
തുടരും എന്ന ചിത്രത്തിൽ മോഹൻലാലും ശോഭനയും, സംവിധായകൻ തരുൺ മൂർത്തി | ഫോട്ടോ: മാതൃഭൂമി
ലാൽ-ശോഭന കൂട്ടുകെട്ട് പ്രേക്ഷകർക്കെന്നും പ്രിയപ്പെട്ടതാണ്. എത്രകാലം സിനിമയിൽനിന്ന് മാറിനിന്നാലും ഒരു നോട്ടംകൊണ്ടോ, കുസൃതിനിറഞ്ഞ ചിരികൊണ്ടോ അവർ ആ ഇടവേള മായ്ച്ചുകളയും. മിന്നാരം, പക്ഷേ, പവിത്രം, മായാമയൂരം, തേൻമാവിൻകൊമ്പത്ത്... പ്രിയപ്പെട്ട കൂട്ട് ഏത് സിനിമയിലേതെന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരംനൽകുക പ്രയാസമാണ്. സ്‌ക്രീനിലെ ഇവരുടെ കൊടുക്കൽവാങ്ങലുകൾ അത്രയേറെ മനോഹരമാണ്. ഈ രസക്കൂട്ടാണ് വർഷങ്ങൾക്കുശേഷം വീണ്ടും മുന്നിൽതെളിയുന്നത്.
സംവിധായകൻ തരുൺമൂർത്തിയും നിർമാതാവ് എം രഞ്ജിത്തും ചേർന്നാണ് മോഹൻലാലിനോട് സിനിമയുടെ കഥപറയുന്നത്. മോഹൻലാൽ അഭിനയിക്കാമെന്നേറ്റപ്പോഴും നായികയുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. നായികയായി പലരുടെയും മുഖം അണിയറപ്രവർത്തകരുടെ മുന്നിൽ നിറഞ്ഞു. നർത്തകിയും നടിയുമായ മേതിൽ ദേവികയും തമിഴ് താരം ജ്യോതികയുമെല്ലാം ലളിതയുടെ വേഷത്തിലേക്ക് പരിഗണിക്കപ്പെട്ടു. എന്നാൽ, ഇതുവരെ കാണാത്തൊരു കൂട്ടല്ല, മലയാളി ഹൃദയത്തിലേറ്റിയ, വീണ്ടുംവീണ്ടും കാണാനിഷ്ടപ്പെടുന്ന കൂട്ടുവരുമ്പോഴാണ് കഥ കൂടുതൽ മനസ്സിലേക്കെത്തുകയെന്ന തീരുമാനമാണ് ചർച്ചയ്ക്കൊടുവിൽ കൈക്കൊണ്ടത്. അങ്ങനെയാണ് സംവിധായകനും കൂട്ടരും ശോഭനയിലേക്ക് എത്തുന്നത്.
നൃത്തത്തിനൊപ്പം സഞ്ചരിക്കുന്ന ശോഭനയുടെ മനസ്സിൽ സിനിമ ഉണ്ടോയെന്നും അഭിനയിക്കാൻ വിളിച്ചാൽ അവർ വരുമോ എന്നൊന്നും അറിയില്ലെങ്കിലും രണ്ടും കല്പിച്ച് രഞ്ജിത്ത് അവരെ വിളിച്ചു. ആദ്യസംസാരത്തിൽത്തന്നെ ചില ആശങ്കകളാണ് ശോഭന പങ്കുവെച്ചത്. മോഹൻലാലിനൊപ്പം സിനിമയുടെ ഭാഗമാകുന്നതിൽ താത്‌പര്യമുണ്ടെങ്കിലും പുതിയസംവിധായകരുടെ രീതികളൊന്നും അറിയില്ലെന്നും സംവിധായകനുമായി സംസാരിച്ച് ഓക്കെയായാൽമാത്രം തീരുമാനം പറയാമെന്നും ശോഭന രഞ്ജിത്തിനോട് പറഞ്ഞു. തരുൺ മൂർത്തി ഫോണിലൂടെ ശോഭനയോട് കഥപറഞ്ഞു. കഥയും കഥാപാത്രവും ഇഷ്ടമായെങ്കിലും ഒരുപാടുകാലം ക്യാമറയ്ക്ക് മുന്നിൽനിന്ന് മാറിനിന്നതിനാൽ സിനിമയിൽ സംഭവിച്ച മാറ്റത്തെക്കുറിച്ച് അറിയില്ലെന്നും കാര്യങ്ങളെല്ലാം നോക്കിക്കൊള്ളണമെന്നും പറഞ്ഞാണ് ശോഭന തുടരും സിനിമയുടെ ഭാഗമാകുന്നത്.
