'പനി പിടിച്ച് കിടക്കുമ്പോള്‍ ലാലേട്ടന്‍ എന്റെ മുടിയില്‍ തഴുകി, അച്ഛനേയും അമ്മയേയുമാണ് ഓര്‍മ വന്നത്'

4 months ago 4

ഹൃദയംമുതല്‍ ഹൃദയപൂര്‍വ്വംവരെയുള്ളത് മലയാളസിനിമയെ സംബന്ധിച്ച് ഒരു ചെറിയ കാലഘട്ടം ആണെങ്കിലും സംഗീത് പ്രതാപിന്റെ ജീവിതത്തില്‍ അതൊരു സുവര്‍ണ കാലമാണ്. ഓരോ കഥാപാത്രവും ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ് ഈ താരത്തിന്. ആകസ്മികമായി ജീവിതത്തില്‍ വന്നു മുട്ടി വിളിച്ചതാണ് അഭിനയം. ആ അവസരത്തെ അന്ന് മുറുകെപ്പിടിച്ചതും അതില്‍ നിന്ന് തുടങ്ങി അഭിനയത്തോട് അയാള്‍ കാണിച്ച സത്യസന്ധതയും തന്നെയാണ് ഇന്ന് മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ കൂടെ തോളോടുതോള്‍ ചേര്‍ന്ന് അഭിനയിക്കുന്നതിലേക്ക് സംഗീതിനെ എത്തിച്ചത്.

പ്രേമലു തൊട്ട് തുടങ്ങിയ കരിയര്‍ ഗ്രാഫിന്റെ ഉയര്‍ച്ച, വ്യതിചലനങ്ങള്‍ ഇല്ലാതെ ഇന്ന് ജെറിയില്‍ എത്തിനില്‍ക്കുമ്പോള്‍ മുന്നോട്ടുപോകാനും പഠിക്കാനും ഇനിയും ഏറെയുണ്ട് എന്നാണ് ഈ അഭിനേതാവിന്റെ പക്ഷം. തിരിഞ്ഞുനോക്കുമ്പോള്‍ കടന്നുവന്ന വഴികളും കൈപിടിച്ചുയര്‍ത്തിയ മനുഷ്യരും എല്ലാം ഇന്നും ആ മനസ്സില്‍ വ്യക്തം, കൃത്യം. ശ്രീനിവാസനെയും ജഗതി ശ്രീകുമാറിനെയും പോലുള്ള പ്രതിഭകളോട് സംവിധായകനും പ്രേക്ഷകരും തന്നെ ചേര്‍ത്തുവെക്കുമ്പോള്‍ അവരോടുള്ള നന്ദിയും കടപ്പാടും നിറഞ്ഞുതുളുമ്പുകയാണ് മനസ്സില്‍. പ്രതിഭാധനരായ അഭിനേതാക്കള്‍ ഒഴിച്ചിട്ടുപോയ ഒരു ശൂന്യതയുണ്ട് സിനിമാലോകത്ത്.

ചെറുതായെങ്കിലും അത് മാറ്റിയെടുക്കാന്‍ തന്റെ അഭിനയം കൊണ്ട് സാധിക്കുമ്പോള്‍, ആ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ രണ്ടും കൈയും നീട്ടി സ്വീകരിക്കുന്നത് കാണുമ്പോള്‍ സംഗീതിന്റെ കണ്ണും ഹൃദയവും നിറയുകയാണ്. അമല്‍ ഡേവിസായും ഹരിഹരസുതനായും ഒടുവില്‍ സന്ദീപിന്റെ സ്വന്തം ജെറിയിലേക്കും എത്തിനില്‍ക്കുമ്പോള്‍ കടന്നുവന്ന വഴികളെക്കുറിച്ച് പറയാന്‍ ഏറെയുണ്ട് സംഗീതിന്.

മോഹന്‍ലാല്‍ എന്ന മഹാപ്രതിഭ

ഷൂട്ടിങ്ങിനിടെ പനിപിടിച്ച് വിറച്ചുകിടക്കുമ്പോള്‍ ലാലേട്ടന്റെ മുറിയില്‍ കൊണ്ടുപോയാണ് ഡോക്ടറും നഴ്സും ഇഞ്ചക്ഷനും മരുന്നും തരുന്നത്. അവിടെവന്ന് എന്റെ തലയില്‍ തഴുകിക്കൊണ്ട് ഡോക്ടറോട് ലാലേട്ടന്‍ ഇവന്റെ അസുഖം എങ്ങനെയുണ്ടെന്ന് അന്വേഷിക്കുന്ന രംഗം മനസ്സില്‍ മായാതെകിടക്കുന്നു. കുറച്ചുനേരം ലാലേട്ടന്‍ എന്റെ മുടിയില്‍ തഴുകിയപ്പോള്‍ കണ്ണുനിറഞ്ഞ കുട്ടിക്കാലത്തെ പനിദിവസങ്ങളെയും അച്ഛന്റെയും അമ്മയുടെയും പരിചരണവും ഓര്‍ത്തുപോയി.

