മമ്മൂട്ടിയുടെ പിറന്നാൾ അതിഥികളായി അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾ; വിമാനവും മെട്രോയുമെല്ലാം കണ്ടൊരു യാത്ര

4 months ago 5

mammootty-birthday

മമ്മൂട്ടിയുടെ അതിഥികളായി അട്ടപ്പാടിയിൽ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ കുട്ടികൾ അദ്ദേഹത്തിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നു

കൊച്ചി: 'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ...ബസിൽ കയറ്റാമോ...'ഇതായിരുന്നു അട്ടപ്പാടിയിൽ നിന്ന് ഇരുപതുകിലോമീറ്ററകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികൾ പാലക്കാടല്ല, കൊച്ചിയെന്ന മഹാനഗരത്തിലെത്തി. മെട്രോയിൽ കയറി, ഒടുവിൽ വിമാനം പറക്കുന്നത് കണ്ടു. വിമാനത്തെ തൊട്ടു. ജീവിതത്തിൽ ഒരിക്കൽപോലും സ്വപ്നം കാണാതിരുന്ന ആ നിമിഷത്തിൽ അവർ ഒറ്റസ്വരത്തിൽ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ...

പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവ. എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ അതിഥികളായി വിനോദയാത്രയ്ക്കെത്തിയത്. കൊച്ചി മെട്രോയും നെടുമ്പാശ്ശേരി വിമാനത്താവളവും ആലുവയിലെ രാജഗിരി ആശുപത്രിയുമെല്ലാം ഇവർ സന്ദർശിച്ചു. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് വിനോദയാത്ര സംഘടിപ്പിച്ചത്.

പാലക്കാട് കാണാൻ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയിൽ കയറ്റാനും വിമാനത്താവളത്തിൽ കൊണ്ടുപോകാനും നിർദേശിച്ചത് മമ്മൂട്ടിയാണ്. രാത്രി പാലക്കാടുനിന്ന് എറണാകുളത്തെത്തിയ സംഘം കളമശ്ശേരി ജ്യോതിർഭവനിൽ താമസിച്ച്, അടുത്ത ദിവസം അതിരാവിലെ ഏഴുമണിയോടെ കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തി. മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററും, മെട്രോ ട്രെയിനും കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ അത്ഭുതക്കാഴ്ചകളായി.

കളമശ്ശേരിയിൽ നിന്ന് മെട്രോയിൽ ആലുവയിലെത്തിയ സംഘം തുടർന്ന് ടൂറിസ്റ്റ് ബസ്സിൽ കയറി രാജഗിരി ആശുപത്രിയിലേക്ക്. അവിടെ പ്രഭാതഭക്ഷണത്തിനു ശേഷം, അവർ റോബോട്ടിക് സർജറിയുടെ വിസ്മയലോകം നേരിൽ കണ്ടു. അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതമായ അട്ടപ്പാടിയിലെ കുട്ടികൾക്ക്, റോബോട്ടിനെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ എന്നത് അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു. രാജഗിരി ആശുപത്രിയിലെ റോബോട്ടിക് ജനറൽ സർജറി വിഭാഗം മേധാവി ഡോ. രവികാന്ത് ആർ. കുട്ടികൾക്ക് റോബോട്ടിനെക്കുറിച്ചും അതിൻ്റെ പ്രവർത്തനരീതികളെ കുറിച്ചും വിശദീകരിച്ചു. ഡോക്ടറുടെ നിർദ്ദേശത്തിൽ റോബോട്ടിക് യന്ത്രം കൈകൾ ചലിപ്പിക്കുന്നത് കുട്ടികൾ കൗതുകത്തോടെ നോക്കിനിന്നു.

ആശുപത്രി സന്ദർശനത്തിനുശേഷമായിരുന്നു വിമാനത്താവളക്കാഴ്ച. മെട്രോ ഫീഡർ ബസിൽ ആയിരുന്നു നെടുമ്പാശ്ശേരിക്കുള്ള യാത്ര. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദർശക ഗാലറിയിൽ നിന്നുകൊണ്ട് അവർ ആസ്വദിച്ചു. പിന്നീട് വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്ന അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് പ്രവർത്തനരീതികളെക്കുറിച്ച് മനസ്സിലാക്കി. അവിടെ വെച്ച് നടൻ മമ്മൂട്ടിയുടെ പിറന്നാളിന് മുന്നോടിയായി പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന കേക്ക് മുറിച്ച് കുട്ടികൾ ജന്മദിനാഘോഷം നടത്തി. രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയും കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യനും കുട്ടികളും ചേർന്നാണ് കേക്ക് മുറിച്ചത്.

തന്റെ പ്രതിനിധിയായി യാത്രയിൽ പങ്കുകൊള്ളാൻ മമ്മൂട്ടി സന്തതസഹചാരിയായ എസ്. ജോർജിനെ ചെന്നൈയിൽ നിന്ന് അയച്ചിരുന്നു. കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർ റോബർട്ട് കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു. അവിസ്മരണീയ യാത്രയ്ക്കൊടുവിൽ മമ്മൂട്ടിയുടെ സ്നേഹം അവരുടെ നാവിൽ മധുരമായി നിറഞ്ഞു. അടുത്ത തവണ വിമാനയാത്രയൊരുക്കാമെന്നാണ് അദ്ദേഹം ഇവർക്ക് നൽകിയിരിക്കുന്ന വാക്ക്.

Content Highlights: Children fro Attappadi go Mammootty's guests, sojourn Kochi airdrome and metro

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article