18 വർഷമായി ബിഗ് ബി ഇറങ്ങിയിട്ട്. പക്ഷേ ഇന്നും ബിലാലിന്റെ വീട്ടിലെ ഇളയ ചെക്കനോട് ആളുകൾക്ക് സ്നേഹമുണ്ട്. ഞാൻ ശരിക്കും ഭാഗ്യം ചെയ്തവനാണ്. പറയുകയാണ് ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറി സുമിത് നവാൽ. സുമിത് മലയാളികൾക്കിന്നും ബിജോ ജോൺ കുരിശിങ്കലാണ്. വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് സുമിത്. ബസൂക്കയെക്കുറിച്ച്, മമ്മൂട്ടിയെക്കുറിച്ച്, സ്വന്തം പോലെ സ്നേഹിക്കുന്ന മലയാളികളെക്കുറിച്ച് സുമിത് മനസ് തുറക്കുന്നു.
മലയാളത്തിലേക്ക് വീണ്ടും സ്വാഗതം. കൊച്ചി പഴയ കൊച്ചി തന്നെയാണോ ?
ഒരുപാട് നന്ദി. മലയാളം ഇപ്പോഴും എനിക്ക് വഴങ്ങിയിട്ടില്ല. പക്ഷേ ബിഗ് ബിയിലെ കൊച്ചി പഴയ കൊച്ചി തന്നെയാണോ എന്ന ഡയലോഗ് എനിക്കിന്നും ഓർമയുണ്ട്. കൊച്ചി പഴയ കൊച്ചി തന്നെയാണ്. ആളുകൾ പഴയ ആളുകളും അവർ അന്ന് തന്ന സ്നേഹവും അതുപോലെയുണ്ട്. ഒന്നേ പറയാനുള്ളൂ ഈ സ്നേഹം എനിക്കിനിയും വേണം.

വർഷങ്ങൾക്കിപ്പുറം മലയാളത്തിലേക്ക് എത്തുമ്പോൾ തോന്നുന്നതെന്താണ് ?
വീണ്ടും മലയാളത്തിലേക്ക് വരുമ്പോൾ ഭയങ്കര ഗൃഹാതുരത്വം തോന്നുണ്ട്. അതേ സമയം പുതുമയും. 18 വർഷമായി ബിഗ് ബി ഇറങ്ങിയിട്ട്, പക്ഷേ അന്ന് ബിലാലിന്റെ വീട്ടിലെ ഇളയ ചെക്കൻ ബിജോ ജോൺ കുരിശിങ്കലിന് തന്ന സ്നേഹം അവർ ഇന്നും എനിക്ക് തരുന്നുണ്ട്. അത് വല്ലാത്തൊരു അനുഭവമാണ്. ആ സ്നേഹം ഒരിക്കലും എനിക്ക് നഷ്ടമാവില്ലെന്ന് ഉറപ്പുണ്ട്. ബിഗ് ബിയുടെ ഭാഗമാവാനും ബിജോ എന്ന് വിളിക്കപ്പെടാനും സാധിച്ചത് ഭാഗ്യമായാണ് ഞാൻ കാണുന്നത്.
ബിലാലിന്റെ കുഞ്ഞനുജനായിരുന്നു, വീണ്ടും ഒരു മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുമ്പോൾ ?
മമ്മൂക്കയ്ക്കൊപ്പം വീണ്ടും അഭിനയിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണ്. എല്ലാവരുടെയും സ്വപ്നമാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത്. ഒരു മനുഷ്യന് എന്തെല്ലാം ആകാൻ പറ്റുമോ അതെല്ലാം ഒത്തുച്ചേർന്ന ഒരാളാണ് മമ്മൂക്ക. അതിപ്പോൾ വ്യക്തിത്വത്തിലായാലും അഭിനയത്തിലായാലും ഫാഷന്റെ കാര്യത്തിലായാലും. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചത് തന്നെ എനിക്ക് കിട്ടിയ വലിയ അനുഗ്രഹമാണ്. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഒരവസരം കിട്ടിയാൽ അന്നേരം ഞാൻ പറന്നെത്തും. അതിപ്പോൾ ഒരു സീനായാൽ പോലും അദ്ദേഹത്തിനായി ഞാൻ എത്തിച്ചേർന്നിരിക്കും.

