
രാജീവ് സെൻ, ചാരു അസോപ | Photo: Instagram/ Rajeen Sen, Charu Asopa
രാജീവ് സെന്നുമായി വിവാഹമോചിതയായ താന്‍ മുംബൈ വിട്ടുവെന്നും ജീവിക്കാനായി ഓണ്‍ലൈനില്‍ വസ്ത്രവ്യാപാരം ആരംഭിച്ചുവെന്നും നടി ചാരു അസോപ അറിയിച്ചിരുന്നു. സ്വദേശമായ രാജസ്ഥാനിലെ ബികാനീറിലേക്ക് തിരികെപ്പോയ നടി മുംബൈയിലെ ജീവിതം ചെലവേറിയതാണെന്നും വ്യക്തമാക്കിയിരുന്നു. മകള്‍ സിയാന താരത്തിനൊപ്പമാണുള്ളത്. മുംബൈ വിടുമ്പോള്‍തന്നെ, മകളെക്കാണാന്‍ രാജീവിന് എപ്പോള്‍ വേണെമെങ്കിലും ബികാനീറിലേക്ക് വരാമെന്നും അക്കാര്യം ടെക്‌സ്റ്റ് മെസേജായി അദ്ദേഹത്തെ അറിയിച്ചിരുന്നതായും ഒരു ഇംഗ്ലീഷ് മാധ്യമത്തോട് ചാരു അസോപ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജീവ് സെന്‍.
മകളെ തന്നില്‍നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ ചാരു വിദഗ്ധയാണെന്ന് രാജീവ് സെന്‍ പറഞ്ഞു. 'എനിക്ക് സിയാനയെ ഓര്‍ത്താണ് വിഷമം, കാരണം അവള്‍ക്കാണ് നഷ്ടം. ജനുവരിയിലാണ് ഞാന്‍ സിയാനയെ അവസാനമായി കണ്ടത്. ഞാന്‍ മകളെ മിസ് ചെയ്യുന്നതുപോലെ തന്നെ മകള്‍ എന്നേയും മിസ് ചെയ്യുന്നുണ്ട് എന്നെനിക്കുറപ്പാണ്. ജോലിസംബന്ധമായ ആവശ്യവുമായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍, ചാരുവിനെ വിളിച്ച് മകളെ കാണാന്‍ ബികാനീറിലേക്ക് വരട്ടെ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. ഇപ്പോള്‍ എനിക്ക് ബികാനീറില്‍ വന്ന് മകളെക്കാണാമെന്നും അതിനുള്ള അവകാശമുണ്ടെന്നും ചാരു എല്ലാവരോടും പറയുന്നു. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പ്രത്യേകിച്ച്, അതിനായി പരിശ്രമിച്ച്, മറുപടിയായി നിശബ്ദതമാത്രം ലഭിച്ചക്കുക കൂടി ചെയ്ത സാഹചര്യത്തില്‍. ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?', രാജീവ് സെന്‍ ചോദിച്ചു.
ചാരുവിന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരത്തെക്കുറിച്ച് അറിഞ്ഞിരുന്നോയെന്ന ചോദ്യത്തോട്, കഠിനാധ്വാനംചെയ്ത് സമ്പാദിക്കാന്‍ ശ്രമിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് രാജീവ് സെന്‍ മറുപടി നല്‍കി. എന്നാല്‍, സാമ്പത്തിക സ്ഥിതി സംബന്ധിച്ച അവകാശവാദങ്ങളെ രാജീവ് ചോദ്യംചെയ്തു. 'അവര്‍ക്ക് സഹോദരനും ഭാര്യയ്ക്കുമൊപ്പം ആഡംബര യാത്രകള്‍ നടത്താം. എല്ലാവരുടേയും ടിക്കറ്റ് എടുത്തുനല്‍കുന്നത് അവരാണ്. അതിനിടെ എവിടെ നിന്നാണ് ഈ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നത്?', രാജീവ് ചോദിച്ചു.
സാമ്പത്തിക പരാധീനത അവകാശപ്പെടുന്ന ചാരു ബികാനീറില്‍ പുതിയ വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന് രാജീവ് പറഞ്ഞു. അത്തരം ബുദ്ധിമുട്ടുള്ളവര്‍ക്ക് എങ്ങനെയാണ് വസ്തുവാങ്ങുന്നത് സ്വപ്‌നംകാണാനെങ്കിലും കഴിയുകയെന്നും രാജീവ് ചോദിച്ചു. ഞാന്‍ മാധ്യമങ്ങളെവിളിച്ച് ജീവിതപ്രാരാബ്ധങ്ങളെക്കുറിച്ച് കരയാറില്ല. അതാണ് ഞാനും ചാരുവും തമ്മിലെ വ്യത്യാസം. ഞാന്‍ ആരേയും എന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിക്കാറില്ല. എനിക്ക് ചാരുവിനോട് സത്യമായും സഹതാപമുണ്ട്', രാജീവ് കൂട്ടിച്ചേര്‍ത്തു.
ഹിന്ദി സിനിമ- സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് ചാരു അസോപ. രാജസ്ഥാനിലെ ബികാനീര്‍ സ്വദേശിയാണ് ഇവര്‍. മുന്‍മിസ് യൂണിവേഴ്‌സും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്നും ചാരുവും 2019-ലാണ് വിവാഹിതരായത്. 2023-ല്‍ ബന്ധം വേര്‍പിരിഞ്ഞു.
Content Highlights: Rajeev disputes Charu Asopa's claims of fiscal hardship
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·