'പ്രിയദര്‍ശനുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായിട്ടില്ല', വ്യക്തത വരുത്തി പരേഷ് റാവല്‍

4 months ago 5

priyadarshan paresh rawal

പ്രിയദർശൻ, പരേഷ് റാവൽ | ഫോട്ടോ: മാതൃഭൂമി, എഎൻഐ

സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടന്‍ പരേഷ് റാവല്‍. 'ഹേരാ ഫേരി 3'-ലെ പിന്മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇരുവരും തമ്മിലെ ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിട്ടില്ലെന്ന് പരേഷ് റാവല്‍ പറഞ്ഞു. 'ഹേരാ ഫേരി 3' ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കുമെന്നും നടന്‍ അറിയിച്ചു.

'അതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ ചിത്രീകരണം ആരംഭിക്കും', എന്നാണ് ചിത്രത്തെക്കുറിച്ച് പരേഷ് റാവല്‍ പറഞ്ഞത്.

'ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. എന്നാല്‍ അതൊന്നും പ്രിയദര്‍ശനുമായുള്ള ബന്ധത്തെ ബാധിച്ചിട്ടില്ല. ഞങ്ങളുടെ ബന്ധം അങ്ങനെയൊന്നും ഇല്ലാതാവില്ല. ആ സംഭവങ്ങള്‍ ഞങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കിയിട്ടേയുള്ളൂ. ഇതിലൂടെയെല്ലാം ഞങ്ങള്‍ കൂടുതല്‍ പരസ്പരം മനസിലാക്കി. മുറിവുകളെല്ലാം ഉണങ്ങി. ഞങ്ങളുടേത് തുറന്ന സൗഹൃദമാണ്'- എന്നായിരുന്നു പ്രിയദര്‍ശനുമായുള്ള ബന്ധത്തെക്കുറിച്ച് പരേഷ് റാവലിന്റെ വാക്കുകള്‍.

മൂന്നുഭാഗങ്ങളുള്ള ചിത്രത്തെക്കുറിച്ചും പരേഷ് റാവല്‍ മനസുതുറന്നു. 2006-ല്‍ രണ്ടാംഭാഗമായ 'ഫിര്‍ ഹേരാ ഫേരി' ചെയ്യുമ്പോള്‍ അമിത ആത്മവിശ്വാസത്തിലായിപ്പോയെന്ന് പരേഷ് റാവല്‍ പറഞ്ഞു. 'അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. 'ഹേരാ ഫേരി'യുടേത് പോലെയുള്ള പ്രമേയവും കഥാപാത്രങ്ങളും അപൂര്‍വ്വമായി മാത്രമേ ലഭിക്കൂ. അതിന്റെ പവിത്രത നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്നു. 'ഫിര്‍ ഹേരാ ഫേരി' ഡബ്ബിങ്ങിനിടെ, ഞങ്ങള്‍ ചെയ്തത് ഒരു പാപമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അന്നത്തെ സാഹചര്യത്തില്‍ അങ്ങനെ ചെയ്തുപോയി. അതൊരിക്കലും പാടില്ലായിരുന്നു'-നടന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളസിനിമ 'റാംജിറാവു സ്പീക്കിങ്ങി'ന്റെ ഹിന്ദി റീമേക്ക് ആയിരുന്നു 2000-ല്‍ പുറത്തിറങ്ങിയ 'ഹേരാ ഫേരി'. പ്രിയദര്‍ശന്‍ ആയിരുന്നു ചിത്രം സംവിധാനംചെയ്തത്. 2006-ല്‍ നീരജ് വോറയുടെ സംവിധാനത്തിലാണ് 'ഫിര്‍ ഹേരാ ഫേരി' പുറത്തിറങ്ങിയത്. ആദ്യഭാഗത്തിന് ലഭിച്ച സ്വീകരണം രണ്ടാംഭാഗത്തിന് ലഭിച്ചിരുന്നില്ല.

മൂന്നാംഭാഗത്തിനായി കരാര്‍ ഒപ്പുവെച്ച ശേഷം പിന്മാറുന്നതായുള്ള പരേഷ് റാവലിന്റെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു. ചിത്രത്തിലെ നായകനും നിര്‍മാതാവുമായ അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചു. 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍, പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും താന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നും വ്യക്തമാക്കി പരേഷ് റാവല്‍ തന്നെ രംഗത്തെത്തി.

Content Highlights: Paresh Rawal opens up astir his enslaved with Priyadarshan amidst Hera Pheri 3 controversy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article