'ഭൂമിയിലെ സ്വർഗത്തിൽ ചോര വീണ ദിവസം, മനുഷ്യത്വത്തിനുനേരെയുള്ള ആക്രമണം'; പഹൽ​ഗാം ആക്രമണത്തിൽ താരങ്ങൾ

8 months ago 8

Pahalgam Attack Malayalam Stars

മഞ്ജു വാര്യർ, മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് | ഫോട്ടോ: Facebook

പഹൽ​ഗാം: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി മലയാള ചലച്ചിത്ര താരങ്ങളും. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാവുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. ഇത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണെന്ന് മോഹൻലാൽ പ്രതികരിച്ചു. ഹൃദയം തകർന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. പഹൽ​ഗാമിൽ നടന്നത് മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമാണെന്ന് ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടപ്പോൾ ഇത് നമ്മെ എന്നെന്നേക്കും വേട്ടയാടുമെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഭൂമിയിലെ സ്വർഗത്തിൽ ചോര വീണ ദിവസമെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കുറിച്ചത്.

പഹൽഗാം ഭീകരാക്രമണം തീർത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഒറ്റക്കെട്ടായി നിൽക്കുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല.’’–മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നിൽക്കാം. ഇരുട്ടിലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ കൈവിടാതിരിക്കാം ”. –മോഹൻലാലിന്റെ വാക്കുകൾ.

പഹൽ​ഗാമിൽ സംഭവിച്ചതിൽ ഹൃദയം തകർന്നു. ഒപ്പം ദേഷ്യവും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം പ്രാർത്ഥിക്കുന്നു. ഇതിനുത്തരവാദികളായവരെ എത്രയുംപെട്ടന്ന് നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പൃഥ്വിരാജ് കുറിച്ചു.

‘‘ഇത് നമ്മെ എന്നെന്നേക്കുമായി വേട്ടയാടും. ഭീകരതയെ ന്യായീകരിക്കാൻ ഒന്നുമില്ല.’’–മഞ്ജു വാര്യർ കുറിച്ചു.

‘‘ഭൂമിയിലെ സ്വർഗത്തിൽ ചോര വീണ ദിവസം... ഒരിക്കലും മാപ്പ് അർഹിക്കാത്ത ക്രൂരത’’ എന്നാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പ്രതികരിച്ചത്.

‘‘ഹൃദയം തകർന്നിരിക്കുന്നു. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹൽ​ഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വപരമായ അക്രമമല്ലാതെ മറ്റൊന്നുമല്ല. ഇത് ഇരകൾക്ക് നേർക്ക് മാത്രമുള്ള ആക്രമണമല്ല, മറിച്ച് മനുഷ്യത്വത്തിന് നേർക്കുള്ള ഒന്നാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഞാൻ അ​ഗാധമായി അനുശോചിക്കുന്നു.

ദുഃഖത്തിൻറെ ഈ വേളയിൽ നിങ്ങളോടൊപ്പം ഞങ്ങൾ നിൽക്കുന്നു. ഈ ഹീനകൃത്യം നടത്തിയ ഭീരുക്കളോട്, നിങ്ങളുടെ ക്രൂരത മറക്കില്ല. നീതി നിങ്ങളെ തേടിയെത്തും. ഈ രാജ്യം ഭയത്താൽ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല. ഞങ്ങൾ ഒരുമിച്ച് നിൽക്കും. കൂടുതൽ ശക്തിയോടെ ഉയർത്തെഴുന്നേൽക്കും. ആവശ്യമായത് ചെയ്യും എന്നതിൽ പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രാലയത്തിലും വിശ്വാസമുണ്ട്. നീതി ഉണ്ടായേ തീരൂ. ജയ്‍ഹിന്ദ്.’’ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ ഫെയ്സ്ബുക്ക് പേജിന്റെ ഡിപിയും കവർ ഫോട്ടോയും പഹൽ​ഗാം എന്ന് എഴുതിയ ചിത്രമാക്കിയിട്ടുണ്ട് അദ്ദേഹം.

Content Highlights: Malayalam movie stars explicit daze and grief implicit the panic onslaught successful Pahalgham

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article