മധുവില്‍ നിന്ന് ബച്ചനെന്ന അത്ഭുതത്തിലേക്കെത്താന്‍ മൂന്ന് കൊല്ലം

9 months ago 6

Amitabh Bachchan

അമിതാഭ് ബച്ചൻ. ഒരു പഴയകാല ചിത്രം

ഹിന്ദിയിലെ പ്രശസ്തനായ കവി ഹരിവംശറായ് ബച്ചന്റെയും സാമൂഹികപ്രവര്‍ത്തക തേജി ബച്ചന്റെയും മൂത്തമകനെക്കുറിച്ച് ത്യാഗരാജന്‍ ആദ്യം കേള്‍ക്കുന്നത് നടന്‍ മധുവില്‍ നിന്നാണ്. മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ വിപ്ലവകാരികള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണത്. കെ.എ. അബ്ബാസ് സംവിധാനം ചെയ്യുന്ന സാത്ത് ഹിന്ദുസ്ഥാനിയുടെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മധുവിന് ബോംബെയിലേക്ക് പോകേണ്ടതുകൊണ്ട് ഫൈറ്റ് സീന്‍ വേഗം എടുത്തുതീര്‍ക്കാന്‍ സംവിധായകന്‍ പി. സുബ്രഹ്‌മണ്യം ത്യാഗരാജനോട് നേരത്തേ പറഞ്ഞുവെച്ചിരുന്നു. വിപ്ലവകാരികളുടെ ഷൂട്ടിങ്ങിനിടയിലെപ്പോഴോ ആണ് സാത്ത് ഹിന്ദുസ്ഥാനിയുടെ വിശേഷങ്ങള്‍ മധു പങ്കുവെച്ചത്. ഹിന്ദിയില്‍ മധുവിന്റെ ആദ്യ സിനിമകൂടിയായിരുന്നു സാത്ത് ഹിന്ദുസ്ഥാനി. പക്ഷേ, ത്യാഗരാജനോട് അദ്ദേഹം സംസാരിച്ചതേറെയും തന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നില്ല. കോളേജ് പഠനകാലം മുതല്‍ താന്‍ ആരാധനയോടെ കാണുന്ന കവി ഹരിവംശറായ് ബച്ചന്റെ മകനെക്കുറിച്ചായിരുന്നു. മൂവി ക്യാമറയ്ക്കു മുമ്പില്‍ അമിതാഭ് ബച്ചന്‍ എന്ന കൊടിമരംപോലുള്ള മനുഷ്യന്‍ പ്രത്യക്ഷപ്പെട്ട ആദ്യചിത്രമായിരുന്നു സാത്ത് ഹിന്ദുസ്ഥാനി.

മധുവിന്റെ വാക്കുകളിലൂടെ മാത്രം അറിഞ്ഞ ബച്ചനിലേക്കെത്തിച്ചേരാന്‍ ത്യാഗരാജന്‍ എടുത്ത സമയം മൂന്നു വര്‍ഷമായിരുന്നു. ആ മൂന്നു വര്‍ഷത്തിനിടയില്‍ പതിനഞ്ചിലേറെ സിനിമകളില്‍ ബച്ചന്‍ വേഷമിട്ടു. പ്രകാശ് മെഹ്റാ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ പ്രകാശ് മെഹ്റ സംവിധാനം ചെയ്ത സഞ്ജീര്‍ എന്ന ചിത്രത്തില്‍ ബച്ചന്‍ അവതരിപ്പിച്ച പോലീസ് ഇന്‍സ്പെക്ടര്‍ വിജയ് ഖന്നയെ ത്യാഗരാജന്‍ മനസ്സില്‍ പതിച്ചുവെച്ചു. ആക്ഷന്‍രംഗങ്ങളില്‍ കഴിവതും ഡ്യൂപ്പിനെ ഉപയോഗിക്കാത്ത നടനെന്ന നിലയില്‍ ബച്ചനോട് വലിയ ആദരവും ത്യാഗരാജന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. മലയാള സിനിമകളില്‍ ഉറക്കമിളച്ച് ജോലി ചെയ്തിരുന്ന അക്കാലത്തൊരിക്കല്‍ ത്യാഗരാജനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സ്റ്റണ്ട്മാസ്റ്റര്‍ കെ.എസ്. മാധവന്‍ വീട്ടിലെത്തി. അസിസ്റ്റന്റ് രാജുവും ഒപ്പമുണ്ടായിരുന്നു. തന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ഒരാള്‍, ദിലീപ്കുമാറിന്റെ അഭിനന്ദനത്തിലുള്ള അസൂയയാല്‍ രാം ഔര്‍ ശ്യാമിന്റെ ഷൂട്ടിങ് തീരുംമുമ്പേ, തന്നെ ഒഴിവാക്കിയ ഒരാള്‍ ആറു വര്‍ഷത്തിനുശേഷം തന്നെത്തേടി എന്തിനാണ് വീട്ടില്‍ വന്നതെന്ന് ചിന്തിക്കുമ്പോഴേക്കും ത്യാഗരാജനെ മാധവന്‍ മാസ്റ്റര്‍ വാരിപ്പുണര്‍ന്നു. 'കഴിഞ്ഞതെല്ലാം നമുക്കു മറക്കാം. തെറ്റുപറ്റിയത് എന്റെ ഭാഗത്താണ്. പൊറുക്കണം. ഇനി ഉണ്ടാവില്ല. പരസ്പരം സഹകരിച്ച് മുന്നോട്ടു പോവണം.'

