കൊച്ചിന്‍ എക്സ്പ്രസ്സില്‍ ഒരു ചിന്ന പയ്യനാണ് ഫൈറ്റ്മാസ്റ്ററെന്നും അയാള്‍ നന്നായി ചെയ്യുന്നുണ്ടെന്നും ചെകുത്താന്റെ കോട്ട എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സത്യന്‍ കേട്ടിട്ടുണ്ടത്രേ. അന്ന് സത്യനെ ത്യാഗരാജന്‍ പരിചയപ്പെട്ടിട്ടില്ല. കുട്ടനാട്ടില്‍ കാര്‍ത്തികയുടെ സെറ്റില്‍ സംവിധായകന്‍ എം. കൃഷ്ണന്‍ നായരാണ് ആ മഹാനടനെ പരിചയപ്പെടുത്തിയത്. കാര്‍ത്തികയുടെ ഫൈറ്റ്മാസ്റ്റര്‍ ത്യാഗരാജനായിരുന്നു. നായകന്‍ സത്യനാണെന്ന് അറിഞ്ഞതുമുതല്‍ ഉള്ളിലൊരു ഭയം. പട്ടാളക്കാരനാണ്, സ്ട്രിക്റ്റാണ്, പെട്ടെന്ന് ദേഷ്യം വരും എന്നെല്ലാമാണ് കേട്ടിട്ടുള്ളത്. പരിചയപ്പെട്ടപ്പോള്‍ 'പെരിയവരേ' എന്നാണ് അദ്ദേഹം ത്യാഗരാജനെ വിളിച്ചത്. ആ വിളിയില്‍ ത്യാഗരാജന്‍ ഒന്നുമല്ലാതായി.
സത്യന്‍ പറഞ്ഞു: 'നിങ്ങളുടെ പടമാണ് ഹിറ്റായത്; അഭിനന്ദനങ്ങള്‍.'
കൊച്ചിന്‍ എക്സ്പ്രസ്സിലെ ഫൈറ്റിനെക്കുറിച്ച് സത്യന്‍ വാചാലനായി. കാര്‍ത്തികയില്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ സത്യനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരമുണ്ടായി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമൊക്കെയായി രാവും പകലും വര്‍ക്കുള്ള കാലമായിരുന്നു. പലപ്പോഴും പറഞ്ഞ സമയത്ത് സത്യന്‍ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴെല്ലാം സത്യന്‍ പറയും, 'സാരമില്ല, പെരിയവര്‍ വരട്ടെ; എന്നിട്ട് തുടങ്ങാം.' സത്യന്‍ പറഞ്ഞാല്‍ പിന്നെ സംവിധായകനും നിര്‍മ്മാതാവുമൊന്നും മിണ്ടില്ല.
നല്ല നടന്‍ മാത്രമായിരുന്നില്ല സത്യന്‍ മാസ്റ്റര്‍; മികച്ച ഫൈറ്ററും കൂടിയായിരുന്നു എന്നാണ് ത്യാഗരാജന്റെ അനുഭവം. കത്തിയും വടിയും ഉപയോഗിച്ച് സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളേക്കാള്‍ നന്നായി അദ്ദേഹം ഫൈറ്റ് ചെയ്യുമെങ്കിലും ഒന്നും അറിയുമെന്ന് പറയാറില്ല. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ അതിലേറെ നന്നാക്കാന്‍ ശ്രമിക്കും. അഭിനയംപോലെതന്നെ നാച്വറലായിരുന്നു അദ്ദേഹത്തിന്റെ സ്റ്റണ്ടും. എപ്പോഴും സ്മാര്‍ട്ടായിരുന്നു സത്യന്‍ മാസ്റ്റര്‍. ആ സ്മാര്‍ട്ട്നസ് മരണം വരെ ഉണ്ടായിരുന്നു. ഒരിക്കല്‍പ്പോലും ആരെയും അദ്ദേഹം ഇന്‍സള്‍ട്ട് ചെയ്യുന്നതായി കണ്ടിട്ടില്ല.
