പ്രധാനവേഷത്തിൽ കോവൂർ കുഞ്ഞുമോനും യു പ്രതിഭയും, അതിഥിയായി കുമ്മനം രാജശേഖരൻ; കേപ്ടൗൺ ട്രെയ്ലർ പുറത്ത്

9 months ago 8

എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ, നെല്‍സണ്‍ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കേപ്ടൗണ്‍' എന്ന സിനിമയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

പ്രകൃതിയെ സംരക്ഷിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ എട്ടു വര്‍ഷത്തെ ശ്രമഫലമാണ് 'കേപ്ടൗണ്‍' എന്ന ഈ സിനിമ. 11-ഓളം ജനപ്രതിനിധികളും ഈ ചിത്രത്തില്‍ സഹകരിക്കുന്നണ്ട്. ചിത്രത്തിന്റെ അവസാനഭാഗത്തു ദളപതി വിജയ്‌യുടെ സാന്നിധ്യമാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

2016 മുതല്‍ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റ കഥ പറയുന്ന ഈ സിനിമയില്‍ കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. രാജാരാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താംകോട്ട നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ എംഎല്‍എമാരായ മുകേഷ്, നൗഷാദ്, മന്ത്രി ചിഞ്ചു റാണി, മുന്‍ എംപി സോമപ്രസാദ്, കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ് സൂരജ് രവി, മുന്‍ ബിജെപി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

പ്രകൃതിയുടെ സംരക്ഷണത്തില്‍ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ഈ ചിത്രത്തില്‍ ദളപതി വിജയ്‌യുടെ ആരാധകര്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്. ശ്യാം ഏനാത്ത്, സുജ തിലകരാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ രവീന്ദ്രന്‍ മാഷിന്റെ മകന്‍ നവീന്‍ മാധവ് (പോക്കിരി ഫെയിം), കായംകുളം എംഎല്‍എ യു. പ്രതിഭ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, സൗമിയ എം.എസ്, രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലേക്ഷ്മന്‍, ലക്ഷ്മി എം എന്നിവര്‍ ആലപിക്കുന്നു. ജോഷ്വ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ദിലീപ് കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ ആലപിക്കുന്നു. അലങ്കാര്‍ കൊല്ലം, ദേവിലാല്‍ കൊല്ലം, വിജിന്‍ കണ്ണന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

വിഎഫ്എക്‌സ്: മായാന്‍സ് സ്റ്റുഡിയോ തിരുവനന്തപുരം, ബിജിഎം: ശ്രീക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജസ്റ്റിന്‍ കൊല്ലം. പിആര്‍ഒ: എ.എസ്. ദിനേശ്, ബി.വി. അരുണ്‍ കുമാര്‍.

Content Highlights: Trailer of `CapeTown` movie featuring MLAs & celebrities out

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article