'ഫോൺ റിങ് ചെയ്യുമ്പോൾ ഇന്നസെന്റാകുമോ എന്ന് തോന്നിപ്പോകും, വിട്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല'

9 months ago 7

sathyan-anthikad-innocent

സത്യൻ അന്തിക്കാട്, ഇന്നസെന്റ് | ഫോട്ടോ: ഷഹീർ സി.എച്ച്., രാഹുൽ/മാതൃഭൂമി

ടന്‍ ഇന്നസെന്റിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ സത്യന്‍ അന്തിക്കാട്. സിനിമയുടെ എഴുത്തിനിടയില്‍ വഴിമുട്ടിനിന്നാല്‍ നടന്‍ ശ്രീനിവാസനും താനും ഇന്നസെന്റിന്റെ വീട്ടിലേക്കാണ് പോവാറുണ്ടായിരുന്നതെന്നും ഏതു പ്രതിസന്ധികളും തരണംചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കൈയിലുണ്ടാകുമെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു. ഇന്നസെന്റുമൊത്തുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നസെന്റിന്റെ ഓര്‍മദിനമായ ബുധനാഴ്ച ശ്രീനിവാസനുമായി സംസാരിച്ചെന്നും തങ്ങള്‍ക്കിപ്പോഴും ഇന്നസെന്റ് വിട്ടുപോയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സത്യന്‍ അന്തിക്കാട് കുറിച്ചു. ഇപ്പോഴും അതിരാവിലെ ഫോണ്‍ റിങ്ങ് ചെയ്യുമ്പോള്‍ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകുമെന്നും അദ്ദേഹം പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോള്‍ ഞാന്‍ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.

സിനിമയുടെ എഴുത്തിനിടയില്‍ തിരക്കഥ വഴി മുട്ടി നിന്നാല്‍ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യന്‍. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതില്‍ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികള്‍ തരണം ചെയ്യാന്‍.

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ മോഹന്‍ലാല്‍ ചോദിച്ചു -
'ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂര്‍ണ്ണമാകും?'
'അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി.'
എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ.

ഇപ്പോഴും അതിരാവിലെ ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകള്‍ക്കും ഇന്ന് രണ്ട് വയസ്സ്.

Content Highlights: Sathyan Anthikad remembers Innocent connected his 2nd decease anniversary,

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article