ഭരിക്കുന്നവരുടെ കൈയിലെ ആയുധം; സിനിമയുടെ പേരിനുപോലും സെന്‍സര്‍ ബോര്‍ഡ് കട്ട് പറയുമ്പോള്‍ 

6 months ago 6

ജാനകി -ഒരു പേരിന്റെ പേരില്‍ വീണ്ടും ഒരു സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുമ്പോള്‍ സിനിമപോലെ സ്വതന്ത്രമായ ഒരു കലാപ്രവര്‍ത്തനത്തിന് സെന്‍സറിങ് ആവശ്യമാണോ എന്ന ചോദ്യം വീണ്ടും പ്രസക്തമാകുകയാണ്. അഭിനേതാവും കേന്ദ്രമന്ത്രിയുംകൂടിയായ സുരേഷ് ഗോപി നായകനായ ജെഎസ്‌കെ (ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള) എന്ന സിനിമയ്ക്കാണ് ജാനകി എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് അടുത്തിടെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതിനെതിരേ ഒട്ടേറെ പ്രതിഷേധങ്ങളുയര്‍ന്നിട്ടും തങ്ങളുടെ തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല.

സിനിമാനിര്‍മാതാക്കള്‍ക്ക് അവസാനം കോടതിയെ ആശ്രയിക്കേണ്ടിവന്നു. പോയവര്‍ഷം ഇതിനുസമാനമായി ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേരിലെ ഭാരത മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. മാറ്റിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന ഭീഷണിയില്‍ അവസാനം നിര്‍മാതാക്കള്‍ക്ക് സിനിമ പ്രദര്‍ശനത്തിനെത്തിക്കാന്‍ പേരിലെ ഭാരത ഒഴിവാക്കേണ്ടിവന്നു. സിനിമയുടെ പ്രമേയം എന്തായിരിക്കണമെന്നും പേര് എന്തായിരിക്കണമെന്നുമൊക്കെ കലാകാരനോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം കോടതി നടത്തിക്കഴിഞ്ഞു.

ഇന്ത്യയില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്ന എല്ലാ സിനിമകളും അതിനുമുന്‍പ് സിബിഎഫ്‌സി (സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍)യെ കാണിച്ച് അനുമതിവാങ്ങണം. പേര്, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ എന്നിവയുടെപേരില്‍ പ്രദര്‍ശനാനുമതി നിഷേധിക്കുക, പ്രദര്‍ശനാനുമതി ലഭിച്ച സിനിമകളെത്തന്നെ രാഷ്ട്രീയശക്തി ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങി ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു മുകളിലേക്കുള്ള ഭീകരമായ കടന്നുകയറ്റമാണ് അടുത്തകാലത്തായി ഇന്ത്യയില്‍ നടക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് രൂപവത്കരിച്ച കാലംമുതല്‍ ഭരണകൂടങ്ങള്‍ സിനിമയെ നിയന്ത്രിക്കാന്‍ പലവിധത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ കരുവാക്കുന്നുണ്ട്.

സെന്‍സര്‍ ബോര്‍ഡിന്റെ പിറവി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ലോകത്ത് സിനിമ ജനപ്രിയമായിമാറിയത്. പലയിടങ്ങളിലും സിനിമാ പൊതുപ്രദര്‍ശനത്തിനിടെ പ്രശ്‌നങ്ങളുണ്ടായതോടെ 1909-ല്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് ലോകത്താദ്യമായി സിനിമാനിയമം കൊണ്ടുവന്നത്. പൊതുപ്രദര്‍ശനത്തിന് ലൈസന്‍സ് ലഭ്യമാക്കുകയായിരുന്നു ആദ്യനിയമത്തിലൂടെ ചെയ്തത്. എന്നാല്‍, ഈ നിയമത്തെ ഉപയോഗപ്പെടുത്തി പ്രാദേശിക ഭരണകൂടങ്ങള്‍ തങ്ങളെ വിമര്‍ശിക്കുന്ന സിനിമകള്‍ക്ക് ആ കാലത്തുതന്നെ ലൈസന്‍സ് നിഷേധിച്ചിരുന്നു.

