പ്രേമലു 2വിന് ഇനിയും കാത്തിരിക്കണം, ഹിറ്റ്‌മേക്കര്‍ ടാഗ് സമ്മര്‍ദമാണ്; ഗിരീഷ് എ.ഡി

6 months ago 8

ദ്യ സിനിമ തൊട്ട് മിനിമം ഗ്യാരണ്ടി ഉറപ്പ് നല്‍കാന്‍ സാധിച്ചിട്ടുള്ള സംവിധായകരിലൊരാളാണ് ഗിരീഷ് എ.ഡി. ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തുടങ്ങിയ ഗിരീഷിന്റെ ആ ജൈത്രയാത്ര ഇന്ന് അഞ്ചാമത്തെ സിനിമയായ ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ എത്തിനില്‍ക്കുന്നു. ഭാവന സ്റ്റുഡിയോസ് നിര്‍മാണം, നിവിന്‍ പോളി നായകന്‍, തിരക്കഥ സംവിധാനം ഗിരീഷ് എ.ഡി പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാന്‍ വേറെന്ത് വേണം. ഗിരീഷ് മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുകയാണ്, ഹിറ്റ്‌മേക്കര്‍ ടാഗിനെക്കുറിച്ച് ബെത്‌ലഹേമിനെക്കുറിച്ച് സിനിമാ സ്വപ്നങ്ങളെക്കുറിച്ച്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് - ഒരു ഗിരീഷ് എഡി ചിത്രമാകുന്നത് എങ്ങനെ.

പേര് കേള്‍ക്കുമ്പോള്‍ തോന്നുന്നത് പോലെ വളരെ സന്തോഷം നിറഞ്ഞ സിനിമയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. റൊമാന്‍സ്, കോമഡി ഒക്കെ നിറഞ്ഞ ഒരു കുടുംബചിത്രം. ഭാവന സ്റ്റുഡിയോസിനൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ്. കിടിലന്‍ ടീമാണ് അത്. വളരെ പ്രൊഫഷണല്‍ ആയ ടീം.

അപ്രതീക്ഷിതമായാണ് ഭാവന സ്റ്റുഡിയോസ് പ്രേമലുവിന്റെ ഭാഗമാവുന്നത്. തണ്ണീര്‍മത്തന്‍ കഴിഞ്ഞ സമയത്താണ് പോത്തേട്ടന്‍ വിളിച്ച് എന്തെങ്കിലും പരിപാടി ഉണ്ടെങ്കില്‍ നമുക്ക് ചെയ്യാമെന്ന് പറയുന്നത്. അതെന്റെ മനസിലുണ്ടായിരുന്നെങ്കിലും വേറെ കുറേ കമ്മിറ്റ്‌മെന്റ്‌സ് ഉള്ളതു കാരണം ആ കൂട്ടുകെട്ട് അപ്പോഴൊന്നും സാധ്യമായില്ല. ഐ ആം കാതലന്റെ സമയത്താണ് വീണ്ടും അദ്ദേഹത്തെ കാണുന്നതും ഒന്നിച്ചൊരു സിനിമയെക്കുറിച്ചും സംസാരിക്കുന്നതും. അങ്ങനെയാണ് പ്രേമലു സംഭവിക്കുന്നത്. ഇപ്പോള്‍ ആ ടീമിനോട് വളരെ നല്ലൊരു ബന്ധമാണുള്ളത്. നല്ല കുറേ സിനിമകള്‍ ഒന്നിച്ച് ചെയ്യണമെന്നുണ്ട്.

ആരും പ്രതീക്ഷിക്കാത്ത കോമ്പോയാണ് നിവിന്‍ - മമിതയുടേത്.

