
നവ്യാ നായർ പങ്കുവെച്ച വീഡിയോയിൽനിന്ന് | സ്ക്രീൻഗ്രാബ്
മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായർക്ക് മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നേകാൽ ലക്ഷം രൂപ പിഴ നൽകേണ്ടിവന്ന സംഭവം കഴിഞ്ഞദിവസം വലിയ വാർത്തയായിരുന്നു. 15 സെന്റിമീറ്റർ മുല്ലപ്പൂവാണ് നടിയുടെ പക്കൽ ഉണ്ടായിരുന്നത്. നവ്യ തന്നെയാണ് തനിക്കുണ്ടായ അനുഭവം ഒരു ചടങ്ങിൽ തുറന്നുപറഞ്ഞത്. ഇപ്പോളിതിന്റെ തുടർച്ചയെന്നോണം ഒരു പോസ്റ്റുമായെത്തിയിരിക്കുകയാണ് നവ്യ. സ്വയം പരിഹസിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണിത്.
വിമാനത്താവളത്തിൽ നിന്നു ഭക്ഷണം കഴിക്കുന്നതിന്റെയും ഫ്ലൈറ്റിൽ കയറുന്നതിന്റെയും ഷോപ്പിങ് നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ് നവ്യ പങ്കുവച്ചത്. കേരള സാരിയുടുത്ത്, തലയിൽ മുല്ലപ്പൂ ചൂടിയാണ് വീഡിയോയിൽ നവ്യയെ കാണാനാവുക. ഇപ്പോഴത്തെ വൈറൽ ഗാനമായ ‘ഓണം മൂഡ്’ ആണ് പശ്ചാത്തലത്തിലുള്ളത്. ‘ഫൈൻ അടിക്കുന്നേന് തൊട്ടുമുൻപുള്ള പ്രഹസനം’ എന്നാണ് തമാശരൂപേണ നവ്യ പോസ്റ്റിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. എല്ലാം തമാശരൂപേണയുള്ളതുതന്നെ. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നടനും സംവിധായകനും മിമിക്രി താരവുമായ രമേഷ് പിഷാരടി കുറിച്ച വാക്കുകളാണ്. അയാം ഫൈൻ, താങ്ക് യൂ എന്നാണ് നവ്യയുടെ വീഡിയോക്ക് രമേഷ് പിഷാരടി കമന്റ് ചെയ്തത്. ഒന്നര ലക്ഷം രൂപയുടെ മുല്ലപ്പൂ ചൂടിയ ആദ്യ സെലിബ്രിറ്റി, നമ്മള് മലയാളികൾ മുല്ലപ്പൂ വച്ചിട്ട് രണ്ടാള് കാണണം.. അതിനു ഇത്തിരി ഫൈൻ അടിച്ചാലും കുഴപ്പമില്ല, മുല്ലപ്പൂവിനൊക്കെ ഇപ്പൊ എന്താ വില... എന്നെല്ലാമാണ് മറ്റു പ്രതികരണങ്ങൾ.
വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനായാണ് നവ്യാ നായർ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിയിൽ സംസാരിക്കവെയാണ് നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം സദസ്സുമായി പങ്കുവെച്ചത്. മുല്ലപ്പൂ കൊണ്ടുപോകാൻ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞ താരം പക്ഷേ അറിവില്ലായ്മ ഒഴികഴിവല്ലെന്നും സമ്മതിച്ചു.
നവ്യാ നായരിൽ നിന്ന് 1980 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യൻ രൂപ) ആണ് ഓസ്‌ട്രേലിയൻ കൃഷിവകുപ്പ് ഈടാക്കിയത്. തിരുവോണദിവസമായിരുന്നു താരത്തിന്റെ ഓസ്‌ട്രേയിലൻ യാത്ര. താൻ മെൽബണിലേക്ക് പോകുകയാണെന്ന് പറഞ്ഞുകൊണ്ട് വിമാനത്തിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടെ കഴിഞ്ഞദിവസം നവ്യാ നായർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
Content Highlights: Actress Navya Nair shares a comic video aft being fined for carrying jasmine flowers astatine Melbourne





English (US) ·