
ഹുമൈറ അസ്ഗർ | Photo: instagram/ humairaaliofficial
ചൊവ്വാഴ്ച കറാച്ചിയിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാക് നടി ഹുമൈറ അസ്ഗറിന്റെ മൃതദേഹത്തിന് ഒമ്പത് മാസത്തിന്റെ പഴക്കം. 2024 ഒക്ടോബറിലാണ് ഹുമൈറ മരിച്ചതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കറാച്ചി പോലീസ് സര്‍ജന്‍ ഡോ.സുമയ്യ സയ്യിദ് സ്ഥിരീകരിച്ചു.
കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍) അനുസരിച്ച് അവസാന കോള്‍ ചെയ്തത് 2024 ഒക്ടോബറിലാണെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സയ്യിദ് അസദ് റാസ പ്രതികരിച്ചു. സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് അയല്‍വാസികള്‍ ഹുമൈറയെ അവസാനമായി കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് 2024 ഒക്ടോബറില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നുവെന്നും അപാര്‍ട്ട്മെന്റില്‍ മറ്റൊരു വൈദ്യുതി സ്രോതസ്സും ഇല്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഹുമൈറയുടെ മൃതദേഹത്തിന് ഏകദേശം ഒന്‍പത് മാസത്തെ പഴക്കമുണ്ട്. അവസാന ബില്‍ അടച്ചതിനും 2024 ഒക്ടോബറില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനും ഇടയിലുള്ള കാലയളവിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന. വീട്ടില്‍ മെഴുകുതിരികള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീട്ടിലെ ഭക്ഷണം മാസങ്ങളായി പഴകിയതാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'കുപ്പികള്‍ക്ക് തുരുമ്പെടുത്തിരുന്നു. ആറ് മാസത്തോളം പഴക്കമുള്ള ഭക്ഷണമാണുണ്ടായിരുന്നത്.'-ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
അവരുടെ നിലയിലുള്ള ഒരേയൊരു അപാര്‍ട്ട്മെന്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നതിനാല്‍ ദുര്‍ഗന്ധം അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ ചില താമസക്കാര്‍ മടങ്ങിയെത്തിയപ്പോഴേക്കും ദുര്‍ഗന്ധം കുറഞ്ഞിരുന്നു. അവരുടെ ഒരു ബാല്‍ക്കണി വാതില്‍ തുറന്നുകിടക്കുകയായിരുന്നു. വീടിനുള്ളിലെ പൈപ്പുകള്‍ തുരുമ്പെടുത്ത അവസ്ഥയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാടക നല്‍കാത്തതിനെ തുടര്‍ന്ന് ഭൂവുടമ പരാതി നല്‍കിയ ശേഷമാണ് ഹുമൈറയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് അപാര്‍ട്ട്മെന്റില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
നേരത്തെ, ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചതായി പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ സഹോദരന്‍ നവീദ് അസ്ഗര്‍ മൃതദേഹം ഏറ്റെടുക്കാന്‍ കറാച്ചിയിലെത്തി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ അവസ്ഥയിലായതിനാല്‍ ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്ചു.
ഏകദേശം ഏഴ് വര്‍ഷം മുന്‍പ് ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് താമസം മാറിയ ഹുമൈറ കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. വല്ലപ്പോഴുമാണ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. 'ഏകദേശം ഒന്നര വര്‍ഷത്തോളമായി അവള്‍ വീട്ടില്‍ വന്നിരുന്നില്ല. അതുകൊണ്ടാണ് എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍ കറാച്ചിയില്‍ സംസ്‌കരിക്കാമെന്ന് എന്റെ പിതാവ് പറഞ്ഞത്.'-നവീദ് വ്യക്തമാക്കുന്നു.
2015-ലാണ് ഹുമൈറ അഭിനേത്രി എന്ന നിലയില്‍ കരിയര്‍ തുടങ്ങിയത്. ജസ്റ്റ് മാരിഡ്, എഹ്‌സാന്‍ ഫറാമോഷ്, ഗുരു, ചല്‍ ദില്‍ മേരെ തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളില്‍ സഹവേഷങ്ങളില്‍ അഭിനയിച്ചു. ജലേബി (2015), ലവ് വാക്‌സിന്‍ (2021) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2022-ല്‍ എആര്‍വൈ ഡിജിറ്റലില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ തമാഷാ ഘറില്‍ പങ്കെടുത്തതോടെ അവര്‍ കൂടുതല്‍ ശ്രദ്ധേയയായി.
Content Highlights: Pakistani Actor Humaira Asghar, Found Dead In Her Karachi Flat Died Nine Months Ago
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·