നിവിന്‍ പോളി - മമിത അധികമാരും പ്രതീക്ഷിക്കാത്ത കോമ്പോയാണെന്ന് പലരും പറഞ്ഞുകേട്ടു. ആ കോമ്പോ എന്തുകൊണ്ടെന്ന് സിനിമ കാണുമ്പോള്‍ മനസിലാക്കുന്നതാണ് അതിന്റെ ഭംഗി. തണ്ണീര്‍മത്തനൊക്കെ ചെയ്യുന്നതിന് മുമ്പേ മനസിലുണ്ടായിരുന്ന ആശയമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റേത്. തണ്ണീര്‍മത്തന്‍ പിള്ളേരെ വച്ച് ചെയ്ത പടമല്ലേ. എന്തെങ്കിലും സാഹചര്യം കൊണ്ട് ആ സിനിമ നടന്നില്ലെങ്കില്‍ ഏതെങ്കിലും താരത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി ചെയ്യണമെന്ന് വിചാരിച്ചിരുന്ന സിനിമയായിരുന്നു. തിരക്കഥയൊന്നും ആയിരുന്നില്ല, ഒരു കഥാപാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് കുറേ താരങ്ങള്‍ മനസിലുണ്ടായിരുന്നു, അതില്‍ നിവിന്‍ ചേട്ടനും ഉണ്ടായിരുന്നു.

സൂപ്പര്‍ ശരണ്യ ചെയ്യുന്ന സമയത്ത് തന്നെ മമിത അടിപൊളിയാണെന്ന് മനസിലായിരുന്നു. സത്യം പറഞ്ഞാല്‍ മമിതയെ നായികയാക്കി ആദ്യം ചെയ്യണമെന്ന് കരുതിയതും ബെത്‌ലഹേം തന്നെയാണ്, അത് മമിതയോടും അന്ന് പറഞ്ഞിരുന്നു. പക്ഷേ അതിനിടെ വേറെ രണ്ട് സിനിമകള്‍ സംഭവിച്ചു. ഇപ്പോഴാണ് ബെത്‌ലഹേമിന് കറക്ട് സമയമായത്.

നിവിന്‍ പോളിക്ക് ഒരു പ്രത്യേക ഫാന്‍ ബേസ് ഉണ്ട്, അവര്‍ക്കുള്ള വിരുന്നാകുമോ ബെത്‌ലഹേം.

നിവിന്‍ പോളിയെ എങ്ങനെയാണോ മലയാളി പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്നത് അങ്ങനെ തന്നെയായിരിക്കും ബെത്‌ലഹേമില്‍ കാണുക. അപാര കോമഡി ടൈമിങ്ങുള്ള നടനാണ് അദ്ദേഹം. എനിക്ക് ഭയങ്കര ഇഷ്ടമാണ് അദ്ദേഹത്തിന്റെ സിനിമകള്‍. ഞാന്‍ റിപ്പീറ്റ് അടിച്ച് കാണാറുള്ള പടങ്ങള്‍ നിവിന്‍ പോളിയുടേതാണ്. 1983, ആക്ഷന്‍ ഹീറോ ബിജു , വടക്കന്‍ സെല്‍ഫി പോലുള്ളവ. ഇതിന്റെ കഥ കേട്ടപ്പോള്‍ പുള്ളി എക്‌സൈറ്റഡ് ആയിരുന്നു.

നാല് സിനിമകള്‍ സംവിധാനം ചെയ്തതില്‍ മൂന്നിന്റെയും തിരക്കഥ ഗിരീഷിന്റേതാണ്. എന്റെ കഥ എന്ന കംഫര്‍ട് സോണ്‍ ആണോ മറ്റൊരാളുടെ കഥ സംവിധാനം ചെയ്യാത്തതിലുള്ള കാരണം.

ഒരു കാരണം അതാണ്. സ്വന്തം കഥയാകുമ്പോള്‍ അതിന്റെ എല്ലാം മനഃപാഠമായിരിക്കുമല്ലോ. അതുപോലെ നമുക്കേറെ പരിചിതമായ ഏരിയ ആകുന്നതിന്റെ ഒരു കംഫര്‍ട്ടും ഉണ്ടാകും. നമ്മള്‍ ചിന്തിക്കാത്ത തരത്തിലുളള കഥകള്‍ ചെയ്യണമെന്നൊക്കെ എനിക്കും താത്പര്യം ഉണ്ട്. എന്റെ കയ്യില്‍ കുറച്ച് കഥകളുണ്ട്. അത് ചെയ്തിട്ട് നോക്കാമെന്ന് കരുതിയാണ്. പുറത്തുനിന്നുള്ള കഥകളും കേള്‍ക്കാറുണ്ട്. സമയാകുമ്പോള്‍ അതും സംഭവിക്കും

റോം-കോം സിനിമകളാണ് ചെയ്തതെല്ലാം, ജോണറിനോടുളള ഇഷ്ടമാണോ ഇതിന് പിന്നില്‍.