അച്ഛനും അമ്മയും കഴിഞ്ഞാല്‍ ആ സ്ഥാനത്ത് ഇന്ന് ലാലേട്ടനാണെന്നോര്‍ക്കുമ്പോള്‍ ചെറുതായൊന്നുമല്ല ഹൃദയം കുളിരുന്നത്. ഒരു അഭിനേതാവ് എന്നനിലയിലും അതിലുപരി ഒരു വ്യക്തി എന്നനിലയിലും ഒരുപാട് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്, ലാലേട്ടനില്‍നിന്ന്. നല്ലൊരു മനുഷ്യനാവുക എന്നതാണ് ആദ്യത്തെ കാര്യം. ഓഫ് സ്‌ക്രീനില്‍ ലാലേട്ടന്‍ ആളുകളോട് പെരുമാറുന്ന രീതി ശരിക്കും സ്പര്‍ശിച്ചിട്ടുണ്ട്. എത്ര മനോഹരമായാണ് അദ്ദേഹം അത് ചെയ്യുന്നതെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണ് എല്ലാമെന്നും തിയേറ്റര്‍ വിസിറ്റിന്റെ സമയത്തുമാത്രമല്ല അവരെ ചേര്‍ത്തുനിര്‍ത്തേണ്ടത് എന്നതുപോലുള്ള നല്ലനല്ല മൂല്യങ്ങള്‍ അദ്ദേഹത്തില്‍നിന്നു മാതൃകയാക്കുന്നു. അതും നമ്മുടെ ജോലിയുടെ ഭാഗമാണ്. എത്ര മനോഹരമായി ആത്മാര്‍ഥതയോടെ അതൊക്കെ ചെയ്യാന്‍സാധിക്കുമോ അത്രയുംനല്ലത് എന്നാണ് മോഹന്‍ലാല്‍ എന്ന പ്രതിഭയില്‍നിന്നു പഠിച്ച പാഠം.

ലാലേട്ടനെ കാണണം എന്നുള്ളത് ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഒരു ചെറിയ സീനായിട്ടുപോലും തുടരും സിനിമയിലേക്ക് പോയത്. ആസിഫ് അലിപോലും ഒരിക്കല്‍ 'എടാ എനിക്ക് നിന്നോട് അസൂയ തോന്നുന്നു' എന്ന് പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെകൂടെ ഒരു സീനെങ്കിലും പങ്കിടുക എന്ന് പറയുന്നത് ഒരുപാട് നടന്മാരുടെ ആഗ്രഹമാണ്. അപ്പോഴാണ് ലാലേട്ടന്റെകൂടെ ഒപ്പത്തിനൊപ്പംനിന്ന് ചിലപ്പോള്‍ ശകാരിക്കുകയും ഉപദേശിക്കുകയുംപോലും ചെയ്യുന്ന ഒരു മുഴുനീള ക്യാരക്ടര്‍ അഭിനയിക്കുന്നതിനുള്ള അവസരം തനിക്ക് ലഭിക്കുന്നത്.

സത്യന്‍ അന്തിക്കാട് മാജിക്

മലയാള സിനിമയില്‍ ഒരു ട്രേഡ്മാര്‍ക്കാണ് സത്യന്‍ അന്തിക്കാട്. അങ്ങനെ ഒരു സംവിധായകന്റെ സിനിമയില്‍ ഭാഗമാവുക എന്നതുതന്നെയാണ് വലിയകാര്യം. പ്രേമലു കണ്ടാണ് ആദ്യമായി സത്യന്‍ അന്തിക്കാട് വിളിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഫ്ളക്സിബിലിറ്റിയുള്ള നടനാണ് താന്‍ എന്ന അദ്ദേഹത്തെപ്പോലൊരാളുടെ പ്രശംസ ആഗ്രഹിച്ചതിലും എത്രയോ വലുതായിരുന്നു. അതിനുശേഷമാണ് ജെറിയായി അഭിനയിക്കാന്‍ വിളിക്കുന്നത്. സത്യന്‍സാറ് തന്നെ കഥ പറയും. അന്തിക്കാട് വന്ന് കഥ കേള്‍ക്കാന്‍പറ്റുമോ എന്ന ഒരൊറ്റ ചോദ്യം മതിയായിരുന്നു ചാടിപ്പുറപ്പെടാന്‍. അതുവരെ ഇന്റര്‍വ്യൂകളില്‍മാത്രമേ സത്യന്‍ അന്തിക്കാടിന്റെ കഥപറച്ചിലുകള്‍ കേട്ടിട്ടുള്ളൂ.

