.jpg?%24p=06402a4&f=16x10&w=852&q=0.8)
കൊള്ളന്നൂരിലെ ഡബ്ബ ബീറ്റ് മ്യൂസിക് സംഘം പരിശീലനത്തിനിടെ
തൃശ്ശൂർ: കൊള്ളന്നൂരിലെ ഡബ്ബ ബീറ്റ് കുട്ടിക്കൂട്ടമിപ്പോൾ വേറെ ലെവലാണ്. പഴയ ബക്കറ്റും കന്നാസും ചളുങ്ങിയ ഇഡ്ഡലിപ്പാത്രവുമൊക്കെ കൊട്ടി സംഗീതവിസ്മയം തീർക്കുന്ന കുട്ടിക്കൂട്ടം തിരുവനന്തപുരത്തുനടക്കുന്ന വൃത്തി കോൺക്ലേവിലും താരങ്ങളായി. ‘ഡബ്ബ ബീറ്റ്-റീ സൈക്കിൾഡ് റിഥ’മെന്ന വേറിട്ട ആശയമാണ് വൃത്തിയെക്കുറിച്ച് സംസാരിക്കുന്ന സർക്കാർ വേദിയിൽ പരിപാടി അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയത്. പാഴ്‌വസ്തുക്കൾകൊണ്ട് സംഗീതമൊരുക്കുന്ന വിദേശ ബാൻഡുകൾ ഏറെയുണ്ടെങ്കിലും കേരളത്തിൽ ഈ കുട്ടിക്കൂട്ടായ്മയ്ക്ക് മുൻമാതൃകകളില്ല.
കൈപ്പറമ്പ് പഞ്ചായത്തിലെ കൊള്ളന്നൂരിലുള്ള അയൽവീട്ടുകാരും ബന്ധുക്കളുമായ 17 കുട്ടികളാണ് ഡബ്ബ ബീറ്റ് ബാൻഡിനു ജീവതാളം പകരുന്നത്. കുഞ്ഞുന്നാളിലേ ചെണ്ടമേളം കേട്ടുവളർന്നവർക്ക് പ്രത്യേക പരിശീലനമൊന്നും വേണ്ടിയിരുന്നില്ല. കൊള്ളന്നൂരിലെ ആട്ടം ശിങ്കാരിമേളസംഘത്തിന്റെ ഭാഗമായ അച്ഛൻമാരുടെയും ഏട്ടൻമാരുടെയും താളബോധമാണ് അവരിലേക്കും പകർന്നുകിട്ടിയത്.
മൂന്നുവർഷം മുൻപ് ഇവരിൽ ചിലർ പൊട്ടിയ ബക്കറ്റും പലകയും പിവിസി പൈപ്പുമൊക്കെ കൊട്ടി, പാടിത്തിമർക്കുന്നതു കണ്ട് ബന്ധുവായ പി.സി. ഇന്ദ്രജിത്താണ് വീഡിയോയെടുത്ത് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്. വിജയ് ചിത്രമായ ബീസ്റ്റിലെ 'അറബിക് കുത്തു' എന്ന പാട്ടായിരുന്നു അത്. പല കൈ മറിഞ്ഞ് ആ വീഡിയോ പാട്ടിന്റെ സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ കൈകളിലുമെത്തി. വീഡിയോ വൈറലാകാൻ പിന്നെ ഏറെസമയം വേണ്ടിവന്നില്ല.
കോടിക്കണക്കിനു കാണികൾ കണ്ട് കൈയടിച്ച പാട്ടുകൾ വേറെയുമുണ്ട് ഡബ്ബ ബീറ്റിന്റെതായി. പാട്ടുകൾ കണ്ടെത്തുന്നതും പരിശീലിക്കുന്നതുമൊക്കെ കുട്ടികൾ സ്വന്തമായാണ്. ആവേശം സിനിമയിലെ 'നാടിൻ നന്മകനേ, പൊൻമകനേ' എന്ന പാട്ട് ഒന്നേമുക്കാൽ കോടിയോളം പേരാണ് കണ്ടത്. 2023-ൽ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ പല്ലൊട്ടി 90'സ് കിഡ്‌സിലും ഇവർ കൊട്ടുംപാട്ടുമായെത്തിയിരുന്നു. തമിഴ് സംവിധായകൻ പാ രഞ്ജിത്ത് നേതൃത്വം നൽകുന്ന നീലം പ്രൊഡക്ഷൻ ഇവർക്ക് ചെന്നൈയിൽ വേദിയൊരുക്കിയിട്ടുണ്ട്. 'ടെഡ്എക്സ് അസാദി'യിലും ഡബ്ബ ബീറ്റ് സംഘം തങ്ങളുടെ കഥയും പാട്ടുമായെത്തി.
സ്വന്തം സംഗീതോപകരണങ്ങൾക്കൊപ്പം കീബോർഡും ഡ്രമ്മും ഉൾപ്പെടുത്തി ഫ്യൂഷനായാണ് വലിയ സ്റ്റേജ് പരിപാടികൾ ചെയ്യുന്നത്. തുടക്കംമുതൽ കുട്ടികൾക്കൊപ്പമുള്ള, അവരുടെ ജിത്തുവേട്ടനാണ് (ഇന്ദ്രജിത്ത്) ഈ യാത്രകളിലൊക്കെയും കൂട്ടായുള്ളത്.
Content Highlights: Dabba Beat, a children`s set utilizing recycled materials, gains viral fame
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·