1913-ല്‍ ആദ്യ ഇന്ത്യന്‍ സിനിമയായ രാജ ഹരിശ്ചന്ദ്ര പ്രദര്‍ശിപ്പിക്കപ്പെട്ടതോടെ ഇന്ത്യയിലും സിനിമ ജനപ്രിയമായി. 1918-ല്‍ ഇന്ത്യന്‍ സിനിമാറ്റോഗ്രാഫ് ആക്ട് നിലവില്‍വന്നു. ഇന്ത്യയില്‍ ഫിലിം സെന്‍സര്‍ഷിപ്പിന് തുടക്കമിടുന്നത് ഈ നിയമത്തോടെയാണ്. ബ്രിട്ടീഷ് രാജാവിനെതിരേയും സര്‍ക്കാരിനെതിരേയും വിമര്‍ശനങ്ങള്‍ പാടില്ല, അനാവശ്യമായി സ്ത്രീശരീരപ്രദര്‍ശനം പാടില്ല എന്നിവയായിരുന്നു ഈ നിയമത്തിലെ പ്രധാനനിബന്ധനകള്‍. സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുന്ന സിനിമകളെ തടയുക എന്നതായിരുന്നു ഈ നിയമത്തിന്റെ പ്രധാനലക്ഷ്യം.

ഇതിന്റെ ഭാഗമായി ആദ്യമായി നിരോധിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമയായി 1921-ല്‍ പുറത്തിറങ്ങിയ നിശ്ശബ്ദചിത്രമായ ഭക്ത വിദൂര്‍ മാറി. ഗാന്ധിത്തൊപ്പിയും ഖാദിവസ്ത്രവും ഇതിലെ പ്രധാനകഥാപാത്രം ധരിച്ചതും വര്‍ത്തമാനകാല ഇന്ത്യയിലെ പല രാഷ്ട്രീയസംഭവങ്ങള്‍ പരാമര്‍ശിച്ചതുമാണ് നിരോധനത്തിനുള്ള കാരണമായത്. 1939-ല്‍ തമിഴ് ചിത്രം ത്യാഗഭൂമി നിരോധിച്ചതും ഗാന്ധിയെ മഹത്ത്വവത്കരിക്കുന്നു എന്ന കാരണം പറഞ്ഞാണ്. പിന്നീടുള്ള ഓരോവര്‍ഷം കഴിയുംതോറും കൂടുതല്‍ സിനിമകള്‍ക്കുമേല്‍ കത്രികവീണു.

ഇന്ത്യ സ്വതന്ത്രയായശേഷം 1952-ലാണ് ഇന്ത്യന്‍ സിനിമാറ്റോഗ്രാഫ് ആക്ട് നിലവില്‍വരുന്നത്. ഇന്ന് രാജ്യത്ത് നിലവിലുള്ള സെന്‍സര്‍ ബോര്‍ഡിന്റെയും സെന്‍സര്‍ നിയമങ്ങളുടെയും അടിസ്ഥാനം ഈ നിയമമാണ്. സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ ഈ ആക്ടിന്റെ ഭാഗമായാണ് തീരുമാനിക്കുന്നത്. ഇതിലേക്കുള്ള ആള്‍ക്കാരെ നിയമിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനും നല്‍കി. അന്നുതൊട്ട് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികള്‍ അവര്‍ക്ക് താത്പര്യമുള്ളവരെയാണ് സെന്‍സര്‍ ബോര്‍ഡില്‍ നിയമിക്കാറുള്ളത്. സിനിമകളില്‍ തങ്ങള്‍ക്കെതിരായ ഏതുനീക്കത്തെയും മുളയിലേ നുള്ളാന്‍ ഇതിലൂടെ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കും.

എന്താണ് സെന്‍സര്‍ ബോര്‍ഡ്

സിനിമകള്‍ കണ്ട് വിലയിരുത്തി പ്രദര്‍ശന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. ബോര്‍ഡിലെ അംഗങ്ങളെയും ചെയര്‍മാനെയും കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നു. സെന്‍ട്രല്‍ ബോര്‍ഡിനുകീഴില്‍ വിവിധയിടങ്ങളിലായി പ്രാദേശിക (റീജണല്‍) ബോര്‍ഡുകളുമുണ്ട്. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി, കട്ടക്ക്, ഗുവാഹാട്ടി എന്നിവിടങ്ങളിലാണ് റീജണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലും ലക്ഷദ്വീപിലും പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ കാണേണ്ടത് തിരുവനന്തപുരം റീജണല്‍ ബോര്‍ഡാണ്. നാലുതരം സര്‍ട്ടിഫിക്കറ്റുകളാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കുന്നത്. അതില്‍ ഏതാണോ സിനിമയുടെ ഉള്ളടക്കത്തിന് യോജിച്ചത് അതു നല്‍കിയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് പ്രദര്‍ശനാനുമതിനല്‍കുന്നത്. രണ്ടരമണിക്കൂര്‍ നീളമുള്ള ഒരു വാണിജ്യസിനിമകണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 30,000 രൂപ സെന്‍സര്‍ ബോര്‍ഡില്‍ കെട്ടിവെക്കണം. ഒരിക്കല്‍ പ്രദര്‍ശനാനുമതിലഭിച്ച സിനിമയില്‍ എന്തു മാറ്റംവരുത്തണമെങ്കിലും നിര്‍മാതാവ് അത് രേഖാമൂലം സെന്‍സര്‍ ബോര്‍ഡിനെ അറിയിക്കണം. ശേഷം പുതിയ അനുമതിവാങ്ങണം.