മാസ്റ്ററുടെ വാക്കുകള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ ത്യാഗരാജനു കഴിഞ്ഞില്ല. അക്കാലത്ത് കെ.എസ്. മാധവന്‍ ബോളിവുഡില്‍ അറിയപ്പെടുന്ന സ്റ്റണ്ട്മാസ്റ്ററാണ്. എങ്കിലും വലിയ നടന്മാരുടെ സിനിമകള്‍ തന്നെത്തേടി വരുമ്പോള്‍ സഹായികളായി സമര്‍ഥരായ സ്റ്റണ്ടുകാരെ മാത്രമേ അദ്ദേഹം വിളിക്കാറുള്ളൂ. ത്യാഗരാജനെ വെല്ലാനുള്ള ഒരു ഫൈറ്റ് മാസ്റ്റര്‍ അന്ന് തെന്നിന്ത്യയിലില്ല എന്ന സത്യം ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് മാധവന്‍ മാസ്റ്റര്‍ വന്നത്. അങ്ങനെ ചിന്തിച്ചില്ലെങ്കിലും വീണ്ടും ചതിയില്‍പ്പെട്ടേക്കുമോ എന്നൊരു സംശയം ത്യാഗരാജന്റെ മനസ്സില്‍ തോന്നാതിരുന്നില്ല.
'നമ്മള്‍ വീണ്ടും ഒന്നിക്കുന്നു. ത്യാഗരാജന്‍ എന്നെ വിശ്വസിക്കണം.'

മാധവന്‍ മാസ്റ്ററുടെ വാക്കുകള്‍ കേട്ടപ്പോള്‍ ത്യാഗരാജന്‍ പറഞ്ഞു, 'മാസ്റ്റര്‍ പറയൂ...' ബോളിവുഡിലെ അക്കാലത്തെ വലിയ ഡയറക്ടറായ സി.വി. ശ്രീധറിന്റെ പുതിയ പടത്തില്‍ അസിസ്റ്റന്റായി കിട്ടാന്‍ വേണ്ടിയാണ് മാസ്റ്റര്‍ ത്യാഗരാജന്റെ അരികിലെത്തിയത്. സഹായി രാജുവിനെ അയച്ചാല്‍ പഴയ അനുഭവം ഓര്‍ത്ത് ചിലപ്പോള്‍ ത്യാഗരാജന്‍ വന്നില്ലെങ്കിലോ എന്നു കരുതിയാണ് അദ്ദേഹം നേരിട്ടെത്തിയത്.
മാധവന്‍ മാസ്റ്ററുമായുള്ള പുന:സമാഗമം ത്യാഗരാജനെ എത്തിച്ചത് ഗെഹ്രി ചാല്‍ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റായ എ.വി.എം. സ്റ്റുഡിയോയിലേക്കാണ്. ജിതേന്ദ്രയും അമിതാഭ് ബച്ചനുമാണ് ചിത്രത്തിലെ നായകന്മാര്‍. നായിക ഹേമമാലിനിയും വില്ലന്‍ പ്രേം ചോപ്രയും. സംവിധായകന്‍ ശ്രീധറുമായി സംസാരിച്ച് ത്യാഗരാജന്റെ സഹായത്തോടെ ഫൈറ്റ് സീക്വന്‍സുകള്‍ തയ്യാറാക്കിയ ശേഷം മാധവന്‍ മാസ്റ്റര്‍ പറഞ്ഞു: 'ബച്ചനുവേണ്ടി ത്യാഗരാജന്‍ ഡ്യൂപ്പിടണം.'
സ്റ്റണ്ട്മാസ്റ്റര്‍ ഡ്യൂപ്പിടരുതെന്ന് യൂണിയന്‍ നിബന്ധനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ഏല്‍ക്കാമെന്ന് മാസ്റ്റര്‍ ഉറപ്പുനല്‍കി:

