'മണിരത്നം എഴുതിയ മനോഹര കവിത'; 'തഗ് ലൈഫ്' നെഗറ്റീവ് റിവ്യൂകള്‍ക്കെതിരേ ഹരീഷ് പേരടി

6 months ago 6

hareesh peradi thug life

ഹരീഷ് പേരടി, പ്രതീകാത്മക ചിത്രം | Photo: Mathrubhumi, Facebook/ Netflix

മണിരത്‌നത്തിന്റെ കമല്‍ ഹാസന്‍ ചിത്രം 'തഗ് ലൈഫി'നെതിരായ നെഗറ്റീവ് റിവ്യൂകളില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. 'തഗ് ലൈഫി'നെ മണിരത്‌നം എഴുതിയ മനോഹര കവിത എന്നാണ് ഹരീഷ് പേരടി വിശേഷിപ്പിച്ചത്. മണിരത്‌നത്തിന്റെ അടുത്ത കവിതകള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഇന്നാണ് മണിരത്‌നം എഴുതിയ ഈ മനോഹര കവിത കണ്ടത്. മനുഷ്യ ബന്ധങ്ങളുടെ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലുള്ള ചോരചാലുകളുടെ കുത്തിയൊഴുക്കിന്റെ പതിഞ്ഞ താളത്തിലുള്ള കവിത. എ.ആര്‍. റഹ്‌മാന്‍ കഥാപാത്രങ്ങളുടെ ശ്വാസനാളത്തില്‍ കമ്പി വലിച്ചുകെട്ടിയാണ് സംഗീതം ഉണ്ടാക്കിയത്', ഹരീഷ് പേരടി കുറിച്ചു.

'കമല്‍ സാര്‍, ശക്തിവേലിനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അയാളുടെ മാനസികാവസ്ഥയുടെ പകര്‍ന്നാട്ടം പലപ്പോഴും പ്രേക്ഷകനായ എന്റേതായിരുന്നു. അതുകൊണ്ടുതന്നെ സിനിമ കഴിയുമ്പോള്‍ കഥാപാത്രത്തിന്റെ വേഷം അഴിക്കുന്നത് നിങ്ങള്‍ ആയിരുന്നില്ല, പകരം ഞങ്ങള്‍ പ്രേക്ഷകരായിരുന്നു. അത്രക്കും കൂടെ ഞങ്ങളെ ഒപ്പം നിര്‍ത്തി', കമല്‍ ഹാസന്റെ അഭിനയത്തെ ഹരീഷ് പേരടി പുകഴ്ത്തി.

'ഈ സിനിമയെ പറ്റി കേട്ട മോശം റിവ്യുവിനെ പറ്റി എനിക്ക് ഒന്നേ പറയാനുളു. 'നല്ലത് ഒരു നായിക്കും പറ്റില്ല'. മണിരത്‌നം സാര്‍ അടുത്ത കവിതകള്‍ക്കായി കാത്തിരിക്കുന്നു', ഹരീഷ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ അഞ്ചിന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 200 കോടിയിലേറെ മുടക്കി നിര്‍മിച്ച ചിത്രം നൂറുകോടിയില്‍ താഴെ മാത്രമാണ് കളക്ഷന്‍ നേടിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെ, ചിത്രം ഒടിടിയിലും റിലീസ് ചെയ്തു. 'നായകന്' ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രത്തില്‍ സിലമ്പരസന്‍, ഐശ്വര്യ ലക്ഷ്മി, അഭിരാമി, ജോജു ജോര്‍ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content Highlights: Hareesh Peradi praises Mani Ratnam Thug Life, dismissing antagonistic reviews.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article