
ഫിഷ് വെങ്കട്, പ്രഭാസ് | Photo: X/ GetsCinema, AFP
കോമഡി- നെഗറ്റീവ് റോളുകളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ഫിഷ് വെങ്കട് എന്ന പേരില്‍ അറിയപ്പെടുന്ന വെങ്കട് രാജ്. തെലങ്കാനയിലെ മത്സ്യത്തൊഴിലാളികള്‍ സംസാരിക്കുന്നതിനോട് സാമ്യമുള്ള പ്രാദേശിക ഭാഷാവകഭേദമാണ് വെങ്കട് രാജ് ഉപയോഗിച്ചുവരുന്നത്. അതിനാലാണ് അദ്ദേഹത്തെ ഫിഷ് വെങ്കട് എന്ന പേരില്‍ അറിയപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്. നിലവില്‍ അദ്ദേഹം വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി പ്രഭാസ് സാമ്പത്തിക സഹായം വാഗ്ദാനംചെയ്തുവെന്ന് കഴിഞ്ഞദിവസം കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, ആ വാഗ്ദാനം വ്യാജമായിരുന്നുവെന്ന് പറയുകയാണ് ഇപ്പോള്‍ കുടുംബം.
കഴിഞ്ഞയാഴ്ച പ്രഭാസിന്റെ സഹായി വിളിച്ചിരുന്നുവെന്നും സാമ്പത്തിക സഹായംവാഗ്ദാനംചെയ്തുവെന്നുമായിരുന്നു കുടുംബം പറഞ്ഞിരുന്നത്. എന്നാല്‍, പ്രഭാസിന്റെ സഹായി ആണെന്ന് അവകാശപ്പെട്ടുള്ള അപരിചിതന്റെ കോള്‍ വ്യാജമായിരുന്നുവെന്നാണ് കുടുംബം ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. വെങ്കട്ടിന് ഇപ്പോഴും സാമ്പത്തിക സഹായം ആവശ്യമാണെന്നും ഒരു കുടുംബാംഗം വ്യക്തമാക്കി.
പ്രഭാസ് സഹായം വാഗ്ദാനംചെയ്തതിനെക്കുറിച്ച് അഭിമുഖത്തിലെ ചോദ്യത്തിന് മറുപടി പറയവെയാണ് ഫോണ്‍ കോളുമായി ബന്ധപ്പെട്ട സത്യാവസ്ഥ വെളിപ്പെടുത്തിയത്. 'യഥാര്‍ത്ഥത്തില്‍, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. സഹായം ലഭിക്കുമെന്ന് കരുതി ഞങ്ങള്‍ വരുന്ന എല്ലാ കോളുകള്‍ക്കും മറുപടി നല്‍കുന്നുണ്ട്. പ്രഭാസിന്റെ സഹായിയാണെന്ന വ്യാജേന ആരോ ഒരാള്‍ ഞങ്ങളെ വിളിച്ചു. അത് വ്യാജകോള്‍ ആയിരുന്നുവെന്ന് പിന്നീടാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. ഇങ്ങനെയൊന്ന് സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഞങ്ങള്‍ക്ക് ഇതുവരെ ഒരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ല', ഫിഷ് വെങ്കടിന്റെ കുടുംബാംഗം പറഞ്ഞു.
കഴിഞ്ഞദിവസം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെങ്കടിന്റെ മകള്‍ ശ്രാവന്തിയാണ് പ്രഭാസിന്റെ ടീം സാമ്പത്തിക സഹായം വാഗ്ദാനംചെയ്തതായി അറിയിച്ചത്. 'അച്ഛന് തീരെ സുഖമില്ല. അദ്ദേഹം വളരെ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്. അദ്ദേഹത്തിന് ഒരു കിഡ്‌നി മാറ്റിവയ്ക്കല്‍ ആവശ്യമാണ്. ഇതിന് ഞങ്ങള്‍ക്ക് കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ചെലവാകും. പ്രഭാസിന്റെ സഹായി ഞങ്ങളെ വിളിക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയ നടക്കുമ്പോള്‍ അറിയിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു, അതിന്റെ ചെലവ് വഹിക്കാമെന്ന് പറഞ്ഞു'- എന്നായിരുന്നു ശ്രാവന്തി പറഞ്ഞത്.
അതേസമയം, നടനും സംവിധായകനുമായ വിശ്വക് സെന്‍ രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായി കുടുംബം നേരത്തേ അറിയിച്ചിരുന്നു. നേരത്തെ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ പവന്‍ കല്യാണ്‍ രണ്ടുലക്ഷം രൂപ കുടുംബത്തിന് നല്‍കിയിരുന്നു. മുന്‍ രാജ്യസഭാംഗമായ മോപിദേവി വെങ്കട രമണറാവു ഒരുലക്ഷം രൂപ കൈമാറിയിരുന്നു.
Content Highlights: Telugu Actor Fish Venkat's Family Denies Receiving ₹50 Lakh From Prabhas For Kidney Transplant
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·