മധുരമൂറും കേക്ക് പോലൊരു ഫീൽഗുഡ് ചിത്രം; മലയാളത്തിൽ വരവറിയിച്ച് കിങ്‌സ്‌ലി | കേക്ക് സ്റ്റോറി റിവ്യൂ

9 months ago 8

ച്ചയ്ക്ക് ചോറ് കഴിക്കുമ്പോഴും വൈകുന്നേരത്തെ ചായയ്‌ക്കൊപ്പവുമെല്ലാം ടെലിവിഷനില്‍ നമ്മള്‍ കണ്ടാസ്വദിക്കുന്ന പഴയകാല സിനിമകളുണ്ട്. എത്രകണ്ടാലും വീണ്ടും വീണ്ടും കാണുന്ന ചിത്രങ്ങള്‍. അക്കൂട്ടത്തില്‍ പെട്ട ചില സിനിമകളാണ് കോരപ്പന്‍ ദി ഗ്രേറ്റ്, മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു, ചന്ത, ഭരണകൂടം എന്നിവ. ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുനില്‍ ഒരിടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രമാണ് കേക്ക് സ്റ്റോറി.

പേര് സൂചിപ്പിക്കുന്ന പോലെ മധുരമൂറുന്ന കേക്കുകളുടെ കഥയാണ് ചിത്രം പറയുന്നത്. കഫേ നടത്തുന്ന നൈന എന്ന പെണ്‍കുട്ടിയും കൂട്ടുകാരും പ്രത്യേക സാഹചര്യത്തില്‍ കേക്ക് ബേക്കിങ് ബിസിനസിലേക്ക് കടക്കുന്നതോടെയാണ് കേക്ക് സ്‌റ്റോറി ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ മിഥുനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ബ്രാന്‍ഡാണ് ദാക്ഷായണി ബിസ്‌കറ്റ്. അതുപോലെ നൈനയുടെ മുത്തച്ഛന്റെ പേരിലാണ് കൂട്ടുകാര്‍ തങ്ങളുടെ കേക്കുകളെ ബ്രാന്‍ഡ് ചെയ്യുന്നത് - രാഘവന്‍സ് കേക്ക്‌സ്. നാവുകളില്‍ രുചിയേകിക്കൊണ്ട് രാഘവന്‍സ് കേക്ക്‌സ് മുന്നേറുമ്പോഴാണ് അപ്രതീക്ഷിതമായി അവര്‍ക്ക് മുന്നില്‍ ചില പ്രതിസന്ധികളുണ്ടാകുന്നത്. അതിനെ നൈനയും കൂട്ടരും തരണം ചെയ്യുന്നതും വിജയിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തമിഴിലെ ഹാസ്യതാരം റെഡിന്‍ കിങ്‌സ്‌ലി ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് കേക്ക് സ്റ്റോറി. നൈനയുടെ മുത്തച്ഛന്‍ രാഘവനായാണ് കിങ്‌സ്‌ലി ചിത്രത്തിലെത്തുന്നത്. നര്‍മ്മരംഗങ്ങളും ഉണ്ടെങ്കിലും തമിഴില്‍ കിങ്‌സ്‌ലി അവതരിപ്പിക്കുന്ന പതിവ് ഹാസ്യകഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഥയിലെ നിര്‍ണായകമായ കഥാപാത്രമാണ് കേക്ക് സ്റ്റോറിയിലെ രാഘവന്‍. റെഡിന്‍ കിങ്‌സ്‌ലിയുടെ ഭാര്യ സംഗീത കിങ്‌സ്‌ലിയും കേക്ക് സ്‌റ്റോറിയില്‍ ചെറിയൊരു വേഷത്തിലെത്തുന്നുണ്ട്. ഏതായാലും മലയാളത്തിലെ അരങ്ങേറ്റം കിങ്‌സ്‌ലി ഗംഭീരമാക്കിയിട്ടുണ്ട്.

ടെറര്‍ വില്ലനായി ഒട്ടേറെ ചിത്രങ്ങളിലൂടെ നമ്മളെ പേടിപ്പിച്ച ബാബു ആന്റണി കേക്ക് സ്റ്റോറിയിലും വില്ലന്‍ വേഷത്തില്‍ തന്നെയാണെത്തുന്നത്. എന്നാല്‍ സാധാരണ വില്ലന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേക്കിന്റെ മധുരമുള്ള രസികനായ വില്ലനാണ് ചിത്രത്തില്‍ ബാബു ആന്റണി.

സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാനകഥാപാത്രമായ നൈനയെ അവതരിപ്പിക്കുന്നത്. വേദ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും. അച്ഛന്‍ സുനിലിനൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും മറ്റൊരു ചിത്രത്തില്‍ എഡിറ്ററായും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി.

അശോകന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, ജോണി ആന്റണി കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടി.എസ്. സജി, ഗോവിന്ദ്, അശ്വിന്‍, ജിത്തു, ഗോകുല്‍, ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരാണ് കേക്ക് സ്‌റ്റോറിയിലെ മറ്റ് അഭിനേതാക്കള്‍. ഇവര്‍ക്കൊപ്പം വിദേശതാരങ്ങളായ ജോസഫ് (യുഎസ്), മിലിക്ക (സെര്‍ബിയ), ലൂസ് (കാലിഫോര്‍ണിയ), നാസ്തിയ (മോസ്‌കോ) എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നൈനയുടെ മുത്തശ്ശിയായാണ് മല്ലിക സുകുമാരനെത്തുന്നത്. ഷാരൂഖ് ഖാന്റേയും റൊണാൾഡോയുടേയും ഡ്വെയ്ൻ ജോൺസന്റേയും മുതൽ സാക്ഷാൽ പൃഥ്വിരാജ് സുകുമാരന്റെ വരെ ചിത്രങ്ങൾ സ്വന്തം മുറിയിലെ ചുവരിലൊട്ടിച്ച, ഇടയ്ക്കിടെ മുടിയുടെ നിറം മാറ്റുന്ന 'ഫ്രീക്കത്തി'യാണ് മുത്തശ്ശി.

ജെറി അമല്‍ദേവും എസ്.പി. വെങ്കിടേഷുമാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്. നേരത്തേ തന്നെ പുറത്തുവന്ന ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ അവസാനത്തോടടുത്ത് വരുന്ന മധു ബാലകൃഷ്ണന്‍ ആലപിച്ച ഗാനം അഡ്രിനാലിന്‍ റഷ് ഏകുന്നതാണ്. റോണി റാഫേലിന്റെ പശ്ചാത്തല സംഗീതവും ചിത്രവുമായി ഇഴുകി ചേരുന്നതാണ്. സൗഹൃദം, പ്രണയം, വിരഹം തുടങ്ങിയവയെല്ലാമുള്ള മനോഹരമായ കുടുംബചിത്രമാണ് കേക്ക് സ്‌റ്റോറി. .

Content Highlights: 'Cake Story' malayalam movie review

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article