നവജീവന്‍ ഫിലിംസിന്റെ വെളുത്ത കത്രീനയുടെ ഷൂട്ടിങ് നാളുകളിലൊരിക്കല്‍ സത്യനൊപ്പം മദിരാശി നഗരത്തിലൂടെ ത്യാഗരാജന്‍ കാറില്‍ യാത്ര ചെയ്തു. അഭിനയംപോലെ ഡ്രൈവിങ്ങും അദ്ദേഹത്തിന് ലഹരിയാണെന്നു തോന്നിയ നിമിഷങ്ങള്‍. കാറോടിച്ചുകൊണ്ടിരിക്കെ മുന്നില്‍ പോയ ബൈക്ക് മറിഞ്ഞ് ഒരമ്മയും മകനും റോഡില്‍ വീണു. സത്യന്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. അമ്മയെ എഴുന്നേല്‍പ്പിച്ചശേഷം അവരുടെ കൈ പിടിച്ച് ഓടാന്‍ തുടങ്ങി. പ്രയാസപ്പെട്ടാണെങ്കിലും അവര്‍ സത്യനൊപ്പം ഓടി. തിരിച്ച് തന്റെ കാറിനരികിലേക്ക് എത്തിയശേഷം 'അമ്മയ്ക്ക് ഒന്നും പറ്റിയിട്ടില്ല' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് കൈ പിടിച്ച് ഓടിയ ആളെ അമ്മയും മകനും ശ്രദ്ധിച്ചത്. അവര്‍ക്ക് വിശ്വസിക്കാനായില്ല, സാക്ഷാല്‍ സത്യനാണ് തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന്. വീഴ്ചയില്‍ സംഭവിച്ച ഷോക്ക് അമ്മയുടെ മനസ്സില്‍നിന്ന് മാറ്റാനായിരുന്നു ആ ഓട്ടം. ഒരുപക്ഷേ, ജീവിതത്തിലുടനീളം പുലര്‍ത്തിയ പട്ടാളച്ചിട്ടയാവാം സത്യനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്ന് ആശ്ചര്യത്തോടെ അത് കണ്ടുനില്‍ക്കെ ത്യാഗരാജന് തോന്നി.
വെളുത്ത കത്രീനയുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലാണ് ചെറിയൊരു വേഷത്തിലഭിനയിക്കാന്‍ സംവിധായകന്‍ ശശികുമാര്‍ ത്യാഗരാജനോട് ആവശ്യപ്പെട്ടത്. സത്യനും പ്രേംനസീറും ഷീലയും ജയഭാരതിയുമൊക്കെയായിരുന്നു മുഖ്യ അഭിനേതാക്കളെങ്കിലും ത്യാഗരാജന്‍ അവതരിപ്പിച്ച അബൂബക്കറുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടോ മൂന്നോ സീനുകളില്‍ മാത്രമാണ് അബൂബക്കര്‍ കടന്നുവരുന്നത്. എന്നിട്ടും മദിരാശിയില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ ത്യാഗരാജന്റെ രംഗങ്ങള്‍ക്ക് നിറഞ്ഞ കൈയടി കിട്ടി. സിനിമയുടെ പോസ്റ്ററില്‍ സത്യന്റെയും നസീറിന്റെയും ചിത്രങ്ങള്‍ക്കൊപ്പം ത്യാഗരാജന്റെ ചിത്രവുമുണ്ടായിരുന്നു. സിനിമ കണ്ട സത്യന്‍ പറഞ്ഞു: 'എന്തിനാണ് പെരിയവരേ നിങ്ങള്‍ സ്റ്റണ്ട് ചെയ്യുന്നത്? നന്നായി അഭിനയിക്കാനുള്ള കഴിവുണ്ടല്ലോ, അതുതന്നെയങ്ങ് തുടര്‍ന്നാല്‍പ്പോരേ...' സത്യന്റെ ആ അഭിപ്രായം പലരും ആവര്‍ത്തിച്ചു. പക്ഷേ, സ്റ്റണ്ട് നിര്‍ത്തി അഭിനയത്തിന്റെ വഴിയേ പോയാല്‍ ചിലപ്പോള്‍ തന്റെ ചോറ് മുട്ടിപ്പോയേക്കുമെന്ന് ത്യാഗരാജനറിയാമായിരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളിലും സ്റ്റണ്ടുമാസ്റ്ററായി പ്രവര്‍ത്തിക്കുമ്പോഴുള്ള സന്തോഷം അഭിനയിക്കുമ്പോള്‍ കിട്ടില്ലെന്നും അതിനകം ത്യാഗരാജന്‍ മനസ്സിലാക്കിയിരുന്നു.
