'ബുര്‍ഖ സിറ്റി' കോപ്പിയടിച്ച് ഉണ്ടാക്കിയതോ 'ലാപതാ ലേഡീസ്'? അതിശയിപ്പിക്കുന്ന സാമ്യം, വിമര്‍ശനം 

9 months ago 6

kiran rao, laapataa ladies poster

കിരൺ റാവു - Photo: PTI | ലാപതാ ലേഡീസ് സിനിമയുടെ പോസ്റ്റർ

കോപ്പിയടി വിവാദത്തില്‍ കുടുങ്ങി 'ലാപതാ ലേഡീസ്'. പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് കിരണ്‍ റാവു സംവിധാനം ചെയ്ത് 2024-ല്‍ ഇറങ്ങിയ ലാപതാ ലേഡീസ്. ലോസ്റ്റ് ലേഡീസ് എന്ന പേരില്‍ ആഗോളതലത്തില്‍ ഇറങ്ങിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രിയടക്കം നിരവധി നേട്ടങ്ങളും കരസ്ഥമാക്കിയിരുന്നു. സൂപ്പര്‍താരചിത്രങ്ങളടക്കം പൊട്ടിപ്പാളീസായിക്കൊണ്ടിരുന്ന സമയത്താണ് ബോളിവുഡിന്റെ രക്ഷകയെന്നോണം കിരണ്‍ തന്റെ ചെറിയ ചിത്രവുമായി എത്തി വലിയ വിജയം നേടിയത്.

ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സും ജിയോ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ പുതുമുഖങ്ങളായിരുന്നു പ്രധാനകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചത്. ബോളിവുഡിന്റെ വര്‍ണശബളമായ ലോകത്തുനിന്നും മാറി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ നേര്‍ചിത്രം കാട്ടിത്തന്ന ലാപതാ ലേഡീസ് ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ജീവിതകാലം മുഴുവന്‍ മുഖപടം ധരിച്ച് ജീവിക്കേണ്ടിവരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ യാഥാസ്ഥിതിക കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെ രസകരമായി, അതേസമയം സത്ത ഒത്തും ചോരാതെ അഭ്രപാളിയിലെത്തിച്ച കിരണ്‍ റാവുവിനെ പ്രേക്ഷകരും നിരൂപകരും പ്രശംസകൊണ്ട് മൂടി.

പ്രതിഭ റാന്‍ട, നിതാന്‍ഷി ഗോയല്‍, സ്പര്‍ഷ് ശ്രീവാസ്തവ, രവി കിഷന്‍, ഛായ കദം തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇക്കഴിഞ്ഞ iifa-യിലും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു. മികച്ച സിനിമ, മികച്ച കഥ, മികച്ച തിരക്കഥ, മികച്ച സംവിധായിക, മികച്ച എഡിറ്റിങ്, മികച്ച സംഗീതസംവിധായകന്‍, മികച്ച നടി, മികച്ച നവാഗത നടി, മികച്ച സഹനടന്‍ എന്നിങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം ഇപ്പോള്‍ വലിയ വിമര്‍ശനത്തിനാണ് പാത്രമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ലാപതാ ലേഡീസ് 2019-ല്‍ ഇറങ്ങിയ ഒരു അറബി ഹ്രസ്വചിത്രത്തിന്റെ കോപ്പിയടിയാണെന്നാണ് സോഷ്യല്‍മീഡിയയുടെ പുതിയ കണ്ടെത്തല്‍.

ഫാബ്രിസ് ബ്രാഖിന്റെ സംവിധാനത്തില്‍ 2019-ല്‍ ഇറങ്ങിയ 'ബുര്‍ഖ സിറ്റി' എന്ന ഹ്രസ്വചിത്രത്തില്‍ നിന്നും അടിച്ചുമാറ്റിയതാണ് കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ് എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്ന വാദം. ഇത് തെളിയിക്കുന്ന തരത്തിലുള്ള ബുര്‍ഖ സിറ്റിയിലെ സീനുകളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കിരണ്‍ റാവു ബോളിവുഡിനേയും പ്രേക്ഷകരേയും പറ്റിക്കുകയായിരുന്നു എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കിരണിന് അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ ലാപതാ ലേഡീസിന് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം തിരിച്ചുനല്‍കണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെടുന്നു.

പുതുതായി വിവാഹം കഴിച്ച ഒരു ചെറുപ്പക്കാരന്‍ ബുര്‍ഖ ധരിച്ച തന്റെ ഭാര്യ, മറ്റൊരു സ്ത്രീയുമായി മാറിപ്പോയതായി മനസിലാക്കുകയും പിന്നീട് അവളെ കണ്ടെത്താന്‍ ശ്രമിക്കുന്നതുമാണ് ബുര്‍ഖ സിറ്റിയുടെ കഥ. ബുര്‍ഖ ധരിച്ച പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്ന രസികനായ പോലീസ് ഉദ്യോഗസ്ഥനടക്കം ഈ ഹ്രസ്വചിത്രത്തിലുമുണ്ട്. ലാപതാ ലേഡീസ് യഥാര്‍ത്ഥമാണെന്നാണ് കരുതിയതെന്നും ഇത് തങ്ങള്‍ക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കിയെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു. മുന്‍ ഭാര്യക്കൊപ്പം ചേര്‍ന്ന് ആമിര്‍ഖാനും പ്രേക്ഷകരെ ചതിക്കാന്‍ കൂട്ടുനിന്നു എന്നെല്ലാം നീളുന്നു കമന്റുകള്‍. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇതുവരെയും സിനിമയുമായി ബന്ധപ്പെട്ട ആരും പ്രതികരിച്ചിട്ടില്ല.

Content Highlights: laapataa ladies transcript of burqa metropolis controversy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article