.jpg?%24p=fdef031&f=16x10&w=852&q=0.8)
തരുൺ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ച പോസ്റ്റർ, ചിത്രത്തിന്റെ പുതിയ പോസ്റ്റർ | Photo: Instagram/ Tharun Moorthy, Facebook/ Tharun Moorthy
മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രമാണ് 'തുടരും'. ഏപ്രില്‍ 25-ന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനൊപ്പം ഹൈപ്പും വര്‍ധിക്കുകയാണ്.
ചിത്രത്തെ ഫാമിലി ഡ്രാമ എന്നാണ് സംവിധായകന്‍ വിശേഷിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം 'ദൃശ്യ'വുമായി താരതമ്യപ്പെട്ടുത്തി പല ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍, ഇത് സംവിധായകന്‍ പിന്നീട് തള്ളി. ചിത്രത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പ്രൊമോ സോങ്ങുമായി ബന്ധപ്പെട്ടും പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 'നരനി'ലെ 'വേല്‍മുരുകാ' എന്ന പാട്ടുപോലൊന്ന് എന്നായിരുന്നു പ്രൊമോ സോങ്ങിനെ, പാട്ട് പാടിയ എം.ജി. ശ്രീകുമാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, മുരുകന്‍ എന്ന വാക്ക് വരുന്നതുകൊണ്ടുമാത്രമാണ് എം.ജി. ശ്രീകുമാറിന് സാമ്യം തോന്നിയതെന്ന് സംഗീതസംവിധായകനും വ്യക്തമാക്കി.
ഇതേ മൂഡ് പിടിച്ചൊരു പോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു കൈയില്‍ വേലുമായി മോഹന്‍ലാല്‍ പിന്തിരിഞ്ഞു നില്‍ക്കുന്ന പോസ്റ്റര്‍, പ്രൊമോ സോങ്ങിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചുള്ളതായിരുന്നു. എന്നാല്‍, ഈ പോസ്റ്ററിനെ സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച താരം, 'ഐഡിയ കൊള്ളാം പക്ഷേ ഇത് ഞങ്ങളുടെ മൂഡല്ല', എന്നാണ് കുറിച്ചത്.
പിന്നാലെ, 'പോസ്റ്ററുകള്‍ വരുംപോകും, പക്ഷേ വിശ്വസിക്കാവുന്നത് ഇതാണ്', എന്ന ക്യാപ്ഷനോടെ മറ്റൊരു പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ മോഹന്‍ലാലും ശോഭനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഒരു തുണിക്കടയില്‍ നില്‍ക്കുന്നതായാണുള്ളത്. ഇരുവരുടേയും കൈയില്‍ സാരികളും കാണാം. മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും അടക്കമുള്ളവര്‍ ഈ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍. സുനിലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ. ഷാജി കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ് എഡിറ്റര്‍മാര്‍. ജേക്സ് ബിജോയ് സംഗീതം.
Content Highlights: Thudarum promo opus poster manager Tharun Moorthy clarifies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·