
വിജയ്, രജനീകാന്തും എം.കെ. സ്റ്റാലിനും | Photo: PTI
സംഗീതരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പുകഴ്ത്തിക്കൊണ്ട് സൂപ്പർതാരം രജനീകാന്ത്. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ വെല്ലുവിളിക്കുന്ന സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണെന്ന് രജനി ചടങ്ങില്‍ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങിയ നടന്‍ വിജയ് ആദ്യ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ച അതേ ദിവസമായിരുന്നു രജനീകാന്തിന്റെ വാക്കുകള്‍.
'കേന്ദ്രത്തില്‍ ഭരിക്കുന്ന സര്‍ക്കാരിന് മാത്രമല്ല പുതിയതും പഴയതുമായ എല്ലാ എതിരാളികള്‍ക്കും എം.കെ. സ്റ്റാലിന്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ദേശീയ രാഷ്ട്രീയത്തില്‍ താരമായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. തന്റെ സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം 2026-ലെ തിരഞ്ഞെടുപ്പിനായി തയ്യാറെടുത്തുകഴിഞ്ഞു എന്ന് തോന്നുന്നു', എന്നായിരുന്നു രജനിയുടെ വാക്കുകള്‍.
നടനും രാജ്യസഭാ എംപിയുമായ കമല്‍ഹാസനെ വേദിയിലിരുത്തിയായിരുന്നു രജനീകാന്തിന്റെ വാക്കുകള്‍. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ഇളയരാജ തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തെ ധാരണപ്രകാരം സംസ്ഥാനത്ത് ഒഴിവുവന്ന സീറ്റില്‍ ഡിഎംകെ പിന്തുണയിലാണ് കമല്‍ഹാസന്‍ രാജ്യസഭയില്‍ എത്തിയത്.
ശനിയാഴ്ചയാണ് വിജയ്‌യുടെ ആദ്യത്തെ സംസ്ഥാന പര്യടനം ആരംഭിച്ചത്. വാരാന്തങ്ങളില്‍ തമിഴ്‌നാട്ടിലെ 38 ജില്ലകളിലൂടേയും കടന്നുപോകുന്ന പര്യടനം ഡിസംബര്‍ 20 വരെ നീളും. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളിയിലെ മരക്കടൈ കവലയിലായിരുന്നു സംസ്ഥാന പര്യടനത്തിന്റെ ഉദ്ഘാടനം. തന്റെ പ്രസംഗത്തില്‍ ഡിഎംകെ സര്‍ക്കാരിനെ വിജയ് നിശിതമായി വിമര്‍ശിച്ചിരുന്നു.
വലിയ ആള്‍ക്കൂട്ടമാണ് വിജയ്‌യുടെ പരിപാടികളില്‍ എത്തിയത്. ഇതിനെതിരേ കക്ഷിരാഷ്ട്രീയഭേദമന്യേ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിജയ് സിനിമാ താരമായതിനാലാണ് ആളുകൂടുന്നതെന്നാണ് ബിജെപിയും മറ്റ് ദ്രാവിഡ പാര്‍ട്ടികളുടെ അടക്കം പരിഹാസം. ആളെക്കൂട്ടി ബഹളംവെച്ച് ജനജീവിതം തടസ്സപ്പെടുത്തുന്ന പ്രസ്ഥാനമല്ല ഡിഎംകെ എന്നായിരുന്നു എം.കെ. സ്റ്റാലിന്റെ പ്രതികരണം.
Content Highlights: Rajinikanth`s praise for MK Stalin amidst Vijay's governmental introduction creates a buzz successful Tamil Nadu
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·