പുലര്‍ച്ചെ അഞ്ചിന് വീട്ടിലെത്തി മോഹന്‍ലാല്‍; അമ്പരന്ന് ഡോ.രവിയും ഭാര്യയും

6 months ago 6

11 July 2025, 07:42 AM IST

mohanlal

മോഹൻലാൽ ഡോ.രവിക്കൊപ്പം | Photo: facebook/ mohanlal

പുലര്‍ച്ചെ അഞ്ചിന് തങ്ങളുടെ വീടിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയ ആളെക്കണ്ട് ഡോ. രവിയും ഭാര്യ നന്ദിനിയും അമ്പരന്നു. സാക്ഷാല്‍ മോഹന്‍ലാല്‍. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് മാമ്പറമ്പത്ത് വീട്ടില്‍ അമ്പരപ്പും ആഹ്ലാദവും ഒരേസമയം നിറഞ്ഞു.

അടുത്ത സുഹൃത്തുക്കളുടെ അസുഖം ഭേദമാക്കിയ ഡോക്ടറെ വീട്ടിലെത്തി കാണുകയായിരുന്നു മോഹന്‍ലാലിന്റെ ലക്ഷ്യം. വിരമിച്ച വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഡോ. രവി. ജൂണ്‍ 26-ന് നടത്തിയ സന്ദര്‍ശനം കഴിഞ്ഞദിവസം സാമൂഹികമാധ്യമത്തില്‍ ലാല്‍ പങ്കുവെച്ചതോടെ രവിയെത്തേടി ഫോണ്‍കോളുകളുടെ പെരുമഴയായി. 'സമൂഹത്തിലെ ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍' എന്നാണ് ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ചെവിയുമായി ബന്ധപ്പെട്ട 'ഇയര്‍ ബാലന്‍സ്' അസുഖത്തിനാണ് സുഹൃത്ത് രാമചന്ദ്രന്‍നായരെയും സഹോദരിയെയും ചികിത്സിച്ചത്. രാമചന്ദ്രന്‍ നായര്‍ ചെന്ത്രാപ്പിന്നിയിലെത്തി ഡോക്ടറുടെ ചികിത്സതേടുകയായിരുന്നു. സഹോദരിയുടെ ചികിത്സ വീഡിയോകോളിലൂടെയായിരുന്നു. ഇരുവര്‍ക്കും സുഖമാകുകയും ചെയ്തു. ഈ അനുഭവം അറിഞ്ഞതോടെയാണ് ഡോക്ടറെ നേരിട്ടുകാണാനുള്ള ആഗ്രഹം മോഹന്‍ലാല്‍ പ്രകടിപ്പിച്ചത്.

ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ലാല്‍ രാമചന്ദ്രന്‍ നായരോടൊപ്പം ഡോക്ടറുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ഡോക്ടറോടൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്.

Content Highlights: mohanlal meets doc ravi

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article