ചിത്രീകരണത്തിനെത്തും മുൻപുതന്നെ ലളിതയെന്ന കഥാപാത്രത്തിന്റെ സ്കെച്ച് തരുൺ ശോഭനയ്ക്ക് നൽകി. സിനിമയിൽ ഉപയോഗിക്കുന്ന സാരി, മാല, വള എന്നിവയ്ക്കെല്ലാം വ്യക്തതവരുത്തി. കഥാപാത്രം മൂക്കുത്തി ഉപയോഗിക്കുന്നവളായാലോ എന്ന് ശോഭനതന്നെ ചോദിക്കുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് പറിച്ചുനട്ടവളാണ് ലളിത. തമിഴും മലയാളവും ചേർന്നുള്ള സംസാരമാണ് കഥാപാത്രത്തിന്റേത്. അതുകൊണ്ട് ശോഭനയുടെ ശബ്ദം ലളിതയ്ക്ക് അനുയോജ്യമായി.

മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച രംഗമായിരുന്നു സിനിമയുടെ ഫസ്റ്റ്ഡേ ഫസ്റ്റ് ഷോട്ട്. കുട്ടിക്കാലംമുതൽ മനസ്സിൽക്കൊണ്ടുനടന്ന രണ്ട് പ്രിയതാരങ്ങളെ ക്യാമറയ്ക്കുമുന്നിൽ നിർത്തി ആക്‌ഷൻ പറഞ്ഞത് ജീവിതത്തിലെ അഭിമാനനിമിഷമാണെന്ന് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു: ‘‘പൂജകഴിഞ്ഞപ്പോൾ രണ്ടുപേരും ഒരുപോലെ എന്റെയടുത്തുവന്ന് എന്താണ് സാർ ഞങ്ങൾ ചെയ്യേണ്ടത് എന്നുചോദിച്ചു. സാരി മടക്കിവെക്കുന്നൊരു രംഗമാണ് ആദ്യം ചിത്രീകരിച്ചത്. എന്റെ വീട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു അത്. കഞ്ഞിമുക്കിയ സാരി അച്ഛനും അമ്മയും ചേർന്ന് വലിച്ച് ഒരുപ്രത്യേകരീതിയിൽ മടക്കിവെക്കും. പാട്ടുസീനിലേക്ക് വേണ്ടിയുള്ള രംഗമായിരുന്നു അത്. മൂന്ന് ടേക്ക് എടുത്തു, ഓരോ തവണയും കൂടുതൽ മികച്ചതായിവന്നു. വീണ്ടുംവീണ്ടുമത് കാണാനുള്ള ഇഷ്ടംകൊണ്ടാണ് മൂന്നുതവണ എടുത്തത്. സീൻ ഓക്കെയായപ്പോൾ ചുറ്റുമുള്ളവർ കൈയടിച്ചു. എന്റെ അമ്മയും അച്ഛനും അപ്പുറത്ത് ദൂരെ മാറി ജനലിലൂടെ ഈ രംഗം കാണുന്നുണ്ടായിരുന്നു. അവർക്കറിയാം ഇത് വീട്ടിലെ സ്ഥിരംകാഴ്ചയാണെന്നും അവരുടെ ജീവിതത്തിൽനിന്ന് ഞാൻ പകർത്തുന്ന സീനാണെന്നും. കട്ട് പറഞ്ഞുകഴിഞ്ഞപ്പോൾ അമ്മ എന്നെനോക്കി ചിരിച്ചു. ‘കൊള്ളാമെടാ മോനെ, ഞങ്ങളുടെ ജീവിതംതന്നെ നീ ഒപ്പിയെടുത്തല്ലോ’ എന്ന ചിരിയാണ് ഞാനാമുഖത്ത് കണ്ടത്’’.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കുശേഷം തരുൺമൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിലെത്തുന്ന ചിത്രത്തിന് തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥയൊരുക്കിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവരാണ് മറ്റുവേഷങ്ങൾ കൈകാര്യംചെയ്യുന്നത്. ഛായാഗ്രഹണം: ഷാജികുമാർ. ഗാനരചന: ബി.കെ. ഹരിനാരായണൻ. സംഗീതം ജേക്സ് ബിജോയ്.
Content Highlights: Mohanlal and Shobana reunite successful the upcoming Malayalam movie Tudarum, directed by Tarun Moorthy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·