സെന്‍സര്‍ ബോര്‍ഡ് നീക്കിയ രംഗങ്ങള്‍ സിനിമയില്‍ കാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവോ ഒരുലക്ഷം രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷലഭിക്കാം. ലോകത്താകമാനം സെന്‍സറിങ് എന്ന വാക്ക് ജനാധ്യപത്യവിരുദ്ധമാണെന്ന വിലയിരുത്തല്‍വന്ന ഘട്ടത്തില്‍ പലരാജ്യങ്ങളും ഫിലിം സര്‍ട്ടിഫിക്കറ്റ് ബോര്‍ഡ് എന്നാക്കി സെന്‍സര്‍ ബോര്‍ഡിന്റെ പേരുമാറ്റി. എന്നാല്‍, പേരുമാറ്റത്തിനപ്പുറം നിയമങ്ങളില്‍ വലിയമാറ്റങ്ങളൊന്നും ആരും നടത്തിയില്ല. 1983-ല്‍ സിനിമാറ്റോഗ്രാഫ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ഇന്ത്യയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെന്‍സറിങ് എന്ന പേരുമാറ്റി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്നാക്കിയത്.

ഭരിക്കുന്നവരുടെ ആയുധം

നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം എന്ന വാശിയില്‍ സെന്‍സര്‍ ബോര്‍ഡ് സിനിമകളെ സമീപിച്ചാല്‍ ഭൂരിഭാഗത്തിനും പ്രദര്‍ശനാനുമതി കൊടുക്കാതിരിക്കാന്‍ സാധിക്കും. കാരണം അത്രമാത്രം കര്‍ക്കശമായ കാര്യങ്ങളാണ് ഇന്ത്യന്‍ സെന്‍സര്‍ നിയമത്തില്‍ പറയുന്നത്. എഴുപതു വര്‍ഷത്തിലധികം പിന്നിട്ടിട്ടും ഒരു സര്‍ക്കാരും സെന്‍സര്‍ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍വരുത്താന്‍ തുനിഞ്ഞിട്ടില്ല. കാരണം നിലവിലുള്ള സെന്‍സര്‍ നിയമങ്ങള്‍ സര്‍ക്കാരിന് അനുകൂലമാണ് എന്നതുതന്നെ.

2021-ലാണ് സിനിമാറ്റോഗ്രാഫ് ബില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഭേദഗതി ചെയ്തത്. സെന്‍സര്‍ ബോര്‍ഡിനുമുകളില്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയാണ് ഈ ഭേദഗതിയിലൂടെ ചെയ്തത്. സെന്‍സര്‍ ബോര്‍ഡില്‍നിന്ന് പ്രദര്‍ശാനുമതി ലഭിച്ചില്ല എങ്കില്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാന്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് 2021 വരെ സാധിക്കുമായിരുന്നു. എന്നാല്‍, 2021 ഭേദഗതിയിലൂടെ ഈ ട്രിബ്യൂണലിനെ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കി.

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ സിനിമയാണെങ്കില്‍പ്പോലും അത് നിരോധിക്കാനോ പ്രദര്‍ശനാനുമതി റദ്ദുചെയ്യാനോയുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു നല്‍കി. സെന്‍സര്‍ ബോര്‍ഡില്‍നിന്ന് പ്രദര്‍ശനാനുമതി ലഭിക്കാത്ത ചിത്രങ്ങള്‍ക്ക് അനുമതിലഭിക്കാന്‍ ഹൈക്കോടതിയെമാത്രമേ ഈ ഭേദഗതിക്കുശേഷം സമീപിക്കാനാകൂ. കോടതി ഉത്തരവിന് കാലതാമസമെടുക്കും എന്നിരിക്കെ ചിത്രത്തിന്റെ പ്രദര്‍ശനം ഇതുവഴി നീട്ടിവെക്കപ്പെടുന്നു.

