ഭരത്ചന്ദ്രൻ സ്റ്റൈലിൽ ശുചിത്വ കാമ്പയിൻ ഉദ്ഘാടനംചെയ്ത് സുരേഷ് ​ഗോപി; ആവേശത്തോടെ കൈയടിച്ച് കുട്ടികൾ

6 months ago 6

suresh gopi

ജസ്റ്റ് റിമംബർ...: കോട്ടയം എംഡി സെമിനാരി സ്‌കൂളിൽ കേന്ദ്രസർക്കാരിന്റെ 'സ്വച്ഛത പക്‌വാഡ' ശുചിത്വ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലവിളക്കുകൊളുത്താനായി നൽകിയ ഗ്യാസ് ലൈറ്റർ സിനിമാസ്റ്റൈലിൽ തോക്കുപോലെ ഉയർത്തി സദസ്സിനെ കാണിച്ചപ്പോൾ. പരിസ്ഥിതിപ്രവർത്തകൻ ശ്രീമൻ നാരായൺ, പ്രിൻസിപ്പൽ ഡോ. ജേക്കബ് ജോൺ, ഐഒസി സിജിഎം ഗീതികവർമ, പ്രധാനധ്യാപകൻ ഡാനിഷ് ജോൺ, കൗൺസിവർ ജയ്‌മോൾ ജോസഫ് തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി

കോട്ടയം: ഭരത്‌ചന്ദ്രൻ സ്റ്റൈലിൽ സുരേഷ്‌ ഗോപി കൈ ഉയർത്തി. പണ്ട്‌ തീയേറ്ററുകളെ ഇളക്കിമറിച്ച കമ്മിഷണർ സിനിമയിലെ അതേ സ്റ്റൈൽ. കൈയിൽ തോക്കുപോലുള്ള ലൈറ്റർ. കുട്ടികൾ ആവേശത്തോടെ കൈയടിച്ചു. വേദിയിലും സദസ്സിലും ചിരി ഉയർന്നു.

ആ ലൈറ്റർക്കൊണ്ട്‌ സ്റ്റൈലായി അദ്ദേഹം നിലവിളക്ക്‌ കൊളുത്തി. കേന്ദ്രസർക്കാരിന്റെ ശുചിത്വ കാമ്പയിനായ സ്വഛതാ പഖ്‍വാഡയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം കോട്ടയം എംഡി സെമിനാരി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘‘ മണ്ണിലേക്ക്‌ പിറന്ന നമ്മൾക്ക്‌ ഒരു ‘ലിസ്‌റ്റിലും’ ഉൾപ്പെടുത്താനാകാത്ത ഉത്തരവാദിത്വം ഈ മണ്ണിനോടുണ്ട്‌. അത്‌ നിറവേറ്റിയാൽ മാത്രമേ നമുക്ക്‌ മണ്ണിനോട്‌ ചേരാൻ കഴിയൂ. മണ്ണിനോട്‌ ചെയ്യുന്ന ദ്രോഹത്തിന്റെ അളവെങ്കിലും കുറയ്ക്കണം’’-സുരേഷ്‌ ഗോപി പറഞ്ഞു.

മരം നടുകയെന്നത്‌ നമുക്ക്‌ ഇപ്പോൾ നിയമമല്ല. എന്നാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ വനവത്‌കരണം ലിഖിതമായ നിയമമാണ്‌. എന്നാലും ജൂൺ അഞ്ചിന്‌ കുഞ്ഞുങ്ങളൊക്കെ മഴ നനഞ്ഞ്‌ മരം നടുന്നത്‌ കാണുമ്പോൾ സന്തോഷമുണ്ട്‌. മണ്ണ്‌, മനുഷ്യൻ, മൃഗം, മരം. ഇത്‌ നാലും പ്രധാനമാണ്‌. മണ്ണിനും മനുഷ്യനും മൃഗത്തിനും യോജിച്ച ശരിയായ മരമാണ്‌ നടേണ്ടത്‌.

കുട്ടികൾ അണ്ണാറക്കണ്ണൻമാരേപ്പോലെ തന്നാലാകുന്നത്‌ ചെയ്‌താൽ ഭൂമിയെ അമ്മയെപ്പോലേ നിലനിർത്താം. ഭൂമിക്കുള്ള മനുഷ്യന്റെ സംഭാവനയെന്ന നിലയിലാണ്‌ കേന്ദ്രസർക്കാർ ഈ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. കുട്ടികൾ ഈ ശുചിത്വ കാമ്പയിന്റെ പ്രചാരകരാകണമെന്നും അദ്ദേഹം പറഞ്ഞു.

ജൂലായ്‌ ഒന്നുമുതൽ 15 വരെയാണ്‌ ശുചിത്വ കാമ്പയിൻ. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലതാ പ്രേംസാഗർ, പരിസ്‌ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ, ഐഒസി സിജിഎം ഗീതിക വെർമ്മ, എംഡി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ, പ്രഥമാധ്യാപകൻ ഡാനീഷ് ജോൺ, കൗൺസിലർ ജയ്‌മോൾ ജോസഫ്, ഐഒസി ഡിജിഎം (എച്ച്‌ആർ) ബീന മേനോൻ എന്നിവർ പ്രസംഗിച്ചു.

Content Highlights: Union Minister Suresh Gopi launched Swachhata Pakhwada successful Kottayam with a unsocial style

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article