'പ്രതിഫലം കൂട്ടണം, 25 പേരടങ്ങുന്ന അനുചരസംഘം'; ദീപിക കൽക്കിയിൽ നിന്ന് പുറത്താകാൻ കാരണമെന്ത്?

4 months ago 5

deepika

കൽക്കി സിനിമയുടെ ആദ്യഭാ​ഗത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുന്ന പ്രഭാസും ദീപിക പദുക്കോണും| Photo: PTI

പ്രഭാസിനെ നായകനാക്കി നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി-2898 AD-യുടെ രണ്ടാംഭാ​ഗത്തിൽ നിന്ന് ബോളിവുഡ് നടി ദീപിക പദുക്കോണിനെ പുറത്താക്കിയിരുന്നു. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രണ്ടാംഭാ​ഗത്തിൽ ദീപിക ഉണ്ടായിരിക്കില്ലെന്നും പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ലെന്നും നിർമാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചത്. ഇപ്പോഴിതാ എന്തുകൊണ്ടായിരിക്കാം ദീപികയെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത് എന്നതുസംബന്ധിച്ച ചർച്ചകൾ ഉയരുകയാണ്. പ്രതിഫലം സംബന്ധിച്ച തർക്കം, ജോലിസമയം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് ദീപിക പുറത്താവുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

നിശ്ചയിച്ചിരുന്നതിനേക്കാൾ 25ശതമാനം കൂടുതൽ പ്രതിഫലം ദീപിക ആവശ്യപ്പെട്ടുവെന്നാണ് ബോളിവുഡ് ഹം​ഗാമ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ജോലിസമയം ഏഴുമണിക്കൂറായി കുറയ്ക്കണമെന്നും ദീപിക നിർദേശിച്ചിരുന്നു. ഇക്കാര്യങ്ങളിൽ ദീപികയുമായി ചർച്ച തുടർന്നിരുന്നുവെങ്കിലും സമവായത്തിലെത്താൻ ആയില്ലെന്നും അതാണ് പുറത്താവലിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

ജോലിയുടെ ദൈർഘ്യം ഏഴുമണിക്കൂറായി കുറയ്ക്കുന്നതിന് പകരം ദീപികയ്ക്ക് വിശ്രമിക്കാൻ നിർമാതാക്കൾ ലക്ഷ്വറി വാനിറ്റി നൽകാൻ തയ്യാറായിരുന്നെങ്കിലും താരം സമ്മതിച്ചില്ലെന്നാണ് പറയുന്നത്. ആദ്യഭാ​ഗത്തെ അപേക്ഷിച്ച് രണ്ടാംഭാ​ഗത്തിലെ പ്രകടനത്തിന് 25ശതമാനം പ്രതിഫലം കൂട്ടണമെന്നതിലും ചർച്ചകൾ നടന്നു. പ്രഭാസ് പോലും അധികമായി തുക ആവശ്യപ്പെട്ടിട്ടില്ലെന്ന് നടിയെ അറിയിച്ചെങ്കിലും അതും ഫലം കണ്ടില്ലെന്നാണ് നിർമാതാക്കളുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ ദീപിക 25 പേരടങ്ങുന്ന അനുചരസംഘത്തോടൊപ്പമാണ് ഷൂട്ടിങ് സെറ്റിൽ എത്താറുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ഇവർക്കെല്ലാം ഫൈവ് സ്റ്റാർ താമസവും ഭക്ഷണവും ആവശ്യപ്പെട്ടിരുന്നു. ഈ സംഘത്തിന്റെ എണ്ണം കുറയ്ക്കണമെന്ന് നിർമാതാക്കൾ അഭ്യർഥിച്ചിരുന്നവെങ്കിലും നടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് പറയുന്നത്. ഹിന്ദി നിർമാതാക്കൾ നിലവിൽ ഏറ്റവുമധികം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഇതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യാഴാഴ്ചയാണ് കൽക്കി രണ്ടാംഭാ​ഗത്തിൽ നിന്നും ദീപികയെ പുറത്താക്കിയ വിവരം നിർമാതാക്കൾ പങ്കുവെച്ചത്.

"കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന ഭാ​ഗത്തിൽ നടി ദീപിക പദുക്കോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ല. കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നു."- എന്നാണ് വൈജയന്തി മൂവീസിന്റ ഔദ്യോ​ഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയായിരുന്നു കൽക്കിയുടെ ഇതിവൃത്തം. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ശോഭന, അന്ന ബെൻ, ദിഷ പഠാണി, പശുപതി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. സന്തോഷ് നാരായണനാണ് സംഗീതം. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിച്ചത്.

Content Highlights: wherefore is deepika padukone removed from kalki portion two

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article