
സോമൻ, ത്യാഗരാജൻ (Photo: മാതൃഭൂമി)
ഇരുപത്തിയെട്ടുവര്‍ഷം മുന്‍പുള്ള നവംബറിലെ മഴ നനഞ്ഞ ഒരു രാത്രി ത്യാഗരാജന്‍ ഇന്നും മറന്നിട്ടില്ല. പുലര്‍ച്ചെ ഷൂട്ടിംഗിന് പോകാനായി നേരത്തേ ഭക്ഷണംകഴിച്ച് കിടക്കാനുള്ള ഒരുക്കത്തിനിടയിലാണ് ഫോണ്‍ റിങ്ങ്‌ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍വിളികള്‍ പാതിരാത്രിയിലും
ആ വീട്ടില്‍ പതിവാണ്. സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളിലാരെങ്കിലുമാകുമെന്ന് കരുതിയാണ് ത്യാഗരാജന്‍ ഫോണെടുത്തത്. 'മാസ്റ്റര്‍... ഇത് ഞാനാണ്, സോമന്‍.'
'ഏത് സോമന്‍?' എന്ന് ചോദിക്കാതെതന്നെ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു. പതിവായി കേട്ടുകൊണ്ടിരുന്ന ശബ്ദം ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഫോണിലൂടെ ഒഴുകിയെത്തിയപ്പോള്‍ അത്ഭുതമല്ല ത്യാഗരാജന് തോന്നിയത്. കറുപ്പിലും വെളുപ്പിലും ഈസ്റ്റ്മാന്‍ കളറിലും നിറഞ്ഞ ഒരു സിനിമാക്കാലം കണ്ണില്‍ മിന്നിമറിയുന്നപോലെ. പൗരുഷഭാവത്തിന്റെ പലമുഖങ്ങള്‍ മുന്നില്‍ വന്നുനില്‍ക്കുന്നതുപോലെ. സോമന്‍!
വ്യോമസേനയിലെ ജോലി ഉപേക്ഷിച്ച് സിനിമയില്‍ വന്നകാലം മുതല്‍ എംജി സോമശേഖരന്‍ നായര്‍ എന്ന സോമനെ ത്യാഗരാജനറിയാം. നൂറിലേറേ സിനിമകളില്‍ ഒരുമിച്ച് ജോലിചെയ്ത അനുഭവത്തിനപ്പുറം ത്യാഗരാജനുള്‍പ്പെടെ ഒട്ടുമിക്ക ചലച്ചിത്രപ്രവര്‍ത്തകരുടെയും ആത്മമിത്രമായിരുന്നു അയാള്‍. പുതിയ താരോദയങ്ങള്‍ക്കിടയില്‍ നായകനിരയില്‍ നിന്നും നിഷ്പ്രഭനായെങ്കിലും അച്ഛനും ജ്യേഷ്ഠനും മുത്തശ്ശനുമൊക്കെയായി പലവിധ വേഷങ്ങളിലേക്ക് സോമനും മാറിത്തുടങ്ങി. അതോടെ ത്യാഗരാജനുമായുള്ള കൂടിക്കാഴ്ചകളും കുറഞ്ഞുവന്നു. പിന്നെപ്പിന്നെ പലരാത്രികളിലും വിശേഷങ്ങള്‍ പങ്കുവെച്ചുള്ള സോമന്റെ ഫോണ്‍വിളികളും ഇല്ലാതായി. വര്‍ഷങ്ങള്‍ക്കുശേഷം ആ ശബ്ദം വീണ്ടും ചെവിയില്‍ മുഴങ്ങിയപ്പോള്‍ ത്യാഗരാജന്‍ ചോദിച്ചു: 'ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുകയായിരുന്നു?'
'സിനിമ വിട്ട് ഞാനെവിടെപ്പോവാനാണ് മാസ്റ്റര്‍. ഇവിടെത്തന്നെയുണ്ട്, ആനക്കാട്ടില്‍ ഈപ്പച്ചനായി ഇപ്പോള്‍ നിങ്ങളുടെ മുന്‍പിലുണ്ട്.'
'ഈപ്പച്ചന്‍... അതാരാ?'
'എന്റെ പുതിയ അവതാരമാണ്. മാസ്റ്റര്‍
ലേലം സിനിമ കാണണം. മറക്കരുത്.'
ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ അഭിനയിച്ച ഒരു ചിത്രം കാണണമെന്ന് സോമന്‍ ത്യാഗരാജനോട് പറയുന്നത്. അധികമൊന്നും സംസാരിക്കാതെ, ഫോണ്‍വെക്കും മുന്‍പ് സോമന്‍ വീണ്ടും ഓര്‍മിപ്പിച്ചു.'ഞാന്‍ വിളിക്കും, മാസ്റ്റര്‍ ലേലം കാണണം.'
