പൃഥ്വി രാഷ്ട്രീയം മറച്ചുവെച്ചില്ല, BJP-യെ പേരെടുത്ത് വിമർശിച്ചു; ആ ആരോപണത്തിൽ അർഥമില്ല- രാഹുൽ ഈശ്വർ

9 months ago 9

rahul easwar

രാഹുൽ ഈശ്വർ | Photo: YouTube/ Rahul Easwar

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം 'എമ്പുരാനെ' പകീര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. സിനിമ ഗംഭീരമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട രാഹുല്‍, എല്ലാവരും ഉറപ്പായും സിനിമ കാണണമെന്നും ആവശ്യപ്പെട്ടു. മുംബൈ ഐനോക്‌സില്‍ ചിത്രം കണ്ടശേഷം പങ്കുവെച്ച യൂട്യൂബ് റിവ്യൂ വ്‌ളോഗിലാണ് രാഹുല്‍ ചിത്രത്തെക്കുറിച്ച് മനസുതുറന്നത്. 'എമ്പുരാന് ഓസ്‌കാര്‍, ധൈര്യത്തിനുള്ളത്', എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചത്.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:
സിനിമ ഗംഭീരമായിട്ടുണ്ട്. പോരായ്മകളും പോസ്റ്റീവുകളും ചിലയിടങ്ങളില്‍ മെച്ചപ്പെടുത്താനുമുണ്ട്. ലാലേട്ടന്റെ പ്രകടനം ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്.

വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാടും ആശയവും പറയുകയും അതിശക്തമായി തീവ്രവലതുപക്ഷം അടക്കം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. പൃഥ്വിരാജ് തന്റെ രാഷ്ട്രീയം മറച്ചുവെക്കാതെ, ലൂസിഫറില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബിജെപിയുമെല്ലാം ബാലന്‍സ് ചെയ്താണ് കൊണ്ടുപോയിരുന്നതെങ്കില്‍ ഇത് കുറേക്കൂടി കടുത്ത രീതിയില്‍ ബിജെപിയെ കടന്നക്രമിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആളുകളാണ് പിന്നീട് ഇന്ത്യ ഭരിക്കുന്നതെന്നും പറയുകയും ബജ്‌റംഗി എന്ന പേര് തന്നെ പ്രധാനവില്ലന് ഇടുകയും ചെയ്ത് തന്റെ രാഷ്ട്രീയനിലപാട് വളരെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ എന്ന രീതിയില്‍ നന്നായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഹോളിവുഡ് സ്‌റ്റൈല്‍ മൂവി എന്ന് പറയാന്‍ കഴിയുന്ന രീതിയുണ്ട്. മുംബൈയിലും തീയ്യറ്റര്‍ ഹൗസ്ഫുള്‍ ആയിരുന്നു. എല്ലാവരും ഉറപ്പായും സിനിമ കാണണം. ബാലസ്ഡ് ആയി നരേറ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ ഡ്രസ് ഹോളിവുഡ് സ്‌റ്റൈല്‍ ആണ്. എല്ലാവരുടേയും പെര്‍ഫോമന്‍സ് രസകരമായിട്ടുണ്ട്. ഒന്നുരണ്ട് നല്ല പാട്ടുകള്‍ കൂടെ ഉണ്ടാവാമായിരുന്നു എന്ന തോന്നലുണ്ട്.

മലയാളികളില്‍ വലിയൊരു വിഭാഗത്തിന് ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, രാഷ്ട്രീയമായ എതിരഭിപ്രായങ്ങള്‍ ഉണ്ടാവാം. മോഹന്‍ലാലും പൃഥ്വിരാജും ഭരത് ഗോപിയുടെ മകന്‍ മുരളീ ഗോപിയും ഒക്കെ എഴുതുന്നതാണ്. ഇതിന് പിന്നില്‍ അന്താരാഷ്ട്ര തീവ്രവാദ ഇസ്ലാമിസ്റ്റ് അജന്‍ഡകളുണ്ട് എന്നൊന്നും ആരോപിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല.

സിനിമയോട് വിയോജിപ്പുള്ള സംഘപരിവാറിലെ സഹോദരങ്ങള്‍ കാണും. കാരണം, ബിജെപിയെ പേരെടുത്ത് പറഞ്ഞ് തന്നെ ആക്രമിച്ചിട്ടുണ്ട്. വലിയ ധൈര്യമാണ്, മുരളീ ഗോപിക്കും പൃഥ്വിരാജിനും മോഹന്‍ലാലിനുമൊക്കെയുള്ള ധൈര്യം വളരെ വലുതാണ്. ഇത്രയും തുറന്ന്, ദേശീയ അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗംചെയ്യപ്പെടുന്നതിനെക്കുറിച്ച് പറയുന്നതിനുള്ള ധൈര്യം ഭയങ്കരമാണ്. എമ്പുരാന്‍ കാണുക. അത് ഒരു സ്റ്റേറ്റ്‌മെന്റാണ്, സിനിമയാണ്, മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Content Highlights: Rahul Easwar reviews Mohanlal-Prithviraj Empuraan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article