും ഒരാളെ കാസ്റ്റ് ചെയ്യുന്നത്. എങ്കിലും പ്രതിഫലം കൊടുക്കുന്ന ആളെന്ന നിലയിൽ അയാൾ വേണോ, അതല്ലാതെ മറ്റൊരാൾ വേണോ എന്ന് തീരുമാനിക്കേണ്ട അവകാശം നിർമാതാവിനുതന്നെയാണ്.
ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ട പ്രധാന ആവശ്യകത നിർമാതാക്കൾക്കാണ്. കാരണം പൈസ മുടക്കുന്നത് ഞങ്ങളായതുകൊണ്ട്. ലൊക്കേഷനിൽ ഒരാൾ വരാതിരുന്നാൽ അതിന്റെ ചിലവ് കൂടുന്നത് നിർമാതാക്കൾക്കാണ്. നിർമാതാക്കളെടുക്കുന്ന തീരുമാനത്തിനൊപ്പം അവർ നിൽക്കുകയാണ് വേണ്ടത്. ശക്തമായ നടപടി നിർമാതാക്കളുടെ ഭാഗത്തുനിന്നുണ്ടാവും. കാരണം നിർമാതാക്കൾ ഒരു തീരുമാനമെടുത്തിട്ട് ആഭ്യന്തര കമ്മിറ്റി തീരുമാനം വന്നിട്ട് അത് നടപ്പാക്കാൻ പോയാൽ അത് ശരിയല്ല.
ജുഡീഷ്യൽ അധികാരമുള്ള ഒന്നാണ് ആഭ്യന്തര കമ്മിറ്റി. അവരെ മാനിക്കുന്നു. അതിന്റെ തീരുമാനം എന്തുവേണമെങ്കിലും ആവട്ടെ.അത് നടപ്പാക്കിയശേഷം നിർമാതാക്കൾ തീരുമാനമെടുക്കും. അത് ആ വ്യക്തിക്കുനേണ്ടി മാത്രമല്ല. ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാവും. അക്കാര്യത്തിൽ സംശയമൊന്നുമില്ലെന്നും ബി. രാകേഷ് വ്യക്തമാക്കി.
Content Highlights: Producers Association to determine Shine Tom Chacko`s aboriginal successful films pursuing caller controversies





English (US) ·