thyagarajan

ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ത്യാഗരാജൻ

'ഞാന്‍ നിര്‍ബ്ബന്ധിച്ചതുകൊണ്ട് ചെയ്യേണ്ടിവന്നു എന്ന് പറഞ്ഞാല്‍ മതി. ബച്ചന്റെ കാര്യത്തില്‍ ത്യാഗരാജനല്ലാതെ മറ്റൊരാളെക്കൊണ്ട് ചെയ്യിച്ചാല്‍ ശരിയാവില്ല,' മാധവന്‍ മാസ്റ്റര്‍ തുറന്നു പറഞ്ഞു. ഒടുവില്‍, മലയാളത്തിലെ തിരക്കുകളില്‍നിന്ന് പത്തു ദിവസത്തേക്കു മാറി ഗെഹ്രി ചാലിന്റെ സെറ്റില്‍ ത്യാഗരാജന്‍ എത്തി. അമിതാഭ് ബച്ചനൊപ്പം ഒരു ചിത്രത്തില്‍ ഒന്നിക്കുക എന്ന ആഗ്രഹം മാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍.
ഗെഹ്രി ചാലിനുവേണ്ടി മാധവന്‍ മാസ്റ്ററും ത്യാഗരാജനും ചേര്‍ന്ന് ആറു സംഘട്ടനങ്ങളൊരുക്കി. ജിതേന്ദ്രയും പ്രേം ചോപ്രയും ചേര്‍ന്ന് ഫാക്ടറിക്കുള്ളില്‍ നടക്കുന്ന ഒരു സംഘട്ടനമായിരുന്നു ആദ്യം ചിത്രീകരിച്ചത്. പുതുമകള്‍ ഒട്ടേറെയുള്ള ആ സംഘട്ടനരംഗത്തിന്റെ ഷൂട്ടിങ് വേളയിലാണ് ജിതേന്ദ്രയെ ആദ്യമായി ത്യാഗരാജന്‍ കാണുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെ സ്വയം അഭിനയിക്കുന്നതു കണ്ടപ്പോള്‍ ജിതേന്ദ്രയോട് സ്നേഹവും ആദരവും വര്‍ദ്ധിച്ചു. അപകടംനിറഞ്ഞ രംഗങ്ങളില്‍ പ്രേം ചോപ്രയ്ക്കുവേണ്ടി ത്യാഗരാജനായിരുന്നു ഡ്യൂപ്പിട്ടത്.