ഷൂട്ടിംഗിന്റെ തിരക്കുകള്‍ക്കിടയില്‍ ലേലം കാണാന്‍ ത്യാഗരാജന് കഴിഞ്ഞില്ല. പിന്നീടൊരിക്കലും വടപളനിയിലെ വീട്ടിലേക്ക് ത്യാഗരാജനെ അന്വേഷിച്ച് സോമന്റെ ഫോണ്‍വന്നതുമില്ല. ഒരുമാസം കഴിഞ്ഞ്, ടിവി ന്യൂസ് കണ്ടുകൊണ്ടിരിക്കെ ത്യാഗരാജനെ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത സ്‌ക്രീനില്‍ തെളിഞ്ഞു. 'ചലച്ചിത്ര നടന്‍ സോമന്‍ അന്തരിച്ചു.' ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയില്‍ ഒരുപാട് ഓര്‍മ്മകള്‍ ത്യാഗരാജനെ വന്നുപൊതിഞ്ഞു. വര്‍ഷങ്ങളുടെ അടുപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വിയോഗത്തിനൊപ്പം ഒരപേക്ഷപോലെ സോമന്‍ ഒടുവില്‍ പറഞ്ഞ കാര്യവും മനസ്സിനെ നോവിച്ചുകൊണ്ടിരുന്നു.'ലേലം കാണണം. മറക്കരുത്.'
പക്ഷേ, പിന്നീടൊരിക്കലും തീയേറ്ററില്‍ പോയി ആ സിനിമ കാണാന്‍ ത്യാഗരാജന് തോന്നിയില്ല.

പിഎന്‍ മേനോന്റെ സംവിധാനം ചെയ്ത 'ഗായത്രി'യിലൂടെ രംഗപ്രവേശം ചെയ്ത പുതുമുഖനടനെക്കുറിച്ച് ത്യാഗരാജന്‍ അറിയുന്നത് മലയാറ്റൂര്‍ രാമകൃഷ്ണനില്‍ നിന്നാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും മലയാറ്റൂരിന്റെതായിരുന്നു. ആറോ എഴോ സിനിമകളില്‍ വേഷമിട്ട ശേഷമാണ് സോമന്‍ ത്യാഗരാജനുമായി ഒന്നിക്കുന്നത്. നാടും വീടുമെല്ലാം സോമന്റെ വാക്കുകളിലൂടെയറിഞ്ഞ ത്യാഗരാജന് ആ നടനോട് തുടക്കത്തിലേ വലിയ ബഹുമാനം തോന്നാന്‍ കാരണം അയാള്‍ സൈനികനായിരുന്നത് കൊണ്ടും നാടക നടനായതു കൊണ്ടുമാണ്. 'നാടകത്തിലാണ് എന്റെയും തുടക്കം.' എന്നുപറഞ്ഞാണ് ത്യാഗരാജന്‍ സോമനോട് സംസാരിച്ചു തുടങ്ങിയത്. 'വ്യോമസേനയിലെ ജോലി എന്തിന് ഒഴിവാക്കി.' എന്ന ചോദ്യത്തിന് 'ഒന്‍പതു വര്‍ഷം ജോലിചെയ്തു. അവസാനിപ്പിച്ചു.' എന്ന് മാത്രം സോമന്‍ പറഞ്ഞു. അളന്നുമുറിച്ചുള്ള ആ മറുപടിയും ത്യാഗരാജന് ഇഷ്ടപ്പെട്ടു.
