'മനസ് വിഷമിച്ച് മരിച്ച പ്രേം നസീർ!'; ടിനിയോട് അത് പറഞ്ഞത് മണിയൻപിള്ള രാജുവോ?, മറുപടി

6 months ago 6

Tini Tom Prem Nazir Maniyan Pillai Raju

ടിനി ടോം, പ്രേം നസീർ, മണിയൻപിള്ള രാജു | ഫോട്ടോ: മാതൃഭൂമി

നടന്‍ പ്രേം നസീറിനെക്കുറിച്ച് നടത്തിയ വിവാദപരാമര്‍ശത്തിലെ സംഭവങ്ങള്‍ തന്നോട് പറഞ്ഞത് മണിയന്‍പിള്ള രാജുവാണെന്ന് ടിനി ടോം അവകാശപ്പെട്ടതായി സംവിധായകന്‍ ആലപ്പി അഷറഫ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആലപ്പി അഷറഫ് ഇക്കാര്യം പറഞ്ഞത്. മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം തേടി ആലപ്പി അഷറഫ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മണിയന്‍പിള്ള രാജുവും ആലപ്പി അഷറഫും തമ്മിലെ ഫോണ്‍സംഭാഷണമാണ് യൂട്യൂബില്‍ പ്രസിദ്ധീകരിച്ചത്. മണിയന്‍പിള്ള രാജുവിനോട് ആലപ്പി അഷറഫ്, ടിനി ടോം പറഞ്ഞകാര്യം വെളിപ്പെടുത്തുന്ന വീഡിയോയാണ് പങ്കുവെച്ചത്.

'മമ്മി സെഞ്ചുറിയുടെ അടുത്ത് ടിനി ടോം പറഞ്ഞത്, മണിയന്‍പിള്ള രാജു എനിക്ക് പറഞ്ഞു തന്നതാണ് എന്നാണ്. ആ വോയിസ് എനിക്ക് കിട്ടിയിട്ടുണ്ട്', എന്നാണ് മണിയന്‍പിള്ള രാജുവിനോട് ആലപ്പി അഷറഫ് പറഞ്ഞത്. എന്നാല്‍, ടിനി ടോമിന്റെ വാദം മണിയന്‍പിള്ള രാജു തള്ളി.

'ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ടുപോലുമില്ല. നസീര്‍ സാറിന്റെ കൂടെ പത്തോ പതിനഞ്ചോ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇത്രയും ദൈവതുല്യനായ ആളെ ഞാന്‍ അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ല. ടിനി ടോം മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍പെട്ടിട്ടുണ്ട്. എന്തിന് ഇങ്ങനെ ഇത്രയും മഹാനായ ആളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ഇവന് ഭ്രാന്താണെന്ന് തോന്നുന്നു, തലയ്ക്കകത്ത്', എന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി.

അതേസമയം, നസീറിനെക്കുറിച്ച് തനിക്ക് വിവരം തന്നത് സിനിമാമേഖലയിലെ ഒരു മുതിര്‍ന്ന ആളാണെന്ന് ടിനി ടോം പറഞ്ഞിരുന്നു. പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയിലാണ് ടിനി ടോം ഇക്കാര്യം പറഞ്ഞത്. അദ്ദേഹം ഇപ്പോള്‍ മലക്കംമറിഞ്ഞുവെന്നും ടിനി പറഞ്ഞു.

'നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. സീനിയര്‍ തന്നെ ഇന്‍ഫര്‍മേഷനാണ്. ഇപ്പോള്‍ അദ്ദേഹം കൈമലര്‍ത്തുന്നുണ്ട്. അല്ലാതെ അന്തരീക്ഷത്തില്‍നിന്ന് ആവാഹിച്ചെടുത്തതല്ല. കേട്ട ഇന്‍ഫര്‍മേഷന്‍ വെച്ച് ഷെയര്‍ ചെയ്തു. അത് ഒരിക്കലും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല', എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകള്‍.

പ്രേം നസീര്‍ താരപദവി നഷ്ടപ്പെട്ട് അവസരങ്ങള്‍ കിട്ടാതെ മനസുവിഷമിച്ചാണ് മരിച്ചത് എന്ന ടിനി ടോമിന്റെ വാക്കുകളായിരുന്നു വിവാദമായത്. 'നസീര്‍ സാര്‍ മനസുവിഷമിച്ചാണ് മരിച്ചത് എന്നാണ് പറയുന്നത്. സ്റ്റാര്‍ഡം പോയിട്ട്, എല്ലാദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും എന്നാണ് പറയുന്നത്. സിനിമയില്ല. ബഹൂര്‍ ഇക്കയുടേയും അടൂര്‍ ഭാസി സാറിന്റേയും വീട്ടില്‍ പോയി കരയുമായിരുന്നു. കരഞ്ഞുകരഞ്ഞ് അങ്ങനെ മനസുവിഷമിച്ചാണ് മരിച്ചത് എന്നാണ് പറയുന്നത്', എന്നായിരുന്നു വാക്കുകള്‍. ടിനിയുടെ പ്രസ്താവനയ്‌ക്കെതിരേ സിനിമാ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി.

Content Highlights: Alleppey Ashraf telephone telephone with Maniyanpilla Raju connected Tini Tom Prem Nazir controversy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article