'ഭീകരമാണ് എന്റെ മുഖം, ഇത് സിനിമ തന്നതാണ്, ഭാര്യയും മക്കളുംവരെ പേടിക്കുന്നു'

9 months ago 8

stunt thyagarajan

ത്യാഗരാജൻ (വലത്ത്) (Photo: ബി.മുരളീകൃഷ്ണൻ | മാതൃഭൂമി)

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപൂര്‍ണമായ ഇരുപത്തിയൊന്നു മാസങ്ങളായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. ആക്ഷന്‍ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ അടിയന്തരാവസ്ഥ അടിമുടി ഉലച്ചുകളഞ്ഞു. ഭരണകൂടത്തോടു മാത്രമല്ല അതുവരെ അന്നം തന്നിരുന്ന സിനിമയോടുപോലും വെറുത്തുപോയ ഒരുപാട് മനുഷ്യര്‍ അക്കാലത്ത് മദിരാശിയിലുണ്ടായിരുന്നു. യുക്തിശൂന്യമായ നിയമങ്ങളുടെ ഫലമായി ജീവിക്കാന്‍ ഗതിയില്ലാതെ പട്ടിണികിടന്ന് ആത്മഹത്യചെയ്യേണ്ടിവന്ന എത്രയോപേരെ ആ കാലത്തിന്റെ ഓര്‍മകളില്‍ കണ്ടെത്താം. സ്റ്റണ്ട്, വാഹനങ്ങളുടെ ചെയ്സിങ്, കാതടപ്പിക്കുന്ന ശബ്ദം, മൃഗങ്ങള്‍ ഇതൊന്നും സിനിമയില്‍ പാടില്ലെന്ന് അടിയന്തരാവസ്ഥയുടെ ഭാഗമായി വന്ന നിയമങ്ങളിലുണ്ടായിരുന്നു.