അന്നൊക്കെ അദ്ഭുതത്തോടെയും ആവേശത്തോടെയും അത് കേട്ടിരുന്നിട്ടുമുണ്ട്. അദ്ദേഹത്തിന്റെ നറേഷന്‍ കേട്ടിരിക്കുമ്പോള്‍ സമയംപോകുന്നത് അറിയില്ല. സിനിമാജീവിതത്തിലെ തന്റെ പഴയകാല അനുഭവങ്ങളും ഓര്‍മ്മകളും തമാശകളുമൊക്കെച്ചേര്‍ന്ന ഒരു തിരക്കഥകേള്‍ക്കല്‍ ജീവിതത്തില്‍ ഇന്നുവരെ കേട്ടതില്‍വെച്ച് ഏറ്റവും നല്ല നറേഷനാണ്. ചില വണ്‍ലൈനുകള്‍ അന്നു കേട്ടപ്പോള്‍ത്തന്നെ ഇത് തിയേറ്ററില്‍ വര്‍ക്കാവും എന്നു തോന്നിയിരുന്നു. അതുപോലെത്തന്നെ സംഭവിച്ചു.

പിന്നീട് സെറ്റില്‍വെച്ച് പനിവന്നപ്പോള്‍ ഓടിവന്ന് ജെറീ നമുക്ക് പാക്കപ്പ് ചെയ്യാം എന്ന് പറഞ്ഞതും, എനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞിട്ടുകൂടി ഇവിടെ ആര്‍ക്കും അത്ര അത്യാവശ്യം ഒന്നുമില്ലെന്ന് പറഞ്ഞ് നേരത്തേത്തന്നെ ഷൂട്ട് പാക്കപ്പ് ചെയ്തതുമൊക്കെ അദ്ഭുതംപോലെയാണ് ഇന്നും ഓര്‍ക്കുന്നത്. കാരണം മറ്റുപല സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും അവിടെയൊക്കെ ഷൂട്ടിങ്ങിനിടയില്‍ വയ്യാതായാല്‍ ആരോഗ്യത്തെക്കാള്‍ ഉപരി പലരുടെയും ആദ്യത്തെ ആശങ്ക ഷൂട്ട് സമയത്ത് തീര്‍ക്കാന്‍പറ്റില്ലേ എന്നതായിരിക്കും. അവിടെയും സത്യന്‍ അന്തിക്കാട് വേറിട്ടുനില്‍ക്കുന്നു.

സെറ്റില്‍ തന്നെ പലപ്പോഴും കഥാപാത്രത്തിന്റെ പേരാണ് അദ്ദേഹം വിളിച്ചിരുന്നത്. ഓരോ ഷോട്ടിലും എന്താണ് വേണ്ടതെന്ന കൃത്യമായ ധാരണയുള്ള സംവിധായകനാണ് അദ്ദേഹം. ഓരോ ഡയലോഗും ഓരോ എക്സ്പ്രഷനുംപോലും എങ്ങനെ എത്ര മീറ്ററില്‍ ചെയ്യണമെന്ന് കൃത്യമായി പറഞ്ഞുതരും. ഓരോ ചെറിയ പ്രകടനത്തെയും അഭിനന്ദിക്കാനും അദ്ദേഹം മടിക്കാറില്ല.

ഷൂട്ടിങ് പ്രോസസ് ഏറ്റവുമധികം ആസ്വദിക്കുന്ന സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. പലപ്പോഴും ഹൃദയപൂര്‍വ്വം സിനിമ കഴിഞ്ഞതിനുശേഷമുള്ള ഇന്റര്‍വ്യൂകളില്‍ ജഗതി-ലാല്‍, ശ്രീനിവാസന്‍-ലാല്‍ തുടങ്ങിയ ഹിറ്റ് കൂട്ടുകെട്ടുകളോട് മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോയെ അദ്ദേഹം ചേര്‍ത്തുപറയുമ്പോള്‍ ജീവിതത്തില്‍ വല്ലാത്തൊരു അനുഭവമാണത്.

