
'കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: X
കൊച്ചി: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1 എന്ന ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നതിനുള്ള തടസങ്ങൾ നീങ്ങി. കേരളത്തിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്) അറിയിച്ചു. ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫിയോക്കും തമ്മിൽ നടത്തിയ ചർച്ചയുടെ ഭാഗമായാണ് ഈ തീരുമാനം.
സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനിൽ 55 ശതമാനം വിതരണക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ആദ്യത്തെ രണ്ട് ആഴ്ച(14 ദിവസം) ഹോൾഡ് ഓവർ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയിൽ 50 ശതമാനം വീതവും വിതരണക്കാർക്ക് നൽകാമെന്ന് ധാരണയിലെത്തി. ഹോൾഡ് ഓവർ ഇല്ലാതെ പ്രദർശിപ്പിക്കാമെന്ന നിലപാടിനെ സ്വാഗതം ചെയ്താണ് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ഈ തീരുമാനം അംഗീകരിച്ചത്.
കാന്താര-2ന്റെ കേരളത്തിലെ റിലീസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ചുവെന്ന് ഫിയോക്ക് എക്സിക്യൂട്ടീവ് അംഗം ബോബി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ബിസിനസിൽ ചില ഒത്തുതീർപ്പുകൾ നടത്തിക്കൊണ്ടാണ് വിതരണക്കാരായ മാജിക് ഫ്രെയിംസുമായുള്ള തർക്കങ്ങൾ ഫിയോക്ക് ചർച്ചയിലൂടെ പരിഹരിച്ചത്. കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ പ്രദർശനം കേരളത്തിൽ തടഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ബോബി നിഷേധിച്ചു.
ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. സിനിമയുടെ നെറ്റ് കളക്ഷന്റെ 55% വരുമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്. എന്നാൽ, ഒരു ആഴ്ചത്തേക്കാണ് ഫിയോക്ക് അനുമതി നൽകിയത്. രണ്ട് ആഴ്ചത്തേക്ക് വേണമെന്ന ആവശ്യത്തിൽ വിതരണക്കാർ ഉറച്ചുനിന്നതോടെയാണ് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്.
2022-ൽ ഋഷഭ് ഷെട്ടി സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നട ചിത്രമാണ് കാന്താര. ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. കാന്താരയുടെ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി, ഭാഷകളിലായി ഒക്ടോബർ 2ന് റിലീസ് ചെയ്യും. കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച ഇന്ത്യയിലെ മുൻനിര പാൻ-ഇന്ത്യ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റർ വണ്ണിന്റേയും നിർമാതാക്കൾ.
Content Highlights: 'Kantara: A Legend - Chapter 1' Release Confirmed for Kerala After Distribution Dispute Resolved
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·