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ 'ഇനി നല്ല സിനിമയുടെ കാലം' എന്ന തലക്കെട്ടോടെ പ്രശസ്ത സംവിധായകന്‍ കെ. ബാലചന്ദര്‍ തമിഴിലെ പ്രമുഖ പത്രത്തില്‍ ഒരു ലേഖനം എഴുതി. ആക്ഷന്‍ സിനിമകളുടെ ശില്‍പ്പികളെയെല്ലാം അടിമുടി പുച്ഛിച്ചുകൊണ്ടുള്ള ആ ലേഖനം വായിച്ച് ആരും പ്രതികരിച്ചതായി കണ്ടില്ല. അപ്പോഴാണ് ത്യാഗരാജന്‍ ശക്തമായ പ്രതികരണവുമായി ബാലചന്ദറിനു നേരെ ആഞ്ഞടിച്ചത്. ഇന്ത്യയിലെ വലിയൊരു പ്രേക്ഷകസമൂഹം ആക്ഷന്‍ സിനിമകള്‍ കാണാനാഗ്രഹിക്കുന്നവരാണ്. തെരുവില്‍ ജോലിചെയ്യുന്നവര്‍ മുതല്‍ അക്കാദമിക് തലത്തിലെ പണ്ഡിതന്മാര്‍ വരെ കുടുംബസമേതമാണ് ആക്ഷന്‍ സിനിമകള്‍ കാണുന്നത്. സാഹസികത നിറഞ്ഞ സംഘട്ടനരംഗങ്ങളൊക്കെ അവരെ വലിയരീതിയില്‍ തസ്രിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലുമൊക്കെ ആക്ഷന് വലിയ പ്രാധാന്യംതന്നെ നല്‍കിയിട്ടുണ്ട്. മഹാഭാരതയുദ്ധംതന്നെ നല്ലൊരുദാഹരണമാണ്. രാമായണത്തിലെയും മഹാഭാരതത്തിലെയും സംഘട്ടനമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ ഏതെങ്കിലും വായനക്കാരന്റെ മാനസികനില തകരാറിലായതായി ബാലചന്ദറിന് പറയാമോ? ത്യാഗരാജന്റെ പല ചോദ്യങ്ങള്‍ക്കും ആക്ഷന്‍ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും മറുപടി നല്‍കാന്‍ ബാലചന്ദറിനായില്ല. ത്യാഗരാജന്‍ ഒരുകാര്യം കൂടി ബാലചന്ദറിനോടു ചോദിക്കുന്നുണ്ട്: 'ഭാര്യയുമൊത്ത് രാത്രി സെക്കന്‍ഡ് ഷോ കണ്ട് തിരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയെ ഏതെങ്കിലുമൊരുത്തന്‍ കയറിപ്പിടിച്ചാല്‍ ബാലചന്ദര്‍ നോക്കിനില്‍ക്കുകയാണോ ചെയ്യുക? ഒരുപക്ഷേ, സ്റ്റണ്ട് സിനിമകള്‍ ഇല്ലാതായാല്‍ നല്ല സിനിമ ഉണ്ടാവുമെന്ന് വിശ്വസിക്കുന്ന അദ്ദേഹം ഇത്രയുംകൂടി മനസ്സിലാക്കണം. സ്വന്തം ഭാര്യയെ ആരെങ്കിലും പീഡിപ്പിച്ചാല്‍ അത് കണ്ടുനില്‍ക്കാനാവാതെ വീട്ടിലേക്ക് ഓടിപ്പോയി വെള്ളം ചൂടാക്കി ഭാര്യ വരുന്നതുവരെ കാത്തിരുന്ന് ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് അവള്‍ വീട്ടിലേക്കു കയറിവന്നാല്‍ ചൂടുവെള്ളമുണ്ടാക്കി വെച്ചിട്ടുണ്ട് കുളിച്ചുവരൂ എന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയായിരിക്കും ബാലചന്ദര്‍ ചെയ്യുക. എന്നാല്‍ നിങ്ങള്‍ പുച്ഛിക്കുന്ന, സ്റ്റണ്ട് ഉപജീവനമാക്കിയ എന്നെപ്പോലുള്ള ആളുകള്‍ അമ്മയുടെയോ ഭാര്യയുടെയോ സഹോദരിമാരുടെയോ നേരെ ആരെങ്കിലും മോശമായ പ്രവൃത്തി ചെയ്തുവെന്നറിഞ്ഞാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയല്ല ചെയ്യുക. അങ്ങനെയൊരു മോഹം വീണ്ടും ആവര്‍ത്തിക്കാന്‍ അതു ചെയ്തവനെ ബാക്കിവെച്ചേക്കില്ല. ഇതുതന്നെയാണ് ഞങ്ങള്‍ സിനിമയില്‍ ചെയ്യുന്നത്. അതു കാണാന്‍ ലക്ഷക്കണക്കിനാളുകള്‍ പ്രേക്ഷകരായി ഞങ്ങളുടെ മുന്നിലുള്ളപ്പോള്‍ ഇനിയും ആക്ഷന്‍ സിനിമകള്‍ ഇവിടെ ഉണ്ടാവുകതന്നെ ചെയ്യും.' ത്യാഗരാജന്റെ രൂക്ഷവിമര്‍ശനം സിനിമാലോകത്ത് പരക്കെ ചര്‍ച്ചചെയ്യപ്പെട്ടു. ബുദ്ധിജീവിസിനിമകളെടുത്തവരെല്ലാം ബാലചന്ദറിനൊപ്പമായിരുന്നു. പക്ഷേ, മുഖ്യധാരാസിനിമയുടെ ഭാഗമായവരെല്ലാം ത്യാഗരാജന്റെ അഭിപ്രായത്തെ ശരിവെച്ചു.

balachander

കെ.ബാലചന്ദർ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്​സ്

സംഘട്ടനകലയെ മാത്രം ആശ്രയിച്ച് ജീവിച്ചവര്‍, സാങ്കേതികവിദഗ്ദ്ധര്‍, സിനിമാ ഷൂട്ടിങ്ങിനുവേണ്ടി മൃഗങ്ങളെ എത്തിച്ചുകൊടുക്കുന്ന വിഭാഗക്കാര്‍ അങ്ങനെ ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ അടിയന്തരാവസ്ഥ തച്ചുതകര്‍ത്തപ്പോള്‍ ത്യാഗരാജനും സിനിമ വിട്ട് നാട്ടിലേക്കു തിരിച്ചുപോകാനൊരുങ്ങി. റെഡ്ഡിമാങ്കുപ്പത്ത് എന്തെങ്കിലും കൃഷി ചെയ്ത് ജീവിക്കാമെന്നായിരുന്നു തീരുമാനം. ത്യാഗരാജന്‍ സിനിമ വിടുകയാണെന്ന വാര്‍ത്ത ചലച്ചിത്രലോകം മുഴുവന്‍ അറിഞ്ഞു. സംവിധായകന്‍ ശശികുമാറും ശ്രീകുമാരന്‍ തമ്പിയും ത്യാഗരാജനെ കാണാന്‍ വീട്ടിലെത്തി. 'ഒരുമാസം ത്യാഗരാജനും കുടുംബത്തിനും ജീവിക്കാന്‍ എത്ര പൈസ വേണം?' ശ്രീകുമാരന്‍ തമ്പിയാണ് ചോദിച്ചത്.