അഭിനയത്തിലേക്ക് നോക്കുമ്പോള്‍

ഒരു ആക്സിഡന്റല്‍ ആക്ടര്‍ എന്നാണ് ഞാന്‍ സ്വയം വിശേഷിപ്പിക്കുന്നത്. അതിനു കാരണവുമുണ്ട്. സ്വന്തമായിച്ചെയ്ത ഷോര്‍ട്ട് ഫിലിമിലെ പെര്‍ഫോമന്‍സ് കണ്ട് ഇനി ഒരിക്കലും അഭിനയത്തിലേക്ക് കടന്നുവരില്ലെന്ന് ആദ്യകാലത്ത് ഉറപ്പിച്ച ആളായിരുന്നു. എഡിറ്റിങ്ങാണ് അന്നും ഇന്നും കൈവഴക്കമുള്ള ജോലിയായി തോന്നിയിട്ടുള്ളത്, കാരണം അതാണ് അക്കാദമിക്കലായി പഠിച്ചത്. വിനീത് ശ്രീനിവാസന്‍ എന്ന ബ്രാന്‍ഡിനോടുള്ള ഇഷ്ടംകൊണ്ടുമാത്രമാണ് ഹൃദയം എന്ന സിനിമചെയ്തത്. ഹൃദയമാണ് എല്ലാറ്റിന്റെയും തുടക്കം. അന്ന് അഭിനയമല്ലായിരുന്നു പാഷന്‍. എന്നാല്‍, പിന്നീട് അത് ഒരു പാഷനായും കരിയറായും വളരെ പ്രധാനമായിമാറി.

ജീവിതം അന്നും ഇന്നും ഒരുപാട് മാറി. അന്ന് ഹൃദയത്തിന് ഓഡിഷന്‍ ഉണ്ടായിരുന്നില്ല. അഭിനയിക്കുന്ന സമയത്ത് ഏറ്റവും സത്യസന്ധമായി മനസ്സാന്നിധ്യത്തോടെ നില്‍ക്കുക എന്നതാണ് രീതി. ഓരോ സീനിലും എന്താണ് ചെയ്യേണ്ടതെന്ന് സംവിധായകരില്‍നിന്ന് ക്ലാരിറ്റി കിട്ടും. ഡയലോഗ് ഇല്ലാത്തപ്പോള്‍ ലൈവായി സീനില്‍ നില്‍ക്കുന്നതും സത്യസന്ധമായി സീനുകളില്‍ പ്രതികരിക്കുന്നതുമാണ് എന്റെ രീതി. അത് വൃത്തിയായി ചെയ്യുമ്പോഴാണ് ഡയലോഗ് പറയുന്നവരില്‍നിന്നുമാറി ഡയലോഗ് ഇല്ലെങ്കില്‍പ്പോലും പ്രേക്ഷകരുടെ ശ്രദ്ധ ഔട്ട് ഓഫ് ഫോക്കസിലുള്ള നമ്മിലേക്കെത്തുന്നത്. അത് പരമാവധി അഭിനയത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

ഹൃദയപൂര്‍വ്വത്തില്‍ അച്ഛന് മാപ്പുകൊടുക്കാന്‍പോകുന്ന ഒരു സീനില്‍ മുറിയിലേക്കു കടക്കാന്‍ ശ്രമിക്കുന്ന ജെറിയെ ബാബുരാജിന്റെ കഥാപാത്രം തടയുന്ന രംഗമുണ്ട്. ആ സീനില്‍ െഛ, ജെറിയും ഉണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചുപോയെന്ന് ഒരു പ്രേക്ഷകന്‍ വന്നു പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഇല്ലാത്ത സീനുകളിലും നമ്മുടെ കഥാപാത്രം വേണമായിരുന്നു എന്ന് ആളുകളെക്കൊണ്ട് ചിന്തിപ്പിക്കുന്നതാണ് നമ്മുടെ വിജയം. അതുപോലെ അഞ്ചുവയസ്സുള്ള കുട്ടിയും 65 വയസ്സുള്ള അമ്മയും ഒരുപോലെ കഥാപാത്രത്തെ സ്വീകരിക്കുമ്പോള്‍, അവര്‍വന്ന് അഭിനന്ദിക്കുമ്പോള്‍ സന്തോഷമാണ്. പ്രേമലുവിനുശേഷം കരിയറില്‍ ചെയ്യുന്ന ഓരോ സിനിമകളിലെയും കഥാപാത്രങ്ങളുടെ പേരുകള്‍ പ്രധാനമായിത്തോന്നിയിട്ടുണ്ട്. അത് ഒരു വലിയ ഘടകമായിരുന്നു.

