'പേരറിയില്ലെങ്കിലും കഴിക്കാനിഷ്ടമാണ്'; തൃഷയെ കളിയാക്കി കമൽ ഹാസൻ, 'പഴംപൊരി' പരാമർശത്തിൽ രൂക്ഷവിമർശനം

9 months ago 8

Trisha and Kamal Haasan

തൃഷ, കമൽ ഹാസൻ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി, PTI

മൽഹാസനും തൃഷയും മണിരത്‌നം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ 'തഗ് ലൈഫി'ന്റെ പ്രചാരണ പരിപാടികളിലാണ്. ഒരു പ്രചാരണ പരിപാടിക്കിടെ കമൽ ഹാസൻ തൃഷയെക്കുറിച്ച് പറഞ്ഞ തമാശ ഇന്റർനെറ്റിൽ വലിയ വിമർശനത്തിന് ഇടയാക്കി. ത​ഗ് ലൈഫിലെ മറ്റൊരു താരമായ ചിമ്പുവും ഈ വേദിയിലുണ്ടായിരുന്നു.

ഇഷ്ടവിഭവം ഏതാണ് എന്നായിരുന്നു പരിപാടിയിൽ തൃഷ നേരിട്ട ഒരു ചോദ്യം. "എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം കൂടുതൽ ഇഷ്ടം. അതിനെന്താണ് പറയുക?" എന്നാണ് തൃഷ ഇതിന് മറുപടി പറഞ്ഞത്. പഴംപൊരിയാണ് തൃഷ ഉദ്ദേശിച്ചതെന്ന് ഇതിനിടയിൽ കമൽ ഹാസൻ പറഞ്ഞു. "അവർക്ക് പേര് അറിയില്ല, പക്ഷേ കഴിക്കാൻ ഇഷ്ടമാണ്" എന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. തൃഷ അത് ചിരിച്ചു തള്ളി. ഏതാനും നിമിഷങ്ങൾക്കുശേഷം, താൻ പറഞ്ഞത് തമാശയായാണെന്ന് കാണിക്കാൻ കമൽ തൃഷയുടെ കാൽമുട്ടിൽ പതിയെ തട്ടുന്നുമുണ്ട്.

ഈ സംഭാഷണത്തിന്റെ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കമൽ ഹാസന്റെ വാക്കുകൾ സോഷ്യൽ മീഡിയാ ഉപയോക്താക്കൾ അത്ര നല്ല രീതിയിലല്ല സ്വീകരിച്ചത്. തൃഷയോടുള്ള കമൽ ഹാസന്റെ കമന്റിനോട് രൂക്ഷമായ ഭാഷയിലാണ് മിക്കവരും പ്രതികരിച്ചത്. കമൽ ഹാസന്റെ കമന്റ് ദ്വയാർത്ഥം നിറഞ്ഞതാണെന്ന് അവർ അഭിപ്രായപ്പെടുന്നു. ടോക്സിക് കമൽ എന്നാണ് ഒരാൾ പ്രതികരിച്ചത്.

മൻസൂർ അലി ഖാനെതിരെ ചെയ്തതുപോലെ തൃഷ കമലിനെതിരെ പരാതി കൊടുക്കുമോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് ഇങ്ങനെ പറഞ്ഞതെങ്കിലോ എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം കമൽ ഹാസനെ പിന്തുണച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്. കമൽ പറഞ്ഞതിൽ ദ്വയാർത്ഥമോ അധിക്ഷേപമോ ഇല്ലെന്നും ഒരാൾ എഴുതി. കമൽ ഹാസൻ ഇത് തമാശയായിട്ടാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. പക്ഷേ അദ്ദേഹം തിരഞ്ഞെടുത്ത വാക്കുകൾ തെറ്റായിരുന്നു. പിന്നീട് അത് തിരിച്ചറിഞ്ഞ് സാഹചര്യം മോശമാക്കാതിരിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. വിഷയം മാറ്റിയ അവതാരകന് നന്ദി പറയുകയും ചെയ്യുന്നുവെന്നും കമന്റുണ്ട്.

1987-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിന് ശേഷം കമലും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണിത്. ചിമ്പു, ഐസ്വര്യ ലക്ഷ്മി, ജോജു ജോർജ്, സാനിയ മൽഹോത്ര, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. എ.ആർ റഹ്മാനാണ് സം​ഗീതസംവിധാനം. ചിത്രം ജൂൺ 5 ന് തിയേറ്ററുകളിലെത്തും.

Content Highlights: Kamal Haasan`s Joke connected Trisha Sparks Debate

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article