മറുപടിയൊന്നും പറയാതിരുന്ന ത്യാഗരാജനോട് ശശികുമാര്‍ പറഞ്ഞു: 'മാസം അയ്യായിരം രൂപ ഞങ്ങള്‍ വീട്ടിലെത്തിച്ചു തരും. സിനിമ വിട്ട് ത്യാഗരാജന്‍ മറ്റെങ്ങും പോകരുത.്'
നീണ്ട ഇരുപത്തിയൊന്നു മാസങ്ങള്‍ ആ തുക കൃത്യമായി ത്യാഗരാജന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതുവരെ, സിനിമകളില്‍ സ്റ്റണ്ടല്ലാത്ത മിന്നിമറയുന്ന ഡ്യൂപ്പുവേഷങ്ങള്‍ ചെയ്ത് പിടിച്ചുനില്‍ക്കാന്‍ ത്യാഗരാജന് കരുത്തു നല്‍കിയത് ശശികുമാറും ശ്രീകുമാരന്‍ തമ്പിയുമാണ്.
അടിയന്തരാവസ്ഥയ്ക്കും പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഫൈറ്റര്‍ സീതാറാം എന്ന സീതാരാമന്‍ അപകടത്തില്‍പ്പെടുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റര്‍ രാമകൃഷ്ണന് സംഭവിച്ചതിനു സമാനമായ ദുരന്തമായിരുന്നു സീതാറാമിനുമുണ്ടായത്. കൊഞ്ചും ചിലങ്കൈ എന്ന സിനിമയുടെ ചിത്രീകരണം എം.ജി. ആറിന്റെ വീടിനടുത്ത് നടക്കുകയാണ്. ജെമിനി ഗണേശനും മനോഹറുമാണ് ചിത്രത്തിലെ നായകനും വില്ലനും. മനോഹറിനുവേണ്ടിയാണ് സീതാറാം ഡ്യൂപ്പായത്. ചുറ്റും തീയിട്ട് അതിനു മദ്ധ്യത്തില്‍ നിന്നായിരുന്നു ഫൈറ്റ്. ഒരാള്‍പ്പൊക്കത്തില്‍ തീ ആളിപ്പടരുന്നുണ്ട്. സീതാറാം ഗംഭീരമായി ഫൈറ്റ് ചെയ്തുകൊണ്ടിരുന്നു. ജെമിനിഗണേശനു വേണ്ടി ഡ്യൂപ്പിട്ട ആളില്‍നിന്നു പറ്റിയ ഒരു കൈയബദ്ധം സീതാറാമിനെ തീയിലേക്കാണ് എടുത്തെറിഞ്ഞത്. വസ്ത്രത്തിലേക്കു പടര്‍ന്നുകയറിയ തീ പെട്ടെന്ന് സീതാറാമിന്റെ തലമുടിയിലേക്കു വരെ ഉയര്‍ന്നു. അതോടെ അയാളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു. എളുപ്പത്തില്‍ തീയണച്ചെങ്കിലും സീതാറാമിന്റെ മുഖമാകെ കരിഞ്ഞുപോയിരുന്നു. മാസങ്ങളോളം ആശുപത്രിയില്‍ കിടന്നു. ജീവന്‍ തിരിച്ചുകിട്ടിയെന്നല്ലാതെ പിന്നീട് ഒരു സാധാരണ മനുഷ്യനെപ്പോലെ പുറത്തിറങ്ങി നടക്കാന്‍ സീതാറാമിനു കഴിഞ്ഞില്ല.

