
മമ്മൂട്ടിക്കൊപ്പം എ.എ.കെ. മുസ്തഫയും കുടുംബവും
നടന്‍ മമ്മൂട്ടിയുടെ ജന്മദിനമാണിന്ന്. മലയാള സിനിമയുടെ മഹാപ്രതിഭയോടുള്ള സ്‌നേഹവും ബഹുമാനവും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ഒരു പ്രവാസി സംരംഭകനുണ്ട് ദുബായില്‍. പഴം-പച്ചക്കറി ഹോള്‍സെയില്‍ വിപണനരംഗത്തെ പ്രമുഖരായ എ.എ.കെ. ഗ്രൂപ്പിന്റെ എംഡി എ.എ.കെ. മുസ്തഫയാണ് തന്റെ പ്രിയപ്പെട്ട നടനോടുള്ള ഇഷ്ടം ഈ ദിനത്തില്‍ പങ്കുവെക്കുന്നത്.
പതിറ്റാണ്ടുകളായി മനസ്സില്‍ കൊണ്ടുനടന്ന ആരാധനയുടെയും അടുപ്പത്തിന്റെയും മധുരമുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഒരു നടനെന്നതിനപ്പുറം, തന്റെ പിതാവിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് മുസ്തഫയുടെ ഹൃദയത്തില്‍ മായാതെ നില്‍ക്കുന്ന നിമിഷങ്ങളില്‍ ഒന്ന്.
പിതാവിനെക്കുറിച്ച് കേട്ട ആ നല്ല വാക്ക്
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം മുസ്തഫ ഓര്‍ത്തെടുത്തു. ഒരിക്കല്‍ മമ്മൂട്ടി നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തി മുസ്തഫയുടെ ഉപ്പ പാറപ്പുറത്ത് ബാവ ഹാജിയെയും ഉമ്മയെയും കണ്ടു. അന്ന് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഒരു മകന് തന്റെ പിതാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു: ''ഒന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യന്‍ ലോഞ്ചില്‍ കയറി കടല്‍ കടന്ന് കഠിനപ്രയത്‌നത്തിലൂടെ വിജയം നേടിയ മനുഷ്യനെയാണ് ഞാന്‍ കാണാന്‍ വന്നത്.''
കഠിനാധ്വാനത്തിലൂടെ സ്വന്തം ജീവിതം പടുത്തുയര്‍ത്തിയ ഒരു പ്രവാസിയോടുള്ള ആദരം മമ്മൂട്ടിയുടെ ആ വാക്കുകളില്‍ നിറഞ്ഞുനിന്നു. രണ്ടായിരത്തിലധികം പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകനുമായ മുസ്തഫയ്ക്ക് ഈ വാക്കുകള്‍ ഇന്നും അഭിമാനമാണ്.
ആരാധനയില്‍ നിന്ന് അടുപ്പത്തിലേക്ക്
ചെറുപ്പം മുതല്‍ മമ്മൂട്ടിയുടെ വലിയ ആരാധകനായിരുന്നു മുസ്തഫ. പോസ്റ്ററുകളും ഫ്‌ളെക്‌സുകളും വെച്ച് ആഘോഷിച്ചിരുന്ന, ഒരുകാലത്തെ മറക്കാത്ത ഓര്‍മകള്‍ക്ക് ഇന്നും ചെറുപ്പമാണ്. അന്ന് മുസ്തഫയ്ക്ക് മനസ്സില്‍ ഒരേയൊരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ- തന്റെ ഇഷ്ടതാരത്തെ നേരില്‍ കാണണം, ഒപ്പം ഒരു ഫോട്ടോയെടുക്കണം. ആ ആഗ്രഹം സഫലമാക്കാന്‍ അദ്ദേഹം പൊള്ളാച്ചിയില്‍ മമ്മൂട്ടിയുടെ സിനിമ ഷൂട്ടിങ് നടക്കുന്നിടത്തേക്ക് യാത്ര തിരിച്ചു.
ഒരു ദിവസം മുഴുവന്‍ കാത്തിരുന്ന് കാസര്‍കോട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന മജീദ് വഴി ജോര്‍ജേട്ടനിലൂടെ ആ സ്വപ്നം പൂര്‍ത്തിയാക്കി. മനസ്സില്‍ നിറയെ സന്തോഷവുമായി മടങ്ങിയ ആ ദിവസം മധുരമുള്ള ഒരു ഓര്‍മയായി ഇന്നും അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ട്.
പിന്നീട്, പ്രവാസജീവിതത്തിലും ആ സ്‌നേഹം ഒട്ടും കുറഞ്ഞില്ല. ദുബായ് വിമാനത്താവളത്തില്‍ വെച്ച് യാദൃച്ഛികമായി മമ്മൂട്ടിയെ കണ്ടുമുട്ടിയപ്പോള്‍, തന്റെ ആരാധന തുറന്നു പറഞ്ഞു. മമ്മൂട്ടി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ നല്‍കിയെങ്കിലും മുസ്തഫ പിന്നീട് അതിന് മുതിര്‍ന്നില്ല. എന്നാല്‍ കാലക്രമേണ, ഗള്‍ഫിലെ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കള്‍ വഴി മമ്മൂട്ടിയുമായി അടുക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ ഒട്ടുമിക്ക സിനിമകളും മുസ്തഫ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയ മികവ് മലയാള സിനിമയ്ക്ക് ലഭിച്ച അനുഗ്രഹമാണെന്ന് ഇദ്ദേഹം പറയുന്നു. ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവാണ് മമ്മൂക്ക. ഭാരം കുറയ്ക്കാന്‍ അദ്ദേഹം നല്‍കിയ ഉപദേശമാണ് തന്നെ അതിനായി പ്രേരിപ്പിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഒരുപാട് നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് മമ്മൂട്ടി.
ആരും അറിയാതെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മമ്മൂട്ടിയുടെ നന്മ നിറഞ്ഞ മനസ്സിനെക്കുറിച്ചും അദ്ദേഹം വാചാലനായി. ഇത്തരം നന്മകള്‍ തന്നെയാണ് മമ്മൂട്ടി എന്ന മഹാ നടന്‍ ആരോഗ്യത്തോടെ വീണ്ടും നമ്മളിലേക്ക് തിരിച്ചുവന്നത് എന്ന് മുസ്തഫ ഉറച്ചു വിശ്വസിക്കുന്നു.
Content Highlights: A Dubai-based entrepreneur shares his cherished memories and admiration for Mammootty
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·