എനിക്ക് കാണാന്‍ ഇഷ്ടമുളള ജോണറാണ് ഞാന്‍ ചെയ്ത സിനിമകള്‍. റോം കോം എന്ന ജോണര്‍ ഇവിടെ ഇല്ലല്ലോ, അത് ഹോളിവുഡിലൊക്കെയല്ലേ ഉള്ളൂ. അത്തരം റോം കോം സിനിമകളുടെ ആരാധകനല്ല ഞാന്‍. പ്ലെയിന്‍ തീമില്‍, നല്ല സോഫ്റ്റ് എന്‍ഡിങ്ങായ സിനിമകള്‍. പക്ഷേ നമ്മുടെ ഇന്ത്യന്‍ സിനിമകള്‍ക്ക് ചേരുവകള്‍ കൂടുതലാണ്. റോം കോം എന്നതിനൊക്കെ അപ്പുറം നമ്മുടെ സിനിമ ഉണ്ടാക്കുന്ന ഓളം ഉണ്ടല്ലോ അതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കൊമേഴ്‌സ്യല്‍ ചേരുവകളുള്ള, ഹിറ്റാവണം എന്നാഗ്രഹിക്കുന്ന സിനികള്‍ അത്തരത്തിലുള്ളതല്ലേ. കോളേജ് സ്റ്റോറിയൊക്കെ എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ആസ്വദിക്കാന്‍ പറ്റുന്ന സിനിമകള്‍. കത്തി സിനിമകള്‍ എന്റെ ടൈപ്പ് അല്ല. അത്തരം സിനിമകള്‍ കാണാനും എനിക്കത്ര താത്പര്യമില്ല.

ഗിരീഷ് എഡി സംവിധാനം ചെയ്ത മാസ്-ആക്ഷന്‍ മൂവി എന്ന ടൈറ്റില്‍ അപ്പോള്‍ മനസില്‍ ഇല്ലേ.

അത്തരം സിനിമകള്‍ ചെയ്യാന്‍ ആലോചിക്കുമ്പോള്‍ തന്നെ എനിക്കൊരു ചളിപ്പ് തോന്നും. ആക്ഷനൊക്കെ കാണാന്‍ എനിക്കിഷ്ടമാണ്, എങ്കിലും കാരണമേതും ഇല്ലാത്ത ആക്ഷന്‍ എനിക്കത്ര സുഖമുള്ളതായി തോന്നുന്നില്ല. ലോജിക് അല്ല ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഓരോ താരങ്ങളും ഹീറോയിസം കാണിക്കുന്നത് പല തരത്തിലാണ്. ഹീറോയിസം കാണിക്കുന്ന ആള്‍ നമുക്ക് അറിയാത്ത ആള്‍ ആണെങ്കിലും അതില്‍ നിന്ന് ഒരു കിക്ക് കിട്ടിയാലേ അതില്‍ കാര്യമുള്ളൂ. ഒരാള്‍ മുണ്ട് മടക്കിക്കുത്തുമ്പോള്‍ നമുക്ക് ഹീറോയിസം തോന്നുന്നുണ്ടെങ്കില്‍ അതാ വ്യക്തിയെ അയാളുടെ സിനിമകളെ നമുക്ക് അറിയുന്നത് കൊണ്ടാണ്. അയാളെ ആരാധിക്കുന്നത് കൊണ്ടാണ്.
അതേസമയം നമുക്ക് ഒട്ടുമേ അറിയാത്ത വേറെ ഭാഷയിലെ നടനാണ് ആദ്യ രംഗത്തില്‍ തന്നെ ഇത്തരത്തില്‍ ഹീറോയിസം കാണിച്ചാല്‍ ആ ഫീല്‍ നമുക്ക് കിട്ടില്ല. നായകന്റെ സ്റ്റാര്‍ഡം മാത്രം ഉപയോഗിച്ചുള്ള ആക്ഷന്‍ പരിപാടി എനിക്ക് സെറ്റാവില്ല. അങ്ങനത്തെ സിനിമകളുടെ ഫാനല്ല ഞാന്‍.