കാരണം പിന്നീട് ആ കഥാപാത്രങ്ങളുടെ പേരുകളിലാണ് പ്രേക്ഷകര്‍ നമ്മളെ അഭിസംബോധനചെയ്യുന്നത്. പ്രേമലുവിലെ അമല്‍ ഡേവിസും ബ്രോമാന്‍സിലെ ഹരിഹരസുതനും ഇന്നിപ്പോള്‍ ഹൃദയപൂര്‍വ്വത്തിലെ ജെറി ആയാലും ആളുകള്‍ കഥാപാത്രത്തിന്റെ പേരില്‍ വിളിക്കുന്നത് വലിയ നേട്ടമാണ്.

പ്രശ്‌നങ്ങളും തിരിച്ചടികളും

എഡിറ്റിങ് ചെയ്തുതുടങ്ങുന്ന ആദ്യകാലത്ത് ഓരോന്നും വിജയിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍, പരാജയങ്ങള്‍ ഒരുപാട് വന്നു. ആദ്യമൊക്കെ സ്വന്തമായി ചെയ്യുന്ന മിക്കപടങ്ങളും ബോക്സോഫീസില്‍ പരാജയമായിരുന്നു. പ്രേമലുവിനുശേഷമാണ് അതിലൊരു മാറ്റംവന്നതും ജീവിതം മാറിയതും. എപ്പോഴും നമ്മുടെ വിശ്വാസങ്ങള്‍ ശരിയായിരിക്കണമെന്നില്ല. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ നല്ലതായിത്തോന്നും. പക്ഷേ, അത് ബോക്സോഫീസില്‍ പരാജയമാവും. പരമാവധി സ്വയം വിശ്വാസമര്‍പ്പിക്കുക. വിജയങ്ങളും അതിനുപുറകേ വരും. അങ്ങനെ ഞാന്‍ എന്നില്‍ത്തന്നെ വിശ്വാസമര്‍പ്പിച്ചാണ് എല്ലാ സിനിമകളും ഇപ്പോള്‍ ചെയ്യുന്നത്.

എഡിറ്റിങ് ചെയ്യുന്ന സമയത്ത് ഒരിക്കല്‍ ഒരു പടം ചെയ്യുമ്പോള്‍ ഹാര്‍ഡ് ഡിസ്‌ക് വരെ സ്വന്തമായി പൈസ ഇട്ട് വാങ്ങേണ്ടിവന്നിട്ടുണ്ട്. ബ്രോമാന്‍സിന്റെ ഷൂട്ടിങ് സമയത്ത് വാഹനാപകടംപോലും സംഭവിച്ചു. ബ്രോമാന്‍സ് സിനിമയുടെ വിജയസമയത്താണ് ഹൃദയപൂര്‍വ്വത്തിന്റെ ഷൂട്ട് നടക്കുന്നത്. അന്ന് തിയേറ്റര്‍ വിസിറ്റൊക്കെ ആഘോഷിച്ച് ശബ്ദംവരെ പോയിട്ടുണ്ട്. പിറ്റേദിവസംവന്ന് അഭിനയിക്കേണ്ടത് ഡയലോഗുള്ള സീനും. അതൊക്കെ മാനേജ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടി.

നമ്മുടെ ശരിയായ തീരുമാനവും സെലക്ഷനും മാത്രമാണ് എല്ലാവരും അറിയുന്നത്. നന്നായിരിക്കും എന്ന് പ്രതീക്ഷിച്ചാണ് എല്ലാ സിനിമകളും ചെയ്യുന്നതും. ഒന്നും തരാതെ ഒരു സിനിമയും കടന്നുപോകുന്നില്ല. പ്രശ്‌നങ്ങളെയൊക്കെ തരണംചെയ്ത് തിരിഞ്ഞുനോക്കുമ്പോള്‍ ഓരോന്നും ഓരോ പാഠങ്ങളാണ് ഓരോ ചവിട്ടുപടികളാണ്. പരാജയങ്ങള്‍ അടുത്തതിലേക്കുള്ള എനര്‍ജി ഡ്രിങ്കായിമാത്രമേ കാണുന്നുള്ളൂ.

കഥാപാത്രങ്ങളില്‍നിന്ന് കഥാപാത്രങ്ങളിലേക്ക് സഞ്ചരിക്കുന്തോറും സംഗീത് പ്രതാപ് എന്ന നടന്റെ റേഞ്ചുകണ്ട് മലയാളി അമ്പരക്കുകയാണ്. ഹൃദയപൂര്‍വ്വം എന്ന സിനിമയിലെ ജെറി എന്ന കഥാപാത്രം അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം

Content Highlights: sangeeth prathap interrogation hridayapoorvam movie

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article