മുഖത്തിന്റെ പാതി മറച്ചാണ് പിന്നീട് സീതാറാം യാത്ര ചെയ്തത്. ആ രൂപംവെച്ച് ഒരു ചായക്കടയില്‍പോലും അയാള്‍ക്കു കയറാനായില്ല. അത്രയേറെ പേടിപ്പെടുത്തുന്നതായിരുന്നു ആ മുഖം. സ്റ്റണ്ട് യൂണിയന്റെ സഹായം കിട്ടിയെങ്കിലും അത് സീതാറാമിന്റെ ജീവിതത്തിലുണ്ടായ മുന്‍ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ പോലും പര്യാപ്തമായിരുന്നില്ല. മറ്റൊരു ജോലിക്കും പോകാനാവാതെ അയാള്‍ നരകിച്ച് ജീവിക്കാന്‍ തുടങ്ങിയ ഘട്ടത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും. വിശക്കുന്നുണ്ട്, ഭക്ഷണം കഴിക്കണം, വീട്ടില്‍ കഞ്ഞി വെച്ചിട്ടില്ല എന്നൊക്കെ പറഞ്ഞ് പലപ്പോഴും തന്റെ മുന്നിലെത്തിയ സീതാറാമിനെ ഒരിക്കല്‍പ്പോലും നിരാശനാക്കി ത്യാഗരാജന്‍ മടക്കിയയച്ചില്ല. നാളെ തനിക്കും ഈയവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നേക്കാം എന്ന ചിന്ത ത്യാഗരാജനിലുണ്ടായിരുന്നു.

സിനിമയില്‍ സ്റ്റണ്ടിന്റെ ഭാഗമായി നിലകൊണ്ട വലിയൊരു ജനവിഭാഗത്തിന്റെ ജീവിതമാണ് അടിയന്തരാവസ്ഥ കശക്കിയെറിഞ്ഞത്. സങ്കടങ്ങളും പരാതികളും പറയാന്‍ യൂണിയന്‍ ഓഫീസ് ഉണ്ടായിട്ടും ഏറെപ്പേരും എത്തിയത് ത്യാഗരാജന്റെ അടുക്കലേക്കാണ്. ജോലിയില്ലാതായപ്പോള്‍ പട്ടിണികിടന്ന് പലരുടെയും മാനസികനില തകര്‍ന്നു. അതിലൊരാളായിരുന്നു ഫൈറ്റര്‍ രാമന്‍. അന്നന്ന് കിട്ടുന്നത് അന്നന്നുതന്നെ പൊടിച്ചുതീര്‍ക്കുക എന്നതായിരുന്നു അയാളുടെ രീതി. ഫൈറ്റിനിടയില്‍ എത്ര പരിക്കു പറ്റിയാലും രാമനതൊരു വിഷയമല്ല. എത്ര റിസ്‌കുള്ള രംഗങ്ങളും ഏറ്റെടുത്ത് ചെയ്യാന്‍ കഴിവുള്ള രാമന് നേരം ഇരുട്ടാകുമ്പോള്‍ വാറ്റുചാരായം നിര്‍ബന്ധമാണ്. അതുതേടി നേരം പുലരുംവരെ അലയാനും അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജോലിയില്ലാതെ നരകിച്ച രാമന് ഭക്ഷണത്തിനുവേണ്ടി പലരുടെയും മുമ്പില്‍ കൈനീട്ടേണ്ടതായി വന്നു. ഭരണകൂടത്തോടുള്ള പ്രതിഷേധം മുഴുവന്‍ അയാള്‍ തെരുവില്‍ നിന്ന് വിളിച്ചുപറഞ്ഞു. മദ്യപിച്ച അവസ്ഥയിലാണെങ്കില്‍ രാമന്റെ ഭാഷ അശ്ലീലമാവും. ജീവിക്കാന്‍ ഗതിയില്ലാതായപ്പോള്‍ രാമന്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ വന്നു. ആവശ്യമില്ലാതെ പലരോടും തര്‍ക്കിച്ചു. ചിലപ്പോഴെല്ലാം തല്ലുകൂടലിലും എത്തിച്ചേര്‍ന്നു. തെരുവിലെ ഒരു തട്ടുകടയുടെ മുമ്പില്‍വെച്ചുണ്ടായ സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് രാമന്‍ കുറേനാള്‍ ശയ്യാവലംബിയായി. പരസഹായമില്ലാതെ നടക്കാന്‍ പറ്റിയ അവസ്ഥയിലെത്തിയെങ്കിലും അയാള്‍ക്ക് ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ വന്നു. ഒടുവില്‍ താമസിച്ചിരുന്ന വാടകവീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് രാമന്‍ തന്റെ ജീവിതം അവസാനിപ്പിച്ചത്.

അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലുമായി സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനുവന്ന ഒട്ടേറെ ചെറുപ്പക്കാര്‍ മറ്റൊരു ഗതിയുമില്ലാതെ വന്നപ്പോള്‍ സ്റ്റണ്ടുകാരുടെ നിരയിലേക്കു ചേക്കേറി. ജീവന്‍ പോയാലും വേണ്ടില്ല കുറച്ചു പണം സമ്പാദിക്കാമെന്ന ചിന്തയോടെ കടന്നുവന്ന അവരിലേറെപ്പേരുടെയും ജീവിതം അടിയന്തരാവസ്ഥ ഛിന്നഭിന്നമാക്കി. മദിരാശി പട്ടണത്തിന്റെ വഴിയോരങ്ങളില്‍ ചായയടിച്ചും ചെരിപ്പുതുന്നിയും കുട നന്നാക്കിയുമൊക്കെ ജീവിതം മുന്നോട്ടുകൊണ്ടുപോയ സ്റ്റണ്ടുകാരുടെ മെലിഞ്ഞുണങ്ങിയ രൂപങ്ങള്‍ അടിയന്തരാവസ്ഥയുടെ ബാക്കിപത്രമെന്നോണം പില്‍ക്കാലത്ത് ത്യാഗരാജന്‍ കണ്ടിട്ടുണ്ട്.

അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്‍ക്കു വിരാമം കുറിച്ച് ആറേഴുമാസം കടന്നുപോയപ്പോഴാണ് വിഷ്ണുവര്‍ദ്ധന്‍ നായകനായ വിജയ വിക്രം എന്ന കന്നട സിനിമയുടെ ഷൂട്ടിങ്ങിന് ത്യാഗരാജന്‍ വിശാഖപട്ടണത്ത് എത്തുന്നത്. താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് തൊട്ടടുത്ത ഷൂട്ടിങ് ലൊക്കേഷനിലേക്ക് പലപ്പോഴും സൈക്കിള്‍റിക്ഷയിലാണ് ത്യാഗരാജന്‍ സഞ്ചരിച്ചത്. വിജയ വിക്രം സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പല കാര്യങ്ങളും റിക്ഷക്കാരന്‍ ആദ്യദിവസം തന്നെ അദ്ദേഹത്തോടു ചോദിച്ചുതുടങ്ങി. സിനിമാതത്പരനായ ഒരാളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങളായി മാത്രമേ അതെല്ലാം ത്യാഗരാജന് തോന്നിയുള്ളൂ. വളരെ വേഗത്തില്‍ റിക്ഷ ഓടിച്ചുകൊണ്ടിരുന്ന അയാളുടെ മുഖത്തിന്റെ വലിയൊരു ഭാഗം ചുവന്ന തുണികൊണ്ട് മറച്ചിരുന്നു. കണ്ണുകള്‍ കൊണ്ടാണ് സംസാരിക്കുന്നതെന്നു തോന്നിപ്പോകുന്ന അയാളുടെ ചോദ്യങ്ങള്‍ക്കെല്ലാം വല്ലാത്തൊരു മൂര്‍ച്ചയുണ്ടായിരുന്നു. ലൊക്കേഷനു മുമ്പില്‍ റിക്ഷ നിര്‍ത്തിയപ്പോള്‍ ത്യാഗരാജന്‍ അയാളോടു ചോദിച്ചു: 'സിനിമയെക്കുറിച്ച് നിങ്ങള്‍ക്ക് ഇത്രയേറെ അറിവുകള്‍ എവിടുന്ന് കിട്ടി?'
'സിനിമയില്‍ ജീവിച്ചതുകൊണ്ട,്' മറുപടി പെട്ടെന്നായിരുന്നു.
വല്ലാത്തൊരമ്പരപ്പോടെ ത്യാഗരാജന്‍ വീണ്ടും ചോദിച്ചു: 'നിങ്ങളെന്തിനാണ് മുഖം മറച്ചിരിക്കുന്നത്?'
ആ ചോദ്യത്തിനുള്ള മറുപടിയും ഉടനെ വന്നു: 'മറ്റുള്ളവരെ ഭയപ്പെടുത്താ
തിരിക്കാന്‍.'
'കാരണം?'
'അത്രയേറെ ഭീകരമാണ് എന്റെ മുഖം.'
അയാളോട് പിന്നീടൊന്നും ചോദിക്കാന്‍ ത്യാഗരാജനു തോന്നിയില്ല. എന്നിട്ടും അയാള്‍ തുടര്‍ന്നു, 'ഈ മുഖം എനിക്ക് തന്നത് സിനിമയാണ്. പക്ഷേ, സിനിമയില്‍ വരുമ്പോള്‍ എന്റെ മുഖം സുന്ദരമായിരുന്നു. അത് ഈ രൂപത്തിലാക്കിയത് സിനിമതന്നെയാണ് സാര്‍...' അയാള്‍ തന്റെ മുഖം മറച്ച ചുവന്ന കട്ടിയുള്ള തുണി എടുത്തുമാറ്റി.
ആ മുഖം കണ്ട് ഒരു നിമിഷം ത്യാഗരാജന്‍ അമ്പരന്നു. 'സീതാറാം നിങ്ങളിവിടെ...?'
'പിറന്ന മണ്ണില്‍ ഈ രൂപത്തില്‍ ജീവിക്കാന്‍ കഴിയാതെ വന്നതുകൊണ്ട് ഇങ്ങോട്ടു പോന്നു. ഭാര്യയും മക്കളുംവരെ എന്നെക്കണ്ട് പേടിക്കുന്നു. പിന്നെ ഞാനെന്തു ചെയ്യണം? നാടുവിടുകയല്ലാതെ മറ്റൊരു നിവൃത്തിയുമുണ്ടായിരുന്നില്ല സാര്‍. റിക്ഷയോടിച്ച് കിട്ടുന്ന പൈസയില്‍നിന്ന് മരുന്നിനും ഭക്ഷണത്തിനുമുള്ളതു മാത്രമെടുത്ത് ബാക്കി തുക മുഴുവന്‍ ഞാന്‍ ഭാര്യയുടെ പേരില്‍ അയച്ചുകൊടുക്കും. എനിക്കവരെ കാണാന്‍ കൊതിയാവുന്നുണ്ട്. പക്ഷേ, അവര്‍ക്കെന്നെ കാണാന്‍...' സീതാറാം മുഴുമിപ്പിച്ചില്ല. എന്തെങ്കിലും പറയുന്നതിനു മുമ്പ്, ചുവന്ന തുണികൊണ്ട് പെട്ടെന്ന് മുഖം മറച്ച് വേഗത്തില്‍ റിക്ഷയോടിച്ച് അയാള്‍ അകന്നകന്നു പോയി. സീതാറാമിന്റെ ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തിയത് അടിയന്തരാവസ്ഥ തന്നെയായിരുന്നു. ആക്ഷന്‍ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ എന്തെങ്കിലും ജോലി നല്‍കി അയാളെ ത്യാഗരാജന്‍ ഒപ്പം നിര്‍ത്തുമായിരുന്നു. ഏറ്റവും നല്ല ഫൈറ്ററെന്ന നിലയ്ക്കല്ല, സീതാറാം നല്ലൊരു മനുഷ്യനായതുകൊണ്ടു മാത്രം. പിന്നീടൊരിക്കലും സീതാറാമിനെ ത്യാഗരാജന്‍ കണ്ടിട്ടില്ല. വിശാഖപട്ടണത്തെത്തുമ്പോഴെല്ലാം പല റിക്ഷക്കാരോടും സീതാറാമിനെക്കുറിച്ച് അന്വേഷിച്ചു. ആര്‍ക്കും അയാളുടെ മുഖം ഓര്‍മ്മയില്ലായിരുന്നു. എല്ലാവര്‍ക്കു മുന്നിലും ചുവന്നതുണികൊണ്ടു മറച്ച ആ മുഖം ആര്‍ക്കാണ് ഓര്‍ത്തെടുക്കാനാവുക?

(തുടരും)

Content Highlights: Emergency India stuntmen movie manufacture K. Balachander Thyagarajan Seetharaman conflict tamil movie

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article