ഷൂട്ടിങ് തുടങ്ങി മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞാണ് ഗെഹ്രി ചാലിന്റെ ലൊക്കേഷനിലേക്ക് ബച്ചന്‍ കടന്നുവരുന്നത്. ഫൈറ്റ് സീനിന്റെ ഇടവേളകളില്‍ ജിതേന്ദ്രയും പ്രേം ചോപ്രയും ബച്ചനും പ്രകാശ് മെഹ്റയുമൊക്കെ ഒന്നിച്ചിരിക്കും. വട്ടത്തിലിരുന്നുള്ള സംസാരത്തില്‍ അവര്‍ ചര്‍ച്ച ചെയ്തിരുന്നത് സിനിമ മാത്രമായിരുന്നില്ല. നാടകവും കവിതയും പാട്ടും ജീവിതവുമൊക്കെ വാക്കുകളായി പൂത്ത രാത്രികളായിരുന്നു അതെല്ലാം. അങ്ങനെയൊരു രാത്രിയിലാണ് പ്രേം ചോപ്ര അമിതാഭ് ബച്ചന്‍ എന്ന വലിയ മനുഷ്യന് ത്യാഗരാജനെ പരിചയപ്പെടുത്തുന്നത്.
'ഇത് മിസ്റ്റര്‍ ത്യാഗരാജന്‍, ഫൈറ്റ് മാസ്റ്ററാണ്.'
കസേരയില്‍നിന്ന് കൈകൂപ്പിക്കൊണ്ട് ബച്ചന്‍ എഴുന്നേറ്റു.
'ഹലോ മാസ്റ്റര്‍..!' നീളമുള്ള ആ കൈ ത്യാഗരാജനു നേരേ നീട്ടി ബച്ചന്‍ പറഞ്ഞു.
കൊടിമരത്തെക്കാള്‍ പൊക്കമുള്ള ബച്ചന്റെ മനസ്സിനെ അന്നാദ്യമായി ത്യാഗരാജന്‍ അറിഞ്ഞു.
ബോളിവുഡിലെ പ്രശസ്തനായ നടന്‍, തങ്ങളുടെ കര്‍മ്മമണ്ഡലങ്ങളിലൂടെ രാജ്യം മുഴുവന്‍ കീര്‍ത്തി നേടിയ മാതാപിതാക്കളുടെ മകന്‍ തന്നെപ്പോലെ ഒരു സ്റ്റണ്ടുകാരന്റെ മുന്നില്‍ കൂപ്പുകൈകളോടെ നിന്ന് സംസാരിക്കുന്നതു കണ്ട് ആ സംസ്‌കാരത്തെയും സ്നേഹത്തെയും മനസ്സുകൊണ്ട് നമിച്ചു ത്യാഗരാജന്‍. തനിക്കരികില്‍ ഒരു കസേര വലിച്ചിട്ട് 'മാസ്റ്റര്‍ ഇരിക്കൂ' എന്നു പറയാന്‍ കാണിച്ച ആ നന്മയെ മനസ്സുകൊണ്ട് പലവട്ടം തൊഴുതു. ബച്ചനെ പരിചയപ്പെട്ട അന്നു രാത്രിതന്നെയായിരുന്നു ഗെഹ്രി ചാലിന്റെ ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണവും. അക്കാലംവരെ ബോളിവുഡ് കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ഫൈറ്റുകളിലൊന്നായിരുന്നു അത്. ജിതേന്ദ്രയും ബച്ചനും ഒരു ഭാഗത്ത്, പ്രേം ചോപ്രയും സംഘവും മറുഭാഗത്ത്. ഫൈറ്റ് സീനില്‍ ഹേമമാലിനിയും ഉണ്ടായിരുന്നു. എ.വി.എം. സ്റ്റുഡിയോയില്‍ വില്ലന്റെ താവളം സെറ്റിട്ടായിരുന്നു ഫൈറ്റ്. ഇടയ്ക്ക് മാധവന്‍ മാസ്റ്റര്‍ പറഞ്ഞു: 'ബച്ചനു വേണ്ടിയും ത്യാഗരാജന്‍തന്നെ ഡ്യൂപ്പിടണം.'
ജിതേന്ദ്രയുടെ ഡ്യൂപ്പായി മാധവന്‍ മാസ്റ്ററും, സംഘട്ടനത്തിന്റെ ഓരോ ഘട്ടത്തിലും ബച്ചന്റെയും പ്രേം ചോപ്രയുടെയും ഡ്യുപ്പായി മാറി ത്യാഗരാജനും ഫൈറ്റ് ചെയ്തുകൊണ്ടിരുന്നു. പക്ഷേ, ബച്ചനുവേണ്ടി മൂന്നു രംഗങ്ങളില്‍ മാത്രമേ ത്യാഗരാജന് ഡ്യുപ്പാവേണ്ടതായി വന്നുള്ളൂ. ബാക്കി സീനുകളിലെല്ലാം ബച്ചന്‍തന്നെ പറഞ്ഞു, 'മാസ്റ്റര്‍ എനിക്കാവും. ഞാന്‍തന്നെ ചെയ്തോളാം.'

