
ദേവദത്ത് ഷാജി | ഫോട്ടോ: അറേഞ്ച്ഡ്
കുമ്പളങ്ങിയിൽ നിന്ന് മലയാറ്റൂരിലേക്കുള്ള ദൂരം 56 കിലോ മീറ്റർ. രണ്ടു മണിക്കൂറിൽ കൂടുതൽ സമയം യാത്ര. എന്നാൽ കുമ്പളങ്ങിയിലെ പച്ചയായ മനുഷ്യരുടെ കഥ പറഞ്ഞ കുമ്പളങ്ങി നൈറ്റ്സിൽ നിന്നും മലയാറ്റൂരിലെ സാധാരണക്കാരുടെ കഥ പറയുന്ന ധീരനിലെത്താൻ ദേവദത്ത് ഷാജിയ്ക്ക് സഞ്ചരിക്കേണ്ടി വന്നത് ആറ് വർഷമാണ്. അസിസ്റ്റന്റ് ഡയറക്ടർ ടു ഡയറക്ടർ. വലിയൊരു യാത്ര തന്നെയാണത്. ജൂലായ് നാലു മുതൽ തിയേറ്ററുകളിലോടുന്ന 'ധീരൻ' എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ദേവദത്ത് ഷാജി സിനിമാ ജീവതത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടിയ അജിത്ത് എന്ന സുഹൃത്തിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണീ സിനിമ.
എഴുത്തിന്റെ വഴി
എഴുത്തിന്റെ വഴിയായിരുന്നു ചെറുപ്പം മുതൽ തന്നെ ദേവദത്തിന് ഏറെ ഇഷ്ടം. രണ്ടു ചെറുകഥാ സമാഹരങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യത്തേത് പ്ലസ് ടുവിന് പഠിക്കുമ്പോളും രണ്ടാമത്തേത് എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോളും. ആ കാലഘട്ടത്തിലാണ് സംവിധായകനാകാനുള്ള മോഹമുദിക്കുന്നത്. സിനിമയിലേക്കെത്തുന്നതിനുള്ള ചവിട്ടുപടിയായി എഞ്ചിനീയറിങ് പഠന കാലത്ത് ഓരോ സെമസ്റ്റർ ബ്രേക്കിലും ഓരോ ഷോർട് ഫിലിമുകളെടുത്തു. എഞ്ചിനീയറിങ് കഴിഞ്ഞപ്പോളേക്കും അങ്ങനെ എട്ട് ഷോർട് ഫിലിമുകളുടെ സംവിധായാകനായി. അതിൽ ഏറ്റവും അവസാനം ചെയ്ത 'എന്റെ സ്വന്തം കാര്യം' കണ്ടിട്ടാണ് ദിലീഷ് പോത്തൻ സിനിമയിലേക്ക് വിളിക്കുന്നത്. അങ്ങനെ കുമ്പളങ്ങി നൈറ്റ്സിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. മൂന്ന്-നാല് ഷോർട് ഫിലിമുകൾ എടുത്തപ്പോൾ തന്നെ സിനിമ നൽകുന്ന മാസ്മരികത മനസ്സിലായി തുടങ്ങി. അങ്ങനെയാണ് സിനിമയെ സീരിയസായി കാണാൻ തുടങ്ങിയത്.
ധീരനിലേക്ക്
മൂന്നു വർഷം മുൻപാണ് ധീരന് വേണ്ടിയുള്ള യത്നം തുടങ്ങിയത്. 2003-ൽ സുഹൃത്ത് അജിത്തിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചു. പെരിയാർ വാലി കനാലിൽ മുങ്ങിപ്പോയ ഒരാളെ രക്ഷിച്ചതിനായിരുന്നു ഇത്. ചെറിയ പ്രായത്തിൽ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചാൽ പിന്നെ ആ ആൾക്ക് നാട്ടിൽ ലഭിക്കുന്ന സ്വീകാര്യത വലുതാണല്ലോ, അതിനെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ എഴുതിയത്. അച്ഛൻ ഷാജി സരിഗ അക്കാലത്ത് പഞ്ചായത്തംഗമായിരുന്നു. അജിത്തിനൊപ്പം ഡൽഹിയിൽ അവാർഡ് വാങ്ങാൻ പോയതൊക്കെ അച്ഛനാണ്. ഈ സംഭവത്തിലേക്ക് ഫിക്ഷൻ ആഡ് ചെയ്യുകയായിരുന്നു. നടൻ സുധീഷ് ചെയ്ത കഥാപാത്രം അച്ഛനിൽ നിന്ന് ഉൾക്കൊണ്ടതാണ്.
