16 July 2025, 02:48 PM IST

രവി തേജയും പിതാവ് രാജഗോപാൽ രാജുവും | ഫോട്ടോ: X
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രവി തേജയുടെ പിതാവ് ഭൂപതിരാജു രാജഗോപാൽ രാജു (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഹൈദരാബാദിലെ രവി തേജയുടെ വസതിയിൽവെച്ചായിരുന്നു രാജഗോപാൽ രാജുവിന്റെ അന്ത്യം. ഫാർമസിസ്റ്റായിരുന്നു അദ്ദേഹം.
മകൻ രവി തേജ സൂപ്പർ താരമായിരുന്നിട്ടും സ്വന്തം സ്വകാര്യതയെ കാത്തുസൂക്ഷിച്ച് ജീവിച്ച വ്യക്തിയായിരുന്നു രാജഗോപാൽ രാജു. ഫാർമസിസ്റ്റ് ജോലിയുടെ ഭാഗമായി ജയ്പൂർ, ഡൽഹി, മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. അപ്പോഴെല്ലാം സ്വന്തം കുടുംബത്തെയും ഒപ്പംകൂട്ടിയിരുന്നു. രവി തേജ തെലുങ്കിലെ തിരക്കുള്ള നടനായപ്പോഴും രാജഗോപാൽ രാജു ഫാർമസിസ്റ്റ് ജോലി തുടർന്നിരുന്നു.
രാജ്യ ലക്ഷ്മിയാണ് രാജഗോപാൽ രാജുവിന്റെ ഭാര്യ. രവി തേജയെക്കൂടാതെ മറ്റൊരു മകൻ കൂടിയുണ്ട് ഇദ്ദേഹത്തിന്. മൂന്നാമത്തെ മകനായിരുന്ന ഭരത് രാജു 2017-ലുണ്ടായ കാറപകടത്തിൽ മരിച്ചു. രാജഗോപാൽ രാജുവിന്റെ വിയോഗത്തിൽ നടൻ ചിരഞ്ജീവി അനുശോചനം രേഖപ്പെടുത്തി. താനും രവി തേജയും ഒന്നിച്ചഭിനയിച്ച വാൾട്ടയർ വീരയ്യ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് രാജഗോപാൽ രാജുവിനെ അവസാനമായി കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഭൂപതിരാജു രവിശങ്കർ രാജു എന്നാണ് രവി തേജയുടെ യഥാർത്ഥ പേര്. 90-കളിലാണ് അദ്ദേഹം സിനിമയ്ക്കുവേണ്ടി രവി തേജ എന്ന പേര് സ്വീകരിച്ചത്. നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി നോക്കിയ അദ്ദേഹം 2000ത്തിന്റെ തുടക്കത്തോടെയാണ് തിരക്കുള്ള നടനായത്. 2024-ൽ പുറത്തിറങ്ങിയ മിസ്റ്റർ ബച്ചനാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയത്.
Content Highlights: Telugu Superstar Ravi Teja's Father, Bhupatiraju Rajagopal Raju, Passes Away astatine 90
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·