ബസൂക്കയും ബിഗ് ബിയും സെറ്റുകളിൽ എത്രത്തോളം വ്യത്യസ്തമാണ് ?
ബിഗ് ബിയും ബസൂക്കയും രണ്ട് തരത്തിലുള്ള സിനിമയാണ് അതുപോലെ തന്നെയായിരുന്നു അതിന്റെ സെറ്റും. രണ്ടിലും ആകെയുള്ള സാമ്യം മമ്മൂക്കയാണ്. അദ്ദേഹം എന്ത് തൊട്ടാലും അത് പൊന്നാണ്. അത്രയേ എനിക്കിപ്പോൾ പറയാൻ സാധിക്കൂ. കാരണം ബസൂക്കയെക്കുറിച്ച് ഇപ്പോൾ എന്ത് പറഞ്ഞാലും അത് സ്പോയിലർ ആകും.
പിന്നെ അടിപൊളി കോ ആക്ടേഴ്സ് ആയിരുന്നു ബസൂക്കയിലേത്. സംവിധായകൻ ഡിനോ തിരഞ്ഞെടുത്ത ടീം അങ്ങനെയായിരുന്നു. നമ്മുടെ പ്രോജക്ടിനായി അവരുടെ ഏറ്റവും ബെസ്റ്റ് കൊടുക്കാൻ ആഗ്രഹിക്കുന്ന ടീം. അണിയറപ്രവർത്തകരായാലും അങ്ങനെ തന്നെ. ഡിനോ ഒരു നവാഗത സംവിധായകനാണ്. പക്ഷേ മറ്റേതൊരു നവാഗത സംവിധായകനേക്കാളും മികച്ച രീതിയിൽ ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. എന്തൊരു തിരക്കഥയാണ് ബസൂക്കയുടേത്. കംപ്ലീറ്റ് ഗെയിം ത്രില്ലർ, എന്റർടയ്നർ അതാണ് ബസൂക്ക. മമ്മൂട്ടി ആരാധകർക്കുള്ള വിരുന്നാകും ബസൂക്ക.
അച്ഛനും മകനുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ആരാണ് ഏറ്റവും കൂൾ. മമ്മൂക്കയോ അതോ ഡിക്യുവോ ?
രണ്ട് പേരും കൂളാണ്. ഒരേ രക്തമല്ലേ. ഡിക്യുവിനൊപ്പം സിഐഎയിലാണ് അഭിനയിച്ചത്. അതിൽ ഒരേ ഒരു രംഗമേ ഉണ്ടായിരുന്നുള്ളൂ. ഭയങ്കര ടാലന്റ് ഉള്ള നടനാണ് ഡിക്യൂ. ആ രംഗത്തിൽ സത്യത്തിൽ അദ്ദേഹത്തിന്റെ വൺ മാൻ ഷോ ആയിരുന്നെന്ന് പറയാം. അദ്ദേഹത്തെ നോക്കിയിരുന്ന് ഞാൻ സംഭാഷണം മറന്നു. അത്രയ്ക്ക് രസമാണ് അദ്ദേഹം അഭിനയം കണ്ടിരിക്കാൻ തന്നെ. അഭിനയം ഒരൊഴുക്കിൽ അദ്ദേഹത്തിന് സംഭവിക്കുന്നതാണ്. അത് ആ ബ്ലഡിന്റെ ആണ്. ആ കുടുംബത്തിൽ ഉള്ളതാണല്ലോ അത്.
സുമിതിനെ കാണുമ്പോൾ ചെഗുവേരയെപ്പോലെയുണ്ടെന്ന് ചിലർ, ഇമ്രാൻ ഹാഷ്മിയാണോ അതല്ല ജാക്ക് സ്പാരോ ആണോ എന്ന് വേറെ ചിലർ. ഇത് കേൾക്കുമ്പോൾ എന്ത് തോന്നുന്നു ?
ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. നന്ദി. ഈ മീശയൊക്കെ കണ്ടാകും ജാക്ക് സ്പാരോ എന്നൊക്കെ പറയുന്നത്. എങ്കിലും സന്തോഷം
കേരളത്തിൽ ഏത് മുക്കിലും ബിജോയെ അറിയുന്നവരുണ്ടാകുമല്ലോ ?
തീർച്ചയായും. എവിടെ പോകുമ്പോഴും തിരിച്ചറിയപ്പെടുന്നുണ്ട്. എവിടെപ്പോയാലും വിളിക്കുന്നത് ബിജോ ജോൺ കുരിശിങ്കൽ എന്നാണ്. ഇത്തവണ ഫോർട് കൊച്ചിയിൽ പോകാൻ പറ്റിയിട്ടില്ല. ഒരുപാട് നല്ല ഓർമകൾ തന്ന സ്ഥലമാണത്. രണ്ട് ദിവസത്തിനുള്ളിൽ ഞാൻ അവിടെ പോകുന്നുണ്ട്. ബിലാലിന്റെയും മേരിടീച്ചറുടെയും വീട്ടിൽ പോയി ആ പടിക്കെട്ടിൽ നിന്ന് ഒരു ഫോട്ടോ എടുക്കണം.
കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്താ ആദ്യം മനസിൽ വരുന്നത് ?
ഭക്ഷണം അതാണ് ഏറ്റവും ആദ്യം മനസിൽ വരുന്നത്. പ്രത്യേകിച്ച് ചെമ്മീൻ കറിയും അപ്പവും. ആ ടേസ്റ്റ് ഇത് പറയുമ്പോൾ തന്നെ വായിൽ വരുന്നുണ്ട്. പിന്നെ ഇവിടുത്തെ ആളുകൾ. എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ള ഇടമാണ് ഫോർട്ട് കൊച്ചി. ഇവിടെ വന്ന് റിലാക്സ് ചെയ്യാൻ എനിക്കേറെ ഇഷ്ടവുമാണ്.
സിമ്രാൻ മാമിന് നിറയെ ആരാധകരുണ്ട് കേരളത്തിൽ. അവരോട് ചേച്ചിയെക്കുറിച്ച് പറയൂ?
സിമ്രാന്റെ ഏറ്റവും വലിയ ആരാധകൻ ഞാനാണ്. ഭയങ്കര ഡെഡിക്കേറ്റഡ് ആയ, കഠിനാധ്വാനിയായ വ്യക്തിയാണ് അവർ. മികച്ച ഒരു അഭിനേത്രിയുമാണ്. ഒരു ഐക്കൺ എന്ന് വിശേഷിപ്പിക്കാവുന്ന വനിതയാണ് അവർ. സഹോദരനെന്ന നിലയിൽ ഞാനവരെ ഒരുപാട് സ്നേഹിക്കുന്നു, പക്ഷേ അതിലേറെ ഞാവനരെ ആരാധിക്കുന്നുമുണ്ട്.

സിമ്രാന്റെ ആദ്യ മലയാള സിനിമ ഇന്ദ്രപ്രസ്ഥത്തിൽ മമ്മൂക്കയായിരുന്നല്ലോ ഹീറോ. അന്നാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഫാൻ ബോയ് മൊമന്റ്.അന്ന് ഞാന് ചെറിയ പയ്യനാണ്. പക്ഷേ അക്കഥയൊന്നും ഞാൻ അദ്ദേഹത്തോട് ഇതുവരെ പറഞ്ഞിട്ടില്ല കേട്ടോ. ഒരു ഫോട്ടോ പോലും അന്ന് ഒരുമിച്ച് എടുക്കാൻ പറ്റിയിട്ടില്ല. പക്ഷേ അന്ന് ആരാധനയോടെ നോക്കിക്കണ്ട ആ വ്യക്തിക്കൊപ്പം ഇന്ന് അഭിനയിക്കാൻ സാധിച്ചതാണ് എന്റെ ഭാഗ്യം.
Content Highlights: Sumeet Naval`s Return to Malayalam Cinema, Bazooka





English (US) ·