
സിബി മലയിൽ | ഫോട്ടോ: എൻ.എം. പ്രദീപ്/മാതൃഭൂമി
മുത്താരംകുന്ന് പിഒ- സിബി മലയില്‍ എന്ന സംവിധായകന്റെ ആദ്യചിത്രം, ഗുസ്തിതാരം ധാരാസിങ് മലയാള സിനിമയിലെത്തിയ ചിത്രം, നടന്‍ ജഗദീഷ് കഥയെഴുതിയ ചിത്രം, മുകേഷും ലിസിയും കുതിരവട്ടം പപ്പുവും നെടുമുടിയും ശ്രീനിവാസനുമെല്ലാം അണിനിരന്ന സിനിമ... അതിന്റെ നാല്‍പതാംവര്‍ഷം കഴിഞ്ഞദിവസം എറണാകുളത്ത് വിപുലമായി ആഘോഷിച്ചു. അതില്‍ അഭിനയിച്ച് താരമായ ഒരു ദേശമുണ്ടിവിടെ. കൊട്ടാരക്കരയ്ക്കടുത്ത് മേലില ഗ്രാമം. മേലിലക്കാരുടെ ഓര്‍മകളില്‍ ഇന്നും ആ സിനിമാചിത്രീകരണകാലമുണ്ട്. സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ഒരിക്കലും മറക്കാനാകാത്ത ദേശമായി അവരുടെ മനസ്സിലും.
മേലിലയെ സിനിമേലെടുത്തത്- സിബി മലയില്‍
തിരുവനന്തപുരത്തെ സിനിമാക്കൂട്ടായ്മയില്‍ ചിത്രത്തിന്റെ ചര്‍ച്ച നടക്കുകയാണ്. നിര്‍മാതാവ് ജി. സുബ്രഹ്‌മണ്യം തിരുവനന്തപുരത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ സൗകരത്തിന് തിരുവനന്തപുരത്തോ പ്രാന്തപ്രദേശങ്ങളിലോ ലൊക്കേഷന്‍ നോക്കാമെന്നായിരുന്നു ആദ്യധാരണ. അപ്പോഴാണ് ഇതിനു പറ്റിയ സ്ഥലം കൊട്ടാരക്കരയില്‍ ഉണ്ടാകുമെന്ന് ഗണേഷ്‌കുമാര്‍ പറയുന്നത്. അങ്ങനെ ഞങ്ങള്‍ കൊട്ടാരക്കരയ്ക്കു പോന്നു. വാളകത്ത് മന്ത്രി ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ കയറി. ഗണേഷ് അച്ഛന് ഞങ്ങളെ പരിചയപ്പെടുത്തി. വന്ന കാര്യവും പറഞ്ഞു.
അദ്ദേഹം അപ്പോള്‍ അവിടെ കാണാന്‍ വന്നവരുടെ കൂട്ടത്തിലേക്കു നോക്കി വിളിച്ചു, ''തങ്കപ്പന്‍പിള്ളേ ഒന്നിങ്ങു വന്നേ. ഇവര്‍ സിനിമ ഷൂട്ട് ചെയ്യാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചുവന്നതാണ്. നിങ്ങളുടെ പഞ്ചായത്തൊന്ന് കാണിച്ചുകൊടുത്തേ'. അത് മേലില പഞ്ചായത്ത് പ്രസിഡന്റ് തങ്കപ്പന്‍പിള്ളയായിരുന്നു.
അങ്ങനെ അദ്ദേഹം ഞങ്ങളെയും കൊണ്ട് മേലിലയിലെത്തി. ഒരു ക്ഷേത്രത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി. ഇറങ്ങിയൊന്നു നോക്കി. ഇതുതന്നെ ഞങ്ങളുടെ മുത്താരംകുന്ന്. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. ഒരു നാല്‍ക്കവലകൂടി വേണമായിരുന്നു. അതാ ആ വഴി നോക്കൂ. വയലിനു നടുവിലൂടെ പോകുന്ന റോഡ്. ഇടയ്‌ക്കൊരു നാല്‍ക്കവലയും. ഞങ്ങളുടെ മനസ്സറിഞ്ഞ് ആരോ സെറ്റിട്ടപോലെ. ക്യാമറമാനും സന്തോഷം. ഗുസ്തി നടത്താനുള്ള സ്ഥലം ഒരുക്കാനുള്ള ഇടവും അടുത്തുതന്നെയുണ്ട്.