ഈ വാക്കുകള്‍ അപകടംപിടിച്ച ഷോട്ടുകളിലും ബച്ചന്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും മാധവന്‍ മാസ്റ്റര്‍ സമ്മതിച്ചില്ല. 'അത് ത്യാഗരാജന്‍ ചെയ്തോളും.'
അവിടെ സ്റ്റണ്ട് ഡയറക്ടറുടെ അഭിപ്രായത്തെ മറികടക്കാന്‍ ബച്ചന്‍ ശ്രമിച്ചില്ല. കാരണം, ആ രംഗങ്ങളുടെ റിസ്‌ക്കിനെക്കുറിച്ച് ബച്ചന് നന്നായി അറിയാമായിരുന്നു.
ഏഴു ദിവസങ്ങളിലായാണ് ഗെഹ്രി ചാലിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിച്ചത്. അന്നത്തെ ഷൂട്ടിങ് രാത്രികളിലെല്ലാം ലൊക്കേഷനിലിരുന്ന് ഉച്ചത്തില്‍ കവിതകള്‍ ചൊല്ലുന്നത് ബച്ചന്റെ പതിവായിരുന്നു. പിതാവ് ഹരിവംശറായ് എഴുതിയ കവിതകളായിരുന്നു അതെല്ലാം. ഗാംഭീര്യമുള്ള ശബ്ദത്തില്‍ മനോഹരമായി കവിത ചൊല്ലുന്ന ബച്ചനിലേക്ക് കണ്ണുകള്‍ പായിച്ച് കുറെ നിമിഷങ്ങള്‍ സെറ്റൊന്നാകെ നിശ്ശബ്ദമാകും. സെല്ലുലോയ്ഡിനെ അമ്പരപ്പിക്കുന്ന ആ മാന്ത്രികശബ്ദത്തിന്റെ നേര്‍ക്കാഴ്ചയില്‍ ത്യാഗരാജനും മതിമറന്ന് നോക്കിനിന്നു. എങ്ങനെ ഈ മനുഷ്യന് ഇത്രയേറെ കവിതകള്‍ ഹൃദ്യസ്ഥമാക്കാന്‍ കഴിഞ്ഞു എന്ന് വിസ്മയിച്ചു.

ഏഴാം ദിവസം അര്‍ദ്ധരാത്രിയോടെ ഗെഹ്രി ചാലിന്റെ ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണവും കഴിഞ്ഞ് മാധവന്‍ മാസ്റ്റര്‍ക്കൊപ്പം എ.വി.എം. സ്റ്റുഡിയോയുടെ പടികളിറങ്ങുമ്പോള്‍ ത്യാഗരാജന്‍ ഓര്‍ത്തത് ജിതേന്ദ്രയും ബച്ചനും പ്രേം ചോപ്രയും തനിക്കു നല്‍കിയ സ്നേഹത്തെക്കുറിച്ചു മാത്രമാണ്. ആ ത്രിമൂര്‍ത്തികളുമായി മറ്റൊരു സംഗമത്തിന് ബോളിവുഡിന്റെ വാതില്‍ പിന്നീട് ത്യാഗരാജനു മുന്നില്‍ തുറന്നില്ല. ഹരിവംശറായിയുടെയും തേജി ബച്ചന്റെയും മകന്‍ പില്‍ക്കാലത്ത് ബോളിവുഡിന്റെ ഇതിഹാസമായി മാറിയെങ്കിലും അമിതാഭ് ബച്ചന്‍ എന്നു പറയുമ്പോള്‍ ത്യാഗരാജന്റെ മനസ്സില്‍ ആദ്യം തെളിയുന്നത് ആ കൂപ്പുകൈയാണ്. അഭിനയപ്രതിഭയുടെ കരുത്തും കവിതയുടെ ആര്‍ദ്രതയും ഒന്നുചേര്‍ന്ന സ്നേഹത്തിന്റെ കൂപ്പുകൈ. ചില ജീവിതങ്ങള്‍പോലെ ചില കൂടിച്ചേരലുകളും അങ്ങനെയാണ്. ആയുഷ്‌കാലം മുഴുവന്‍ ഓര്‍ത്തുവെക്കാവുന്ന സ്നേഹത്തിന്റെ കൂപ്പുകൈ. അതാണ് ത്യാഗാരാജന് അമിതാഭ് ബച്ചന്‍!

(തുടരും)

Content Highlights: stunt maestro thyagarajan, madhu, Amitabh Bachchan, bollywood, jitendra, sath hindustani

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article