പോർക്കളത്തിന് പുറത്ത് മാത്രം പോരാടാൻ ആഗ്രഹിക്കുന്ന ഈ ഭീരുക്കളോട് എങ്ങനെ പോരാടും -കങ്കണ

8 months ago 7

Kangana Ranaut

കങ്കണ റണൗട്ട് | ഫോട്ടോ: ANI

പ്രശസ്തമായ ബൈസരൻ പുൽമേട്ടിൽ നിരപരാധികളായ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പഹൽഗാം ആക്രമണത്തെ അപലപിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ രോഷം നിറഞ്ഞ പോസ്റ്റ് പങ്കുവെച്ചുകൊണ്ട്, നടിയും പാർലമെൻ്റ് അംഗവുമായ അവർ ഭീകരര്‍ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

യുദ്ധങ്ങൾ നടക്കുന്നത് പോർക്കളത്തിലാണെന്നും എന്നാൽ ആക്രമികൾ നിരായുധരായ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്നും അവർ തൻ്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറികളിൽ കുറിച്ചു. "സ്വയം പ്രതിരോധിക്കാൻ യാതൊന്നും കൈവശമില്ലാത്ത സാധാരണക്കാർക്ക് നേരെയാണ് അവർ വെടിയുതിർക്കുന്നത്, ചരിത്രത്തിലെ എല്ലാ യുദ്ധങ്ങളും പോർക്കളത്തിൽ മാത്രമാണ് നടന്നിട്ടുള്ളത്. ഈ അക്രമികൾക്ക് ആയുധങ്ങൾ ലഭിച്ചതിനാൽ അവർ നിരായുധരും നിരപരാധികളുമായ ആളുകളെ വെടിവയ്ക്കുകയാണ്. പോർക്കളത്തിന് പുറത്ത് മാത്രം പോരാടാൻ ആഗ്രഹിക്കുന്ന ഈ ഭീരുക്കളോട് എങ്ങനെ പോരാടും." കങ്കണ ചോദിച്ചു.

ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയായ കങ്കണ, ഭീകരരിൽ ഒരാളുടെ വൈറലായ ചിത്രം തൻ്റെ സ്റ്റോറികളിൽ പങ്കുവെച്ചു.

ആക്രമണത്തിൽ ഞെട്ടലും രോഷവും പ്രകടിപ്പിച്ച മറ്റ് നിരവധി സിനിമാ താരങ്ങളോടും രാഷ്ട്രീയക്കാരോടുമൊപ്പം കങ്കണയും ചേർന്നു. ആക്രമണമേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു. അല്ലു അർജുൻ, റാം ചരൺ, നാഗാർജുന അക്കിനേനി, മമ്മൂട്ടി, മോഹൻലാൽ, സാമന്ത, യാഷ് തുടങ്ങിയവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നടുക്കം രേഖപ്പെടുത്തി.

അതേസമയം, കശ്മീരിലെ പഹൽഗാമിലെ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്ന ഭീകരരുടെ ചിത്രങ്ങളും രേഖാചിത്രങ്ങളും സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആസിഫ് ഫ്യൂജി, സുലൈമാൻ ഷാ, അബു തൽഹ എന്നിങ്ങനെ മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിലെ അംഗങ്ങളാണിവരെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

Content Highlights: Kangana Ranaut condemned the Pahalgam onslaught that killed 26 tourists

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article