പിന്നെ നായകന്‍ മുകേഷ് വന്നുതാമസിക്കുന്ന സ്ഥലം, നെടുമുടി വേണുവിന്റെ കഥാപാത്രം താമസിക്കുന്ന വീട് എല്ലാം ചുറ്റവട്ടത്തുതന്നെയുണ്ട്. മന്ത്രി ബാലകൃഷ്ണപിള്ളയുടെ സ്വാധീനംകൊണ്ട് നാട്ടുകാരുടെ പൂര്‍ണസഹകരണവും. ചിത്രീകരണം വളരെ എളുപ്പമായി. ഇപ്പോഴും ആ ഗ്രാമ്യഭംഗിക്ക് വലിയ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. ആദ്യസിനിമ ചിത്രീകരിച്ച സ്ഥലം എന്ന വൈകാരികാനുഭവവും വളരെ വലുതാണ്. ക്യാമറയ്ക്കുള്ളിലൂടെ കണ്ട കഥാപാത്രങ്ങളും ക്യാമറയ്ക്കു പുറത്തുകണ്ട നല്ല മനുഷ്യരുമെല്ലാം ഇന്നും ഓര്‍മയുടെ വെള്ളിത്തിരയിലുണ്ട്.
ഈ പശ്ചാത്തലം കൃത്യമായി ആരു വരച്ചിട്ടു- ജഗദീഷ്
ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുന്നത് കൗതുകപൂര്‍വം നോക്കിയിരിക്കും. അപ്പോഴാണ് ഞാന്‍ ആകാശവാണിക്കുവേണ്ടി എഴുതിയ നാടകം 'സഹൃദയസമക്ഷ'ത്തിന്റെ കഥ പറയുന്നത്. ഇതില്‍ ഒരു സിനിമയുണ്ടല്ലോ എന്നു ശ്രീനി പറഞ്ഞു. അപ്പോഴാണ് രഘുനാഥ് പലേരിയുമായി ഒന്നിച്ച് വലിയൊരു പദ്ധതി ആസൂത്രണംചെയ്ത സിബി അത് നടക്കാതെ വിഷമത്തിലായത്.
.jpg?$p=2d2e5fa&w=852&q=0.8)
ജി. സുബ്രഹ്‌മണ്യം ചെറിയ ബജറ്റിലൊരു ചിത്രമൊരുക്കാന്‍ താത്പര്യം കാണിച്ചു. അങ്ങനെയാണ് ഈ കഥ സിബിയോടും പറയുന്നത്. സിബിക്കും ഇഷ്ടമായി. ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും എഴുതി. എന്റെ കഥ സിനിമയ്ക്കുവേണ്ടി ഇങ്ങനെ വികസിച്ചുവരുന്നതും അതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നതുമെല്ലാം ത്രില്ലോടെ കൂടെയിരുന്നു ഞാന്‍ ആസ്വദിച്ചു. മനസ്സിലൊരു പശ്ചാത്തലവും ചിത്രപടത്തിലെന്നപോലെ തെളിഞ്ഞു. ഗണേഷ്‌കുമാര്‍ പറഞ്ഞ് ഈ സ്ഥലത്ത് പോയപ്പോള്‍ ഇത്ര കൃത്യമായ സ്ഥലം ആരു വരച്ചിട്ടെന്ന തോന്നലായിരുന്നു എനിക്കും -നടന്‍ ജഗദീഷ് പറഞ്ഞു.
മുത്താരംകുന്നിലെ പ്രണയഗുസ്തി
മമ്മൂട്ടിയുടെ ആരാധികയായ നായിക. മമ്മൂട്ടിക്ക് നിരന്തരം കത്തയയ്ക്കുന്നു. ആ ഗ്രാമത്തിലേക്ക് കടന്നുവരുന്ന പോസ്റ്റ് മാസ്റ്റര്‍. ഇരുവരും പ്രണയത്തിലാകുന്നു. ഗുസ്തിവീരനു മാത്രമേ തന്റെ തന്റെ മകളെ കല്യാണം കഴിച്ചുകൊടുക്കു എന്ന പ്രതിജ്ഞയുമായി കഴിയുന്ന ഗുസ്തിഭ്രാന്തനായ അച്ഛന്‍. ധാരാസിങ്ങിനെ ഗുസ്തിക്കായി കൊണ്ടുവരുന്നു. നായകനുമായി ഗുസ്തിക്കിടയില്‍ ചില ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഇരുവരുടെയും കല്യാണം നടക്കുന്ന പരിണാമഗുപ്തി. അതായിരുന്നു സിനിമ.