ശാരദാ സ്റ്റുഡിയോയില്‍ ഭീകരനിമിഷങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വീണുകിട്ടിയ ഇടവേളയില്‍ ഒരു സിഗററ്റ് വലിക്കാന്‍ സ്റ്റുഡിയോയുടെ പിന്നിലേക്ക് നടന്നു. അവിടെ നിര്‍ത്തിയിട്ട റിക്ഷയില്‍ ലുങ്കിയും ബനിയനും ധരിച്ച് തലയില്‍ മുണ്ടിട്ട് ഒരാള്‍ കിടന്നുറങ്ങുന്നു. തൊട്ടടുത്തുള്ള മാവിന്‍ ചുവട്ടില്‍ നിന്ന് ത്യാഗരാജന്‍ സിഗററ്റ് ആഞ്ഞുവലിച്ചു. അപ്പോഴാണ് റിക്ഷയില്‍ കിടക്കുന്ന ആള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നത്: 'കൈ ചുട്ടു പോകും, വേറെ സിഗററ്റെടുത്ത് വലിക്ക്.'
കൈയിലുള്ള സിഗരറ്റ് കത്തിത്തീരാറായത് അപ്പോഴാണ് ശ്രദ്ധിക്കുന്നത്. രണ്ട് പുകകൂടി എടുത്തിരുന്നെങ്കില്‍ കൈ പൊള്ളുമായിരുന്നു. നല്ല പരിചയമുള്ള ശബ്ദമാണല്ലോ എന്ന് തോന്നിയപ്പോള്‍ റിക്ഷയില്‍ കിടക്കുന്ന മനുഷ്യനെ ത്യാഗരാജന്‍ നോക്കി. 'അയ്യോ, സത്യന്‍ മാസ്റ്ററോ!' ത്യാഗരാജന്റെ ഭയം കലര്‍ന്ന മുഖം കണ്ടപ്പോള്‍ ചിരിച്ചുകൊണ്ട് സത്യന്‍ പറഞ്ഞു: 'പെരിയവര്‍ അവിടെയിരുന്ന് സമാധാനത്തോടെ വലിച്ചിട്ട് പോയ്ക്കോ.' അതുവരെ സത്യന്‍ മാസ്റ്ററുടെ മുന്നില്‍വെച്ച് സിഗരറ്റ് വലിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞിട്ടും വലിക്കാന്‍ തോന്നിയില്ല. പക്ഷേ, ത്യാഗരാജനെ അദ്ഭുതപ്പെടുത്തിയ കാര്യം അതുമാത്രമായിരുന്നില്ല. സ്റ്റുഡിയോയില്‍ എ.സി. റൂമുകള്‍ ഉണ്ടായിട്ടും ഈ വലിയ മനുഷ്യന്‍ എന്തിനാണ് റിക്ഷയില്‍ കയറി കിടക്കുന്നത്. 'അതായിരുന്നു ശരിക്കും സത്യന്‍ മാസ്റ്റര്‍. എന്നും സാധാരണമനുഷ്യന്‍.'ട
സത്യനുമായുള്ള ബന്ധം വളര്‍ന്നതോടെ മാമ്പലത്തുള്ള അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ ആഴ്ചയിലൊരിക്കല്‍ ത്യാഗരാജന്‍ എത്തുക പതിവായി. തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ താന്‍ കണ്ട പുതിയ ചിത്രങ്ങളിലെ പ്രധാനഭാഗങ്ങള്‍ തന്റേതായ രീതിയില്‍ അഭിനയിച്ചു കാണിച്ചശേഷം സത്യന്‍ ത്യാഗരാജനോട് ചോദിക്കും: 'എങ്ങനെയുണ്ട് പെരിയവരേ?' 'സാറിന്റെ അഭിനയത്തെക്കുറിച്ച് പറയാന്‍ ഞാനാരാണ്' എന്ന ത്യാഗരാജന്റെ മറുചോദ്യത്തോട് സത്യന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'പെരിയവരെപ്പോലുള്ള ഒരാള്‍ അഭിപ്രായം പറയുന്നത് ഞാന്‍ വലിയ കാര്യമായിട്ടാണ് എടുക്കുന്നത്. അതുകൊണ്ടാണ് ചോദിക്കുന്നത്.' സിനിമയ്ക്കകത്തും പുറത്തും, വലുപ്പച്ചെറുപ്പമില്ലാതെ തന്റെ അഭിനയത്തെക്കുറിച്ച് മുഖത്തുനോക്കി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സത്യന്‍ എല്ലാവര്‍ക്കും നല്‍കിയിരുന്നു. മഹാനടനാണ് താനെന്ന ഭാവം ഒരിക്കല്‍പ്പോലും ആ മുഖത്ത് ത്യാഗരാജന്‍ കണ്ടിട്ടില്ല.