മലയാളത്തിലെ സൂപ്പര്‍താരങ്ങളെ വച്ചൊരു സിനിമ മനസിലുണ്ടായിരുന്നില്ലേ.

ഉറപ്പായും. അത് പക്ഷേ തുടക്കത്തിലായിരുന്നില്ല. സിനിമ ചെയ്തുതുടങ്ങിയ സമയത്ത് ഞാന്‍ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല. കാരണം ഇതെങ്ങനെ എന്നെക്കൊണ്ട് സാധിക്കും, അങ്ങനൊരു സാഹചര്യം വന്നാല്‍ ഞാന്‍ പാനിക് ആകുമോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് അങ്ങനൊരു ആഗ്രഹം തീവ്രമായി വന്നുതുടങ്ങിയത്. ഞാന്‍ എപ്പോഴും കംഫര്‍ട് സോണില്‍ നിന്ന് സിനിമ ചെയ്യാനാഗ്രഹിക്കുന്ന ആളാണ്. അതത്ര സുഖമുള്ള ഏര്‍പ്പാടല്ല. കാരണം നമ്മള്‍ നമ്മളെത്തന്നെ അവിടെ ലിമിറ്റ് ചെയ്യുകയാണ്. ഇപ്പോള്‍ പക്ഷേ ഭയങ്കരമായി ഞാനാഗ്രഹിക്കുന്നുണ്ട് ലാലേട്ടനെയും മമ്മൂക്കയെയും വച്ചൊരു സിനിമ ചെയ്യണമെന്ന്. അത് പക്ഷേ എന്റെ രീതിയിലുള്ള പടമായിരിക്കണം. എങ്കിലും അവരുടെ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന സിനിമയുമായിരിക്കരുത്. അവരില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കാത്ത സിനിമയായിരിക്കരുത്. അത് എളുപ്പപ്പണിയല്ലെന്ന് എനിക്കറിയാം. അതുകൊണ്ടാണ് അങ്ങനൊരു സിനിമ വൈകുന്നത്. അത് സംഭവിക്കട്ടെ.

തണ്ണീര്‍മത്തന്‍ മുതലിങ്ങോട്ട് വിജയം കൂടെയുണ്ട്. ഹിറ്റ്‌മേക്കര്‍ എന്ന ടാഗ് സമ്മര്‍ദമായിട്ടുണ്ടോ.

അത് എപ്പോഴും സമ്മര്‍ദം തന്നെയാണ്. തണ്ണീര്‍മത്തന്‍ കഴിഞ്ഞപ്പോള്‍ അതുണ്ട്. ഒരു തരത്തില്‍ ആ സമ്മര്‍ദം നല്ലതാണ്. വരുന്ന ഓരോ സിനിമയ്ക്കും നല്ല ശ്രദ്ധ കൊടുക്കാന്‍ സഹായിക്കും. പക്ഷേ, പ്രശ്‌നം എന്താണെന്ന് വച്ചാല്‍ പിന്നീടുള്ള സിനിമകള്‍ക്കായി ഞാന്‍ കാണുന്ന ആള്‍ക്കാര്‍ എന്റെ കയ്യില്‍ നിന്ന് അതുപോലുളള സിനിമകള്‍ പ്രതീക്ഷിക്കും. വ്യത്യസ്തതയുള്ള എന്തെങ്കിലും കൊണ്ട് ചെന്നാല്‍ അയ്യോ നിങ്ങള്‍ ചെയ്യുന്ന സിനിമകള്‍ ഇതല്ലല്ലോ അതാണ് വേണ്ടതെന്ന മറുപടികള്‍ കിട്ടാറുണ്ട്. എന്റെ സിനിമകള്‍ അംഗീകരിക്കപ്പെടുന്നതിന്റെ തെളിവാണ് അതെങ്കിലും പ്രേമലു വേണം, അതുപോലത്തെ പടം വേണം, ചെറിയ ബജറ്റില്‍ നില്‍ക്കുന്ന സിനിമ വേണം എന്ന് ആവശ്യപ്പെട്ട നിര്‍മാതാക്കളുമുണ്ട്. ഒരു സിനിമയ്ക്ക് നമ്മള്‍ പ്രതീക്ഷ നല്‍കിയാല്‍ വരുന്ന സിനിമകള്‍ക്ക് അതുണ്ടാകില്ലേ എന്ന പേടി മനസിലുണ്ടാവും.

