ഇന്ത്യന്‍ സംഗീതലോകത്തെ സവിശേഷമായ ശബ്ദമായി കണക്കാക്കപ്പെടുന്ന ഡോ. ഭൂപന്‍ ഹസാരികയുടെ ജന്മദിനമാണിന്ന്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കംകുറിക്കുകയാണ്. ഭൂപന്‍ ഹസാരികയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ കുറിപ്പ്.
ഇമ്പമോടൊരു ജീവിതം
ഇന്ത്യന്‍ സംസ്‌കാരത്തെയും സംഗീതത്തെയും സ്‌നേഹിക്കുന്ന ഏവര്‍ക്കും സെപ്റ്റംബര്‍ എട്ട് ഏറെ സവിശേഷമാണ്; വിശേഷിച്ച് അസമിലെ എന്റെ സഹോദരീസഹോദരന്മാര്‍ക്ക്. കാരണം, ഇന്ത്യന്‍ സംഗീതലോകത്തെ സവിശേഷ ശബ്ദമായി കണക്കാക്കപ്പെടുന്ന ഡോ. ഭൂപന്‍ ഹസാരികയുടെ ജന്മദിനമാണിത്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കംകുറിക്കുകയാണ്.
സംഗീതത്തിന് അതീതമാണ് ഭൂപന്‍ ദാ നമുക്കുനല്‍കിയ കാര്യങ്ങള്‍. ഈണത്തിനുമപ്പുറം അദ്ദേഹത്തിന്റെ കൃതികള്‍ ഹൃദയത്തില്‍ ആഴത്തില്‍ സ്പന്ദിക്കുന്ന അനുഭൂതി പകരുന്നു. ശബ്ദംമാത്രമായിരുന്നില്ല, അദ്ദേഹം ജനങ്ങളുടെ ഹൃദയതാളമായിരുന്നു. ദയ, സാമൂഹികനീതി, ഐക്യം, ആഴത്തില്‍ വേരൂന്നിയ സ്വത്വം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങള്‍കേട്ടാണ് ഒട്ടേറെ തലമുറകള്‍ വളര്‍ന്നത്.
മാനവികതയുടെ ശബ്ദം
അസമില്‍നിന്നുയര്‍ന്ന ആ ശബ്ദം, കാലാതീതമായ നദിപോലെ ഒഴുകി, അതിര്‍ത്തികളും സംസ്‌കാരങ്ങളും കടന്ന്, മാനവികതയുടെ സത്ത ഉള്‍ക്കൊണ്ട ഒന്നായിരുന്നു. ഭൂപന്‍ ദാ ലോകമാകെ സഞ്ചരിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളുമായി അദ്ദേഹം ഇടപഴകി. എന്നാല്‍, അസമിലെ തന്റെ വേരുകളുമായി അദ്ദേഹം ആഴത്തിലുള്ള ബന്ധം പുലര്‍ത്തിപ്പോന്നു. അസമിലെ സമ്പന്നമായ വാമൊഴിപാരമ്പര്യങ്ങള്‍, നാടോടി ഈണങ്ങള്‍, സാമൂഹിക കഥപറച്ചില്‍രീതികള്‍ എന്നിവ അദ്ദേഹത്തിന്റെ ബാല്യത്തെ ആഴത്തില്‍ രൂപപ്പെടുത്തി. ഈ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ കലാപരമായ പദാവലിയുടെ അടിത്തറയായി.
നന്നേ ചെറുപ്പത്തില്‍ത്തന്നെ ഭൂപന്‍ ദായില്‍ പ്രതിഭയുടെ മിന്നലാട്ടം ദൃശ്യമായിരുന്നു. വെറും അഞ്ചുവയസ്സുള്ളപ്പോള്‍, അദ്ദേഹം ഒരു പൊതുപരിപാടിയില്‍ പാടി. അസം സാഹിത്യത്തിലെ പ്രമുഖവ്യക്തിത്വമായ ലക്ഷ്മിനാഥ് ബെസ്ബറുവയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ആ ശബ്ദത്തിനു കഴിഞ്ഞു. കൗമാരത്തിലെത്തുമ്പോഴേക്കും അദ്ദേഹം തന്റെ ആദ്യഗാനം റെക്കോഡുചെയ്തിരുന്നു. എന്നാല്‍, സംഗീതം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഒരു ഭാഗം മാത്രമായിരുന്നു. അത്രത്തോളം ബൗദ്ധികനിലവാരമുള്ള വ്യക്തികൂടിയായിരുന്നു ഭൂപന്‍ ദാ. ജിജ്ഞാസയും വാചാലതയും നിറഞ്ഞ, ലോകത്തെ മനസ്സിലാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്താല്‍ നയിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. പഠിക്കാനുള്ള ഈ ആഗ്രഹമാണ് അദ്ദേഹത്തെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ കോട്ടണ്‍ കോളേജില്‍ മികവുപുലര്‍ത്താന്‍ സഹായിച്ചതും അമേരിക്കയിലേക്കു യാത്രചെയ്യാന്‍ പ്രേരിപ്പിച്ചതും. അവിടെ അദ്ദേഹം അക്കാലത്തെ പ്രമുഖ അക്കാദമികവിദഗ്ധരുമായും ചിന്തകരുമായും സംഗീതജ്ഞരുമായും ഇടപഴകി.