ആദ്യകാലത്തൊന്നും സത്യന്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ അവസാനനാളുകളില്‍ ത്യാഗരാജന്‍ അദ്ദേഹത്തിനു വേണ്ടി ഡ്യൂപ്പിട്ടു. ഇടവേളകളില്‍ തമാശയായി സത്യന്‍ പറയും: 'പെരിയവരേ, ഞാന്‍ ഓട്ടശംഖ് വെച്ചാണ് ഊതുന്നത്, എപ്പോള്‍ ചത്തൂന്ന് നോക്കിയാല്‍ മതി.' ഓരോ നിമിഷവും സത്യന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ത്യാഗരാജന് അറിയില്ലായിരുന്നു. ദിവസങ്ങളോളം ഒരുമിച്ച് വര്‍ക്കു ചെയ്തിട്ടും അസുഖത്തിന്റെ ഒരു ലക്ഷണം പോലും സത്യനില്‍ കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ഒരു ദിവസം ഉച്ചയ്ക്ക് വീട്ടില്‍ ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് റോഡില്‍ കാര്‍ നിര്‍ത്തി പ്രേംനസീര്‍ ധൃതിയില്‍ ത്യാഗരാജന്റെ വീട്ടിലേക്ക് കടന്നുവന്നത്. 'എന്താണ് സാര്‍, എന്തുപറ്റി?'
'ത്യാഗരാജന്‍... നമ്മുടെ സത്യന്‍ മാഷിന് കുറച്ച് സീരിയസാണ്, പെട്ടെന്ന് ആറേഴു പേരുടെ രക്തം വേണം,' നസീര്‍ പറഞ്ഞു.
'സാര്‍ പൊയ്ക്കോളൂ, ഞാന്‍ ആള്‍ക്കാരെയും കൊണ്ടു വരാം.'
ഉടന്‍ ത്യാഗരാജന്‍ യൂണിയന്‍ ഓഫീസിലെത്തി ഒപോസിറ്റീവ് രക്തമുള്ള പത്തുപേരെയും കൂട്ടി കെ.ജെ. ഹോസ്പിറ്റലിലേക്ക് കുതിച്ചു. വൈകാതെ സ്റ്റണ്ടുകാരുടെ സംഘടനയിലുള്ള മിക്കവരും ഹോസ്പിറ്റലില്‍ എത്തിച്ചേര്‍ന്നു. ഒ പോസിറ്റീവ് അല്ലാത്തവര്‍പോലും രക്തം നല്‍കാന്‍ തയ്യാറായി വന്നതാണ്. ആ കരുതലുകളൊന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തിയില്ല. മരണസമയത്ത് ത്യാഗരാജനും ഹോസ്പിറ്റലിലുണ്ടായിരുന്നു. മഞ്ഞിലാസിന്റെ ഓഫീസിലേക്കാണ് സത്യന്റെ മൃതദേഹം കൊണ്ടുവന്നത്. എം.ജി. ആറടക്കമുള്ളവര്‍ ആദരാഞ്ജലികളര്‍പ്പിച്ചത് അവിടെ വെച്ചായിരുന്നു. എയര്‍പോര്‍ട്ട് വരെ ത്യാഗരാജനും വിലാപയാത്രയെ അനുഗമിച്ചു. സത്യന്‍ എന്ന മഹാനടന്‍ സിനിമാനഗരത്തോട് വിടപറയുന്നത് നിറകണ്ണുകളോടെ ത്യാഗരാജന്‍ നോക്കിനിന്നു. മൃതദേഹം വഹിച്ചുള്ള തിരുവനന്തപുരം ഫ്ളൈറ്റ് പറന്നകന്നു. എയര്‍പോര്‍ട്ടില്‍നിന്നുള്ള മടക്കയാത്രയില്‍ സ്നേഹത്തോടെയുള്ള ആ വിളി ഇടയ്ക്കിടെ കേട്ടു: 'പെരിയവരേ...'
(തുടരും)
Content Highlights: stunt maestro thyagarajan beingness story, tamil movie, sathyan, prem nazir
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·