മേലില അന്നും ഇന്നും- മേലില രാജശേഖരന്‍
നെല്ലും വാഴയും ചീനിയും കാച്ചിലും ചേമ്പും കശുമാവും തെങ്ങും കമുകും കുരു മുളകും തിങ്ങിനിറഞ്ഞ ശുദ്ധമായ ഒരു കര്‍ഷകഗ്രാമം. പരിമിതമായ യാത്രാസൗകര്യങ്ങളേയുള്ളൂ. വഴിയമ്പലം ജങ്ഷനില്‍ ഒരു ഇടച്ചന്തയുണ്ടാകാറുണ്ട്. വഴിയമ്പലം ഒരു പ്രധാന കവലയാണ് അക്കാലത്ത്. ഇന്ന് കാലം മാറി. വഴിയമ്പലം വഴിയുള്ള സഞ്ചാരികള്‍ കുറഞ്ഞു. യാത്രാസൗകര്യങ്ങള്‍ വര്‍ധിച്ചു. ഇടവഴികളും നടവരമ്പുകളും റോഡുകളായി. മിക്കവര്‍ക്കും വാഹനങ്ങളായി.
വഴിയമ്പലത്തിലെ അമ്പലവും കവലയും ഒന്നായി പ്രണയിച്ചുകിടന്നിരുന്നു. ഇന്ന് ക്ഷേത്രത്തെ കവലയില്‍നിന്ന് അടര്‍ത്തിമാറ്റി മതിലിനുള്ളിലാക്കി. മുത്താരംകുന്ന് പോസ്റ്റ് ഓഫീസ് കവലയില്‍ത്തന്നെ മറ്റൊരിടത്തായി. ചായക്കടകളിലൊന്ന് മാറി. അവിടെ കോണ്‍ക്രീറ്റ് കെട്ടിടം വന്നു. മാറാത്തതായി ഒന്നുമാത്രം, കവലയുടെ ജീവനാഡിയായ മാടക്കടയും കവലയുടെ തനിമയും. അന്ന് ഷൂട്ടിങ് വേളയില്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു- ഇപ്പോള്‍ സംവിധായകനായ മേലില രാജശേഖരന്‍ പറയുന്നു.
ധാരാസിങ് വരുന്ന ദിവസം ആളെക്കൂട്ടാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയ അനുഭവവും രാജശേഖരനുണ്ട്. 'ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തനായ ഗുസ്തിരാജാവ് ധാരാസിങ് ബോംബെയില്‍ നിന്ന് ഇപ്പോള്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മേലിലയിലെ ഷൂട്ടിങ്ങിനായി എത്തിച്ചേരും. അദ്ദേഹത്തെ നേരില്‍ കാണാനുള്ള ഈ സുവര്‍ണാവസരം പാഴാക്കരുത്. എത്രയും വേഗം എല്ലാ നാട്ടുകാരും മേലില ക്ഷേത്രപരിസരത്തെ ഗോദയിലെത്തിച്ചേരുക.' ഏകദേശം മൂന്നുകിലോമീറ്ററിനുള്ളില്‍ അനൗണ്‍സ് ചെയ്ത് മേലില ക്ഷേത്രപരിസരത്തെത്തിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച മേലില ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ആള്‍ക്കൂട്ടമാണ് -രാജശേഖരന്‍ ഓര്‍ക്കുന്നു.
ഗോപാലകൃഷ്ണന്‍ ഇന്നും ഓടുന്നുണ്ട്
ചിത്രത്തില്‍ മുകേഷ് മുത്താരംകുന്നിലേക്ക് വന്നിറങ്ങുന്ന ഒരു ബസുണ്ട് -ഗോപാലകൃഷ്ണന്‍. 100 വര്‍ഷം പിന്നിട്ട ആ ബസ് സര്‍വീസ് കൊല്ലം ജില്ലയില്‍ പല ഭാഗങ്ങളിലും ഇപ്പോഴും ഓടുന്നുണ്ട്.
Content Highlights: Mutharamkunnu PO movie memories
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·