ഭയങ്കര ഷൈ ആയ വ്യക്തിയാണ് ഗിരീഷ്. സിനിമ ആഗ്രഹിച്ച സമയത്ത് ഈ ഷൈനസ് വില്ലനാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ.

തീര്‍ച്ചയായും. ഞാനെങ്ങനെ ഒരു സിനിമയൊക്കെ ചെയ്യും എന്ന് ചിന്തിച്ചിട്ടുണ്ട്. സ്വയം ശപിക്കുന്ന അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് ഞാന്‍ ഭയങ്കര ഷൈ ആയിരുന്നു. എന്റെ കംഫര്‍ട് സോണില്‍ നിന്ന് പുറത്ത് കടക്കാന്‍ പേടിച്ചിരുന്ന ആളാണ്. അന്നേരം അങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്. സിനിമ നടക്കില്ലെന്ന് ഉറപ്പിച്ചിരുന്നു, അതുകൊണ്ട് മനസില്‍ നിന്ന് സിനിമ കളയാന്‍ ശ്രമിച്ചു. പക്ഷേ വീണ്ടും വീണ്ടും ആ ആഗ്രഹം കേറി വന്നു. ഷോര്‍ട് ഫിലിം ഒക്കെ ചെയ്ത് തുടങ്ങിയതോടെ ആ ഷൈനസ് മാറിക്കിട്ടി. സിനിമയെ ഒരിക്കലും അത് ബാധിച്ചിട്ടില്ല. പക്ഷേ സ്റ്റേജില്‍ കയറാനോ, മൈക്കിന് മുന്നിൽ സംസാരിക്കാനോ, ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനോ ഷൈനസ് ഇപ്പോഴും ഉണ്ട് കേട്ടോ.

ആരാധകര്‍ കാത്തിരിക്കുന്ന പ്രേമലു 2 എന്ന് സംഭവിക്കും.

പ്രേമലു വിജയം പ്രതീക്ഷിച്ച ചിത്രമാണ്,. പക്ഷേ ഇത്ര വലിയ വിജയമാകുമെന്നും 136 കോടി കളക്ഷന്‍ നേടുമെന്നൊന്നും ചിന്തിച്ചിട്ടേ ഇല്ല. റിലീസ് കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച്ച സംഗതി ക്ലിക് ആയെന്ന് മനസിലായിരുന്നെങ്കിലും 100 കോടിയൊന്നും അപ്പോഴും മനസിലുണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് കണ്ടത് ഞങ്ങളാരും പ്രതീക്ഷിക്കാത്ത ഒരു കുതിപ്പായിരുന്നു. മറ്റ് ഭാഷകളില്‍ വരെ ചിത്രം ഏറ്റെടുത്തു. പ്രേമലു 2 പക്ഷേ ബെത്‌ലഹേം കഴിഞ്ഞിട്ടേ സംഭവിക്കൂ. വിദേശത്ത് ചിത്രീകരണം ഉണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലൊക്കേഷനുണ്ട്.

Content Highlights: Girish AD`s 5th film, Bethlehem Family Unit, starring Nivin Pauly & Mamitha

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article