നായകനായിട്ടാണ് സിനിമയിലേക്കുള്ള വരവെങ്കിലും ഉപനായകനാവാനും വില്ലനാവാനും
സോമന് ഒട്ടും മടിയുണ്ടായിരുന്നില്ല. സംഘട്ടനരംഗങ്ങളില്‍ പലപ്പോഴും ത്യാഗരാജന്റെ ശാസന ഏറ്റുവാങ്ങേണ്ടി വന്ന അനുഭവവും സോമനുണ്ടായിട്ടുണ്ട്. 'മാസ്റ്റര്‍... അതൊക്കെ ഡ്യുപ്പ് ചെയ്‌തോട്ടെ. വെറുതെ എന്തിനാ എന്റെ ശരീരം വേദനിപ്പിക്കുന്നത്.' എന്ന് സോമന്‍ പറയുമ്പോഴെല്ലാം 'നീ അങ്ങനെ സുഖിയനാവേണ്ട' എന്നുപറഞ്ഞ് ഡ്യുപ്പില്ലാതെ സോമനെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ഫൈറ്റ് ചെയ്യിപ്പിക്കാനും ത്യാഗരാജന്‍ മറന്നില്ല. സ്റ്റണ്ട് രംഗങ്ങളില്‍ റിസ്‌ക്കെടുക്കാന്‍ തയ്യാറല്ലാത്ത സോമനെക്കൊണ്ട് നൂറ്കണക്കിന് ഫൈറ്റുകള്‍ ത്യാഗരാജന്‍ ചെയ്യിച്ചിട്ടുണ്ടെങ്കിലും 'ഇതാ ഇവിടെ വരെ'യിലെ മധുവുമായുള്ള ഫൈറ്റ് ഗംഭീരമായിട്ടാണ് സോമന്‍ ചെയ്തതെന്ന് ത്യാഗാരാജന്‍ പറയും. ലൊക്കേഷനില്‍ ഇടയ്ക്കിടെ ഭാര്യയെയും മക്കളെയും കൂട്ടി വരുന്ന പതിവും സോമനുണ്ടായിരുന്നു.
സിനിമയില്‍ ആദ്യകാലത്ത് കമല്‍ഹാസനും ഐവി ശശിയുമായിട്ടായിരുന്നു സോമന് ഏറെ അടുപ്പം. ശശിയുടെ മിക്ക ചിത്രങ്ങളിലും സോമന് വേഷമുണ്ടായിരിക്കും. ആ സൗഹൃദത്തില്‍ ഒരുപാട് സ്വാതന്ത്ര്യവും സോമനെടുത്തു. ചില ഘട്ടങ്ങളില്‍ ശശിക്ക് അത് വലിയ പ്രയാസങ്ങളും സൃഷ്ടിച്ചു. അങ്ങനെയൊന്നാണ് ഏഴാം കടലിനക്കരെയുടെ ചിത്രീകരണത്തില്‍ വടക്കേ അമേരിക്കയില്‍ സംഭവിച്ചത്. ഇടയ്ക്കിടെ നാട്ടില്‍ പോകണമെന്ന് സോമന്‍ പറയുന്നത് അംഗീകരിക്കാന്‍ ശശിക്കാവുമായിരുന്നില്ല. അത് സോമയും ശശിയും തമ്മില്‍ സെറ്റില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഷൂട്ടിംഗ് അവസാനിച്ച് നാട്ടിലേക്ക് മടങ്ങാന്‍ നേരം ശശി പറഞ്ഞു. 'ഇനി നമ്മളൊരുമിച്ച് ഒരു പടം ചെയ്യില്ല.' പക്ഷേ, ശശിയുടെ വാക്കുകള്‍ ഒരു തമാശരൂപത്തില്‍ മാത്രമാണ് സോമന്‍ കണ്ടത്.
'കാന്തവലയ'ത്തിന്റെ ചിത്രീകരണവേളയിലാണ് ശശി പറഞ്ഞത് കാര്യമായിട്ടാണെന്ന് സോമന് മനസ്സിലാകുന്നത്. കാന്തവലയത്തില്‍ സോമനെയായിരുന്നു ആദ്യം നായകനായി നിശ്ചയിച്ചതെങ്കിലും ഏഴാംകടലിനക്കരെയിലുണ്ടായ അനുഭവത്തെ തുടര്‍ന്ന് ശശിക്ക് ആ തീരുമാനം മാറ്റേണ്ടതായി വന്നു. നായകനായി ജയന്‍ വന്നു. അത് സോമനില്‍ വലിയ വിഷമമുണ്ടാക്കി. 'ശശിയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് എനിക്ക് തോന്നി മാസ്റ്റര്‍. പക്ഷേ..' സോമന്റെ വാക്കുകള്‍ക്ക് ത്യാഗരാജന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'ഇത് സിനിമയാണ്. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും.' പിന്നീട് കുറെകാലത്തേക്ക് ശശിചിത്രങ്ങളില്‍ സോമനുണ്ടായില്ല. അപ്പോഴേക്കും പുതിയ നായകര്‍ മലയാളസിനിമയെ ഭരിച്ചു തുടങ്ങിയിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരുടെയും സുഹൃത്തായ കമല്‍ഹാസനാണ് അറ്റുപോയ സൗഹൃദം വിളക്കിച്ചേര്‍ത്തത്.
Content Highlights: A poignant communicative of relationship and loss, recounting the beingness and vocation of Malayalam histrion Soman
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·