ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കാണ് പ്രധാനമായും പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്ന വിശേഷണം ലഭിക്കുന്നതെന്ന് സല്‍മാന്‍ ഖാന്‍. ബാഹുബലിയുടെ വിജയത്തിന് ശേഷം ഹിന്ദി മേഖലയില്‍ വലിയ സ്വാധീനം നേടിയ ദക്ഷിണേന്ത്യന്‍ സിനിമകളെയാണ് ഈ പേരില്‍ സൂചിപ്പിച്ച് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമകള്‍ക്ക് ദക്ഷിണേന്ത്യയില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്നും ബോളിവുഡ് സിനിമ കാണാന്‍ ആളുകള്‍ തീയേറ്ററുകളില്‍ എത്തുന്നില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഞാന്‍ അഭിനയിച്ച് സിനിമകള്‍ക്ക് ദക്ഷിണേന്ത്യയില്‍ വലിയ കാഴ്ചക്കാര്‍ ഉണ്ടാകാറില്ല. പക്ഷെ ഞാന്‍ റോഡിലൂടെ പോയാല്‍ നിരവധി ആളുകളാണ് ഭായ് ഭായ് എന്ന് വിളിച്ച് വരുന്നത്. ഇവരൊന്നും തിയേറ്ററുകളില്‍ സിനിമയ്ക്ക് വരില്ലല്ലോ. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഇവിടെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാല്‍, ഞങ്ങളുടെ സിനിമകള്‍ അവിടെ വേണ്ടത്ര നേട്ടമുണ്ടാക്കാറില്ല. രജനീകാന്ത്, ചിരഞ്ജീവി, സൂര്യ, രാംചരണ്‍ തുടങ്ങിയവരുടെയെല്ലാം സിനിമകള്‍ ഞങ്ങള്‍ കാണും. പക്ഷെ ഇവരുടെയൊന്നും ആരാധകര്‍ ഞങ്ങളുടെ സിനിമ കാണില്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ താരങ്ങളെ ബോളിവുഡ് സിനിമകളില്‍ അഭിനയിപ്പിക്കാത്തതെന്ന് ചോദിക്കാറുണ്ട്. യോജിച്ച തിരക്കഥയുണ്ടെങ്കില്‍ ഇത്തരത്തിലൊരു സഹകരണം സാധ്യമാണ്. സിക്കന്ദര്‍ പോലൊരു സിനിമ നിര്‍മിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. ഇതില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരങ്ങളെ കൂടി അഭിനയിപ്പിക്കുന്നതിന് ബജറ്റും അനുവദിക്കണമെന്നില്ല. എന്നാല്‍, രാമായണം പോലെയുള്ള ഒരു സിനിമയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള താരങ്ങളെ അഭിനയിപ്പിക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ സിക്കന്ദറിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 30-നാണ് സിക്കന്ദര്‍ തിയേറ്ററില്‍ എത്തുന്നത്. രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, സത്യരാജ്, ശര്‍മന്‍ ജോഷി തുടങ്ങിയ താരങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഈദ് ചിത്രമായ തിയേറ്ററില്‍ എത്തുന്ന സിക്കന്ദര്‍ മലയാള ചിത്രമായ എമ്പുരാന്‍, സണ്ണി ഡിയോളിന്റെ ജാട്ട് തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് മത്സരിക്കുന്നത്.
Content Highlights: Salman Khan discusses the occurrence of South Indian films, Bollywood scope successful South India
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·