മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ടെന്ന് ഷൈൻ സമ്മതിച്ചു, അവസാനമായി ഒരവസരംകൂടി നൽകും -ബി. ഉണ്ണിക്കൃഷ്ണൻ

9 months ago 8

B Unnikrishnan and Shine

ബി.ഉണ്ണിക്കൃഷ്ണൻ, ഷൈൻ ടോം ചാക്കോ | ഫോട്ടോ: എസ്. ശ്രീകേഷ്, പി.ഡി അമൽദേവ് | മാതൃഭൂമി

കൊച്ചി: മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ടെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. നടി വിൻ സിയുടെ പരാതിയുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഇതുപോലുള്ള ശീലത്തിൽനിന്ന് വെളിയിൽ വരാൻ പ്രൊഫഷണലായ സഹായം അദ്ദേഹത്തിന് വരണം. അദ്ദേഹം തിരുത്തണം. ഷൈനിന് കൊടുക്കുന്ന അവസാന അവസരമാണിത്. ഇതുപോലുള്ള പെരുമാറ്റവുമായി മുന്നോട്ടുപോകുന്ന ആളുകളുമായി സഹകരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും ബി.ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

"കഴിഞ്ഞമാസം അവസാനം ഫൈൻ ആർട്സ് കോളേജിൽവെച്ച് ഫെഫ്കയുടെ വിപുലമായ നേതൃയോ​ഗം ചേർന്നിരുന്നു. ഫെഫ്കയിലെ 21 യൂണിയനുകളുടേയും ഭരണസമിതി അം​ഗങ്ങൾ പങ്കെടുത്ത യോ​ഗത്തിൽവെച്ച് സംസ്ഥാന എക്സൈസ് കമ്മീഷണർ ഒരു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു. ഒരു ലഹരി വിരുദ്ധ സ്ക്വാഡ് എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും രൂപീകരിച്ചുകൊണ്ടുള്ള നടപടിയായിരുന്നു അത്. മയക്കുമരുന്ന് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ ഭീഷണിയായി വരുമ്പോൾ പലവിധത്തിലുള്ള ആരോപണങ്ങളും വാർത്തകളും സിനിമാ രം​ഗത്തെ ചുറ്റിപ്പറ്റി വരുമ്പോൾ ഞങ്ങൾ തൊഴിലെടുക്കുന്ന മേഖല ലഹരി വിമുക്തമാണെന്ന് പൊതുസമൂഹത്തിന് ഉറപ്പുകൊടുക്കേണ്ട ബാധ്യത ഫെഫ്ക്കയ്ക്കുണ്ട്. ഞങ്ങളുടെ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഈ ഉദ്ദേശത്തോടെയാണ് തുടങ്ങിവെച്ചത്. ആ കമ്മിറ്റികൾ വളരെ ഫലപ്രദമായി എല്ലാ ലൊക്കേഷനുകളിലും പ്രവർത്തിക്കുന്നുണ്ട്. അതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് വിൻ സിയുടെ പരാതി ഉണ്ടായത്.

വിൻ സി അലോഷ്യസ് ഫെഫ്ക്കയുമായും ബന്ധപ്പെട്ടിരുന്നു. അവരുമായി ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ആരോപണം ഉന്നയിക്കുന്നത് ആര്‍ക്കെതിരെയാണോ അയാളുടെ പേര് വിൻ സി പറഞ്ഞിരുന്നു. സിനിമയുടെ പേരും പറഞ്ഞു. ഇക്കാര്യങ്ങൾ ഒരുതരത്തിലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വരരുതെന്നാണ് അവർ പറഞ്ഞത്. ആ സിനിമയുടെ ഐസി (ആഭ്യന്തര സമിതി) യിൽ പരാതി കൊടുക്കുക എന്നതാണ് ഇതിന്റെ നിയമാനുസൃത നടപടിയെന്ന് അവരോട് നിർദേശിച്ചു. ഫെഫ്ക്കയ്ക്ക് എഴുതിത്തയ്യാറാക്കിയ പരാതി നൽകേണ്ടതില്ലെന്നും പറഞ്ഞു. അതിനുശേഷം അവർ ഐസിയിലും നിർമാതാക്കളുടെ സംഘടനയിലും അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി കൊടുത്തു.

കഴിഞ്ഞദിവസമാണ് ആ സിനിമയുടെ ഐസി യോ​ഗം ചേർന്നത്. അതിന്റെ റിപ്പോർട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടിട്ടില്ല. ഐസി റിപ്പോർട്ട് കൊടുക്കേണ്ടത് ആ പടത്തിന്റെ നിർമാതാവിനാണ്. തുടർനടപടികൾ സ്വീകരിക്കേണ്ടത് ആ നിർമാതാവാണ്. ‍ഞങ്ങൾ താരസംഘടനയുടെ പ്രതിനിധികളുമായി സംസാരിച്ചിരുന്