സാമൂഹികപ്രതിബദ്ധത
അമേരിക്കയില്‍ തുടരാനുള്ള അവസരം ഭൂപന്‍ ദായ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം തിരികെ ഇന്ത്യയിലെത്തി സംഗീതത്തില്‍ മുഴുകി. റേഡിയോമുതല്‍ നാടകംവരെയും സിനിമമുതല്‍ വിദ്യാഭ്യാസ ഡോക്യുമെന്ററികള്‍വരെയും അദ്ദേഹം നിറഞ്ഞു. അദ്ദേഹത്തിന്റെ കൃതികള്‍ ഗാനരചനയുടെ കലാസൗന്ദര്യത്തിനുപുറമേ, സാമൂഹികസന്ദേശങ്ങളും അടങ്ങുന്നതായിരുന്നു. ദരിദ്രര്‍ക്കുള്ള നീതി, ഗ്രാമവികസനം, സാധാരണപൗരരുടെ ശക്തി എന്നിവയെ സ്പര്‍ശിക്കുന്ന സന്ദേശങ്ങള്‍ അദ്ദേഹം നല്‍കി.
'ഏകഭാരതം, ശ്രേഷ്ഠഭാരതം' എന്ന മനോഭാവം ഭൂപന്‍ ഹസാരികയുടെ ജീവിതയാത്രയില്‍ കരുത്തോടെ പ്രതിഫലിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ കൃതികള്‍ ഭാഷാപരവും പ്രാദേശികവുമായ അതിരുകള്‍ മറികടന്നു. അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിലെ ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു. അസമിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ദൃശ്യവും ശബ്ദവുമായി പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഭൂപന്‍ ദാ രാഷ്ട്രീയവ്യക്തിത്വമല്ലായിരുന്നെങ്കിലും പൊതുസേവനലോകവുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
രാജ്യത്തിന്റെ സ്വത്ത്
ഇന്ത്യയിലെ ജനങ്ങളും ഗവണ്മെന്റും വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ അംഗീകരിച്ചുവരുന്നു. പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. 2019-ല്‍, ഞങ്ങളുടെ ഭരണകാലത്ത് അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കപ്പെട്ടത്, എന്‍ഡിഎ ഗവണ്മെന്റിനും വ്യക്തിപരമായി എനിക്കും അഭിമാനകരമായിരുന്നു.
2011-ല്‍ ഭൂപന്‍ ദാ അന്തരിച്ച സമയം ഞാന്‍ ഓര്‍ക്കുകയാണ്. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ ലക്ഷക്കണക്കിനുപേര്‍ പങ്കെടുത്തത് ഞാന്‍ ടെലിവിഷനില്‍ കണ്ടിരുന്നു. ആ സമയത്ത് എല്ലാ കണ്ണുകളും ഈറനണിഞ്ഞിരുന്നു. മരണത്തിലും ജീവിതത്തിലെന്നപോലെ, അദ്ദേഹം ജനങ്ങളെ ഒരുമിച്ചു കൊണ്ടുവന്നു.
ഭൂപന്‍ ഹസാരികയെന്ന സ്വത്ത് രാജ്യത്തിന്റെ അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ ശതാബ്ദിവര്‍ഷത്തിന്റെ തുടക്കം ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത നമുക്ക് ആവര്‍ത്തിക്കാം. സംഗീതം, കല, സംസ്‌കാരം എന്നിവയെ പിന്തുണയ്ക്കുന്നതിനും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതു പ്രചോദനമേകട്ടെ. സര്‍ഗാത്മകതയുടെയും കലാമികവിന്റെയും ഉജ്ജ്വലവേദിയായി ഇന്ത്യയെ പരിവര്‍ത്തനംചെയ്യാനുള്ള ശ്രമങ്ങള്‍ക്കും ഇതു നമ്മെ പ്രചോദിപ്പിക്കട്ടെ.
Content Highlights: Prime Minister Narendra Modi writes astir Indian Music Mastro Bhupen Hazarika
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·