'പൃഥ്വി ഓടിവന്ന് വിലക്കിയിട്ടും ലാലേട്ടന്‍ ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പിന്നിലെ സീറ്റില്‍ ഇരുന്നു'

9 months ago 8

07 April 2025, 05:17 PM IST

sidhu panakkal

സിദ്ധു പനക്കൽ എമ്പുരാൻ ടീമിനൊപ്പം/ സിദ്ധു പനക്കലും മോഹൻലാലും | Photo: facebook/ sidhu panakkal

മ്പുരാന്റെ ആദ്യ ഷോ ആരാധകര്‍ക്കൊപ്പം കാണാന്‍ മോഹലാന്‍ എടുത്ത പ്രയ്തനത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. തിയേറ്ററിലും പുറത്തുമുള്ള വലിയ തിരക്ക് മുന്നില്‍ക്കണ്ട് താനും പൃഥ്വിരാജും മോഹന്‍ലാലും ഉള്‍പ്പെടെ അഞ്ച് പേരാണ് ഇന്നോവ ക്രിസ്റ്റയില്‍ തിരുവനന്തപുരത്തെ കവിത തിയേറ്ററില്‍ പോയതെന്ന് കുറിപ്പില്‍ സിദ്ധു പറയുന്നു. വണ്ടിയുടെ ഏറ്റവും പിന്നിലെ സീറ്റില്‍ തനിക്കൊപ്പമാണ് മോഹന്‍ലാല്‍ ഇരുന്നതെന്നും സിനിമയില്‍ ഒരു താരവും അതിന് തയ്യാറാകില്ലെന്നും സിദ്ധു കുറിച്ചു.

സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി, പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ എന്നിവരും കാറിലുണ്ടായിരുന്നു. പിന്നില്‍ ഇരിക്കാം എന്ന് പറഞ്ഞ് പൃഥ്വിരാജ് ഓടിവന്നെങ്കിലും മോഹന്‍ലാല്‍ അത് സമ്മതിച്ചില്ലെന്നും സിദ്ധു കുറിപ്പില്‍ പറയുന്നു. ഏറ്റവും പിന്നിലെ സീറ്റില്‍ കയറുന്നത് തങ്ങളുടെ സ്റ്റാറ്റസിന് ചേര്‍ന്നതല്ലെന്നാണ് പലരുടേയും ധാരണയെന്നും സിദ്ധു കുറിച്ചു.

സിദ്ധു പനയ്ക്കലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മാര്‍ച്ച് 27 രാവിലെ അഞ്ചുമണിക്ക് ഞാന്‍ എറണാകുളത്ത് ലാലേട്ടന്റെ ഉടമസ്ഥതയിലുള്ള 'ആശിര്‍വാദ് ട്രാവന്‍കൂര്‍ കോര്‍ട്ട്' ഹോട്ടലില്‍ എത്തി. ഇന്ന് എമ്പുരാന്‍ റിലീസ് ആണ്. രാവിലെ അഞ്ചരയ്ക്ക് ലാലേട്ടനോടും പൃഥ്വിരാജിനോടും മുരളിയേട്ടനോടും സുപ്രിയയോടുമൊപ്പം എമ്പുരാന്‍ സിനിമ കാണാന്‍ പോകണം. അഞ്ചരക്ക് ലാലേട്ടന്‍ എത്തി. മുരളിയേട്ടന്‍ ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ തന്നെയാണ് താമസം അദ്ദേഹം താഴേക്ക് ഇറങ്ങി വന്നു. അപ്പോഴേക്കും രാജുവും സുപ്രിയയും എത്തി.

കവിത തിയേറ്ററില്‍ ഭയങ്കര തിരക്കായിരിക്കും അതുകൊണ്ട് ഓരോരുത്തരും അവരവരുടെ കാറില്‍ പോകണ്ട, എല്ലാവരും കൂടി ഒരു കാറില്‍ പോകാം എന്ന് തീരുമാനിച്ചു. ഞാനടക്കം അഞ്ചുപേര്‍. ഒരു ഇന്നോവ ക്രിസ്റ്റ. പുറപ്പെടാന്‍ നേരം ഞാന്‍ ആദ്യം കാറിന്റെ ഏറ്റവും ബേക്ക് സീറ്റില്‍ കയറിയിരുന്നു. എന്റെ തൊട്ടുപിന്നാലെ ലാലേട്ടനും ബാക്ക് സീറ്റില്‍ കയറി. എന്നെപോലെ തടിയില്ലാത്ത ഒരാള്‍ക്ക് രണ്ട് സീറ്റുകളുടെ ഇടയില്‍ കൂടി കയറുക എളുപ്പമാണ്. ലാലേട്ടന്‍ കുറച്ച് ബുദ്ധിമുട്ടിയാണ് കയറിയത്. ഉടനെ രാജു ഓടി വന്നുപറഞ്ഞു ഞാന്‍ ഇരിക്കാം ബാക്കില്‍ ലാലേട്ടന്‍ ഫ്രണ്ടിലേക്ക് വരണം. ലാലേട്ടന്‍ സമ്മതിച്ചില്ല. മുന്‍പും ഇതുപോലെയൊക്കെ യാത്ര ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു ലാലേട്ടന്‍.

ഒരു ഇന്നോവ ക്രിസ്റ്റയുടെ ബാക്ക് സീറ്റില്‍ ലാലേട്ടനെപ്പോലുള്ള ഒരാള്‍ക്ക് ശരിക്ക് ഇരിക്കാന്‍ പോലും കഴിയില്ല. ചരിഞ്ഞു ഇരിക്കണം. ലാലേട്ടനോടൊപ്പം ബാക്ക് സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ആലോചിച്ചു. സിനിമയില്‍ സാധാരണ ഒരു ആര്‍ട്ടിസ്റ്റും ഇന്നോവ പോലൊരു കാറിന്റെ ബാക് സീറ്റില്‍ കയറാന്‍ തയ്യാറാവില്ല. എന്തിന് ടെക്നീഷ്യന്‍മാരില്‍ പലരും അങ്ങോട്ട് കയറില്ല. ബാക് സീറ്റില്‍ കയറുന്നത് തങ്ങളുടെ സ്റ്റാറ്റസിന് ചേര്‍ന്നതല്ല എന്നാണ് പലരുടെയും ധാരണ. കാറിന്റെ ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നതല്ല തങ്ങളുടെ ജോലിയിലെ മികവാണ് അംഗീകാരത്തിനുള്ള കാരണമെന്ന് അറിയാത്ത പോലെയാണ് ഇപ്പോഴും പലരുടെയും പെരുമാറ്റം.

ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് ഒരു അംബാസിഡര്‍ കാറില്‍ കല്യാണത്തിന് പോകുന്നത് പോലെയാണ് ആളുകള്‍ കയറുക ആറും ഏഴും പേര്‍ ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഉള്ള താരങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യവുമുണ്ടായിരുന്നു ആ കാലത്ത് ആര്‍ട്ടിസ്റ്റുകളും ഒരു മുറിയില്‍ രണ്ട് പേരായിരുന്നു താമസം.80 കളുടെ ആദ്യം സിനിമയില്‍ വന്ന ലാലേട്ടന് ഇതുപോലുള്ള അനുഭവങ്ങള്‍ ധാരാളമുണ്ടായിരിക്കും. ഈ യാത്രയില്‍ അദ്ദേഹം ആ കാലങ്ങള്‍ ഓര്‍ത്തിട്ടുമുണ്ടാകും.

Content Highlights: sidhu panakkal reveals mohanlal and empuraan experience

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article