'ബെസ്റ്റ് വിഷസ് ഇച്ചാക്ക'; മമ്മൂട്ടിയുടെ 'ബസൂക്ക'യ്ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

9 months ago 7

mammootty mohanlal bazooka

മോഹൻലാൽ മമ്മൂട്ടിക്കൊപ്പം, ബസൂക്ക പ്രീ റിലീസ് ട്രെയിലർ പോസ്റ്ററിൽനിന്ന്‌ | Photo: Special Arrangement

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത 'ബസൂക്ക' വ്യാഴാഴ്ച പുറത്തിറങ്ങും. കാത്തിരിപ്പിന് ആവേശം വര്‍ധിപ്പിച്ച് റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയിലര്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്‌റ്റൈലിഷ് ടീസറാണ് റിലീസിന് തൊട്ടുമുമ്പായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

മലയാളത്തിന്റേയും തന്റേയും പ്രിയപ്പെട്ട മമ്മൂട്ടിയുടെ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. പ്രീ റിലീസ് ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ 'ഇച്ചാക്കയ്ക്ക്' ആശംസകള്‍ നേര്‍ന്നത്. 'ബെസ്റ്റ് വിഷസ് ഡിയര്‍ ഇച്ചാക്ക ആന്‍ഡ് ടീം', എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ലിങ്ക് ഷെയര്‍ ചെയ്തത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. എമ്പുരാന്‍ ഇറങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിന് ആശംസയുമായി മമ്മൂട്ടി എത്തിയിരുന്നു. 'ചരിത്ര വിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്പുരാന്‍ സിനിമയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ലോകത്തിലെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിന് ആകമാനം അഭിമാനമാകുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നു', എന്നായിരുന്നു മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജും 'ബസൂക്ക' പ്രീ റിലീസ് ട്രെയിലര്‍ പങ്കുവെച്ച് ആശംസ നേര്‍ന്നിട്ടുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് 'ബസൂക്ക' നിര്‍മിച്ചിരിക്കുന്നത്. വമ്പന്‍ ആഗോള റിലീസായി എത്തുന്ന 'ബസൂക്ക' കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ 'ബസൂക്ക' മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായാണ് അവതരിപ്പിക്കുന്നത്. അള്‍ട്രാ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടീസര്‍, ട്രെയ്ലര്‍, പോസ്റ്ററുകള്‍ എന്നിവ സൂചിപ്പിക്കുന്നു.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ബെഞ്ചമിന്‍ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസര്‍ കഥാപാത്രമായാണ് ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Content Highlights: Mammootty`s stylish enactment thriller `Bazooka`- pre-release trailer and Mohanlal`s wishes

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article