മാറ്റങ്ങള്‍ വേണം

സെന്‍സറിങ് നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്നാണ് ചലച്ചിത്രപ്രവര്‍ത്തകരുടെ അഭിപ്രായം. ഇതിനെക്കുറിച്ച് ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍പേഴ്‌സനും എഡിറ്ററുമായ ബീനാ പോള്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: ''യഥാര്‍ഥത്തില്‍ സെന്‍സര്‍ഷിപ്പിനു പകരം സിനിമാ സര്‍ട്ടിഫിക്കേഷന്‍ മാത്രമാണുവേണ്ടത്. അതായത് ഒരു സിനിമ ഏതു പ്രായത്തിലുള്ളവര്‍ക്ക് കാണാന്‍സാധിക്കുന്നതാണ് എന്നതുമാത്രം രേഖപ്പെടുത്തി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കണം.

അതിനപ്പുറം ഒന്നും ആവശ്യമില്ല. അത്തരമൊരു ഗ്രേഡിങ് നല്‍കി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന കമ്മിറ്റിയില്‍ വ്യത്യസ്തമേഖലയിലുള്ളവരെ അംഗങ്ങളായി നിയമിക്കണം. സൈക്കോളജിസ്റ്റ്, സോഷ്യോളജിസ്റ്റ്, പരിസ്ഥിതിപ്രവര്‍ത്തകന്‍ അങ്ങനെ വ്യത്യസ്തമേഖലയിലുള്ള ആള്‍ക്കാര്‍വേണം. എങ്കില്‍മാത്രമേ കൃത്യമായ ഗ്രേഡിങ് നടപ്പാക്കാന്‍ സാധിക്കൂ. എന്നാല്‍, ഒരു സര്‍ക്കാരും അത് നടപ്പാക്കില്ല, കാരണം സെന്‍സര്‍ നിയമങ്ങളുടെ ഏറ്റവുംവലിയ ഗുണഭോക്താവ് സര്‍ക്കാര്‍തന്നെയാണ്.''

കലഹിച്ച സിനിമകള്‍

അടിയന്തരാവസ്ഥക്കാലത്താണ് കേന്ദ്രസര്‍ക്കാര്‍ അമിതമായി സെന്‍സര്‍ ബോര്‍ഡിനെ സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ചത്. ആന്ധി, കിസ്സ കുര്‍സി ക എന്നീ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത് ഈ സമയത്താണ്. ശ്യാം ബെനഗലിന്റെ നിശാന്ത് എന്ന ചിത്രവും പ്രദര്‍ശനാനുമതി ലഭിക്കാതെ തടഞ്ഞുവെക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കുശേഷവും പ്രദര്‍ശനാനുമതിക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനു മുന്നിലെത്തിയ പലസിനിമകളും വെട്ടിമാറ്റാന്‍ ആവശ്യപ്പെടുകയും അനുമതിനല്‍കാതിരിക്കുകയും ചെയ്തത് വിവാദമായിട്ടുണ്ട്.

ഇന്‍ഷാ അള്ള, ഇന്ത്യാസ് ഡോട്ടര്‍, പാഞ്ച്, ഹവാ ആനേ ഡേ, ഉഡ്താ പഞ്ചാബ്, ഫിറാക്ക്, പര്‍സാനിയ, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ഫയര്‍, ബാന്‍ഡിറ്റ് ക്വീന്‍, സന്തോഷ്, ചായംപൂശിയ വീട് എന്നിവയെല്ലാം ആ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായ സിനിമകളാണ്. ഇതില്‍ ചില സിനിമകള്‍ സെന്‍സര്‍ ബോര്‍ഡിനെതിരേ കോടതിയിലെത്തുകയും അനുകൂലവിധി സമ്പാദിച്ച് പ്രദര്‍ശനാനുമതി നേടിയിട്ടുമുണ്ട്. എന്നാല്‍, മറ്റുചിലവ വെട്ടിമാറ്റാനാകില്ലെന്ന നിലപാടെടുക്കുകയും തിയേറ്റര്‍ റിലീസ് ചെയ്യാതിരിക്കുകയുമായിരുന്നു.

Content Highlights: janaki vs authorities of kerala movie and movie censor board

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article