ഭയപ്പെടുത്തിയും ആക്രമിച്ചും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് തടയിടരുത്, സിപിഎമ്മും മോശമല്ല- ചെന്നിത്തല

9 months ago 9

Mohanlal successful  Movie Empuraan, Ramesh Chennithala

എമ്പുരാൻ സിനിമയിൽ മോഹൻലാൽ, രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭയപ്പെടുത്തിയും ആക്രമിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി 'എമ്പുരാന്‍' സിനിമ വീണ്ടും സെന്‍സര്‍ ചെയ്യപ്പെടുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കലയും സാഹിത്യവും സിനിമയും നാടകവുമൊക്കെ അതത് കാലത്തോടുള്ള മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. ഇത്തരം കലാരൂപങ്ങളിലൂടെ ഉയര്‍ന്നുവരുന്ന സാമൂഹ്യവിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും മുന്നോട്ടു പോകുമ്പോഴാണ് ജനാധിപത്യം സാധ്യമാകുന്നത്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത കലയുടെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയില്‍ ഒരു സംഘടിത പ്രസ്ഥാനവും വളര്‍ത്തിക്കൊണ്ടുവരരുത്. - ചെന്നിത്തല പറഞ്ഞു.

'കഴിഞ്ഞ ദിവസം റിലീസായ മോഹന്‍ലാല്‍ ചിത്രം കണ്ടില്ല. പക്ഷേ, അതിനെതിരെയുള്ള കടുത്ത അസഹിഷ്ണുതാപരമായ നിലപാടുകള്‍ സംഘപരിവാര്‍ സംഘടനകളും അണികളും നടത്തുന്നത് ശ്രദ്ധയില്‍ പെട്ടു. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തിയ കേരള സ്റ്റോറി എന്ന സിനിമയ്ക്കനുകൂലമായി വ്യാപക മാര്‍ക്കറ്റിങ് ഏറ്റെടുത്ത അതേ സംഘപരിവാര്‍ ശക്തികള്‍ തന്നെയാണ് തങ്ങളുടെ ചില മുന്‍കാലചെയ്തികളുടെ റഫറന്‍സുകള്‍ ഉണ്ട് എന്ന പേരില്‍ ഒരു വാണിജ്യ സിനിമയെ കടന്നാക്രമിക്കുന്നത്. ഇത്ര അസഹിഷ്ണുത ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കു യോജിച്ചതല്ല. ഭയപ്പെടുത്തിയും ആക്രമിച്ചും കലയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാം എന്നു കരുതരുത്. ഈ വിരട്ടലില്‍ വീണുപോകരുതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കാനുള്ളത്.

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നിരവധി പ്രൊപ്പഗാന്‍ഡാ സിനിമകള്‍ക്കു പിന്തുണയും സഹായവും ചെയ്തവരാണ് ബിജെപിക്കാര്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടിക്ക് അനുകൂലമായി പ്രൊപ്പഗാന്‍ഡ സിനിമകള്‍ ചെയ്യുന്നവരുമാണ്. അവര്‍ ഒരു വാണിജ്യ സിനിമയിലെ ഒന്നോ രണ്ടോ ഡയലോഗുകളുടെ പേരില്‍ ഇത്രയേറെ വെറി പിടിക്കണ്ട കാര്യമില്ല. മലയാളമടക്കം മിക്ക ഭാഷയിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്ന സിനിമകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതിനെ ജനാധിപത്യസ്വാതന്ത്ര്യമായി അംഗീകരിക്കുക മാത്രമാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും ചെയ്തിട്ടുള്ളത്. എന്നാല്‍ ബിജെപി അങ്ങനെയല്ല അതിനെ കൈകാര്യം ചെയ്യുന്നത്.

ഇക്കാര്യത്തില്‍ സിപിഎമ്മും ഒട്ടും ഭേദമല്ല. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' പോലെയുള്ള സിനിമകള്‍ക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ചാല്‍ തന്നെ സിപിഎമ്മിന്റെ അസഹിഷ്ണുത ബോധ്യപ്പെടും. ഒരു കലാരൂപത്തെ കലാരൂപമായി മാത്രം കാണുക എന്നതാണ് ഇക്കാര്യത്തില്‍ ശരിയായ നിലപാട്. ഇല്ലെങ്കില്‍ കശാപ്പ് ചെയ്യപ്പെടുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമായിരിക്കും'- ചെന്നിത്തല വ്യക്തമാക്കി.

എമ്പുരാന്‍ റിലീസിന് പിന്നാലെ ചിത്രം ചര്‍ച്ച ചെയ്ത രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമര്‍ശങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ചിത്രത്തിനെതിരേ രംഗത്തെത്തി. ഇതിനുപിന്നാലെ 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളില്‍ എത്തിക്കാന്‍ തീരുമാനമായിരുന്നു. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരിലും മാറ്റം വരുത്തും. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര്, സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ എന്നിവ ഒഴിവാക്കും. ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളില്‍ മ്യൂട്ട് ചെയ്യുന്നത് ഉള്‍പ്പടെ 17 ഇടങ്ങളിലാകും കട്ട് വരുന്നത്.

Content Highlights: ramesh chennithala reacts against sensor chopped successful empuraan movie

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article