സ്വന്തം നാടിന്റെ ജീവിതം
പെരുമ്പാവൂർ പനിച്ചയം സ്വദേശിയാണ് 30-കാരനായ ദേവദത്ത്. സ്വന്തം നാട്, അവിടുത്തെ ആൾക്കാർ, അവരുടെ സംസാരം, ഭാഷാ ശൈലി ഒക്കെ സിനിമയിൽ കൊണ്ടു വരണമെന്നുണ്ടായിരുന്നു ദേവദത്തിന്. അത് സിനിമയിൽ കൊണ്ടു വന്നിട്ടുമുണ്ട്. പെരുമ്പാവൂരിലെ ചെറിയ ഗ്രാമം എന്നു പറയുന്നതിലും കൂടുതൽ സ്വീകാര്യത സമീപ പ്രദേശമായ മലയാറ്റൂർ ഉപയോഗിച്ചാൽ കിട്ടുമെന്ന് തോന്നി- ദേവദത്ത് പറയുന്നു. ധീരൻ എന്ന പേരുകേട്ടാൽ ത്രില്ലർ, ആക്ഷൻ മൂവിയാണ് എല്ലാവരും പ്രതീക്ഷിക്കുക. എന്നാൽ പൂർണമായും ഹാസ്യമാണ് സിനിമ.
മൂന്നു തലമുറയിൽപ്പെട്ട നടന്മാർ
മൂന്നു തലമുറയിൽപ്പെട്ട നടന്മാരാണ് സിനിമ വാഴുന്നത്. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിനോടൊന്ന് മികച്ചു നിന്നു. ജഗദീഷ്, മനോജ് കെ. ജയൻ, അശോകൻ, വിനീത് എന്നിവർ 1980-90 കാലഘട്ടത്തിലും സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ എന്നിവർ 2000 ങ്ങളിലും മലയാള സിനിമയിൽ തിളങ്ങിയവരാണ്. രാജേഷ് മാധവൻ, ശബരീഷ് പൊതുവാൾ, അഭിരാം പൊതുവാൾ, അശ്വതി മനോഹരൻ എന്നിവർ പുതു തലമുറ താരങ്ങളാണ്. താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ മൂന്നു തലമുറയെന്നൊരു ചിന്ത സംവിധായകന്റെ മനസ്സിൽ വന്നില്ല. കഥാപാത്രങ്ങൾക്ക് ഉതകുന്ന രീതിയിൽ തിരഞ്ഞെടുത്തു. അഭിനേതാക്കൾ എന്നതിലുപരിയായി സിനിമയെ ഹൃദത്തോട് ചേർത്തവരായാണ് ഇവരെ ഓരോരുത്തരെയും തോന്നിയതെന്നും അതു സിനിമയുടെ മേക്കിങ്ങിൽ ഒരുപാട് സഹായിച്ചുവെന്നും ദേവദത്ത് പറയുന്നു.
സിനിമയോടടുപ്പിച്ചത്
മനുഷ്യന്റെ മനസ്സിനെ എത്രത്തോളം സിനിമ സ്വാധീനിക്കുന്നുവെന്ന ചിന്തയാണ് ദേവദത്തിനെ സിനിമയോടടുപ്പിച്ചത്. ‘എഴുത്തും സിനിമയുമെല്ലാം ജീവിതവുമായി ചേർന്ന് കിടക്കുന്നവയായി തോന്നി. ഇരുട്ടുമുറിയിലെ നാലു ചുവരുകൾക്കുള്ളിൽ ഒരുപാട് ആളുകൾ ഒരുമിച്ചു കൂടുക, അവിടെ പ്രദർശിപ്പിക്കുന്ന സിനിമ കണ്ട് കരയുക, ചിരിക്കുക, കൈയ്യടിക്കുക. അതിൽ കിട്ടിയ കൗതുകം വളരെ വലുതായിരുന്നു. മനുഷ്യന് ഇമോഷണൽ ചേഞ്ച് ഉണ്ടാക്കുവാൻ സിനിമയ്ക്കാകും’- ദേവദത്ത് പറഞ്ഞു. ചിരി ആണെങ്കിൽ മനസ്സിന് ഉല്ലാസമുണ്ടാക്കും. എന്നാൽ ആളുകളെ ചിരിപ്പിക്കുക നല്ല പ്രയാസമാണ്. ആദ്യമായെടുക്കുന്ന സിനിമ ഹാസ്യച്ചിത്രമായിരിക്കണമെന്ന് നേരെത്തെ തന്നെ ഈ സംവിധായകൻ ഉറപ്പിച്ചിരുന്നു.
കൊച്ചിൻ രസിക ട്രൂപ്പിലൂടെ മിമിക്സും കൊച്ചിൻ സംഘ വേദിയിലൂടെ നാടകവും ഒക്കെ അവതരിപ്പിച്ചിരുന്ന ആളാണ് അച്ഛൻ ഷാജി സരിഗ. അതുകൊണ്ട് തന്നെ ചെറുപ്പം തൊട്ടേ കലാ രംഗവുമായി ബന്ധമുണ്ട്. ഭാര്യ ഷൈനയുടെ ഇരട്ട സഹോദരി റൈന നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
Content Highlights: From Assistant Director to Director: Devadath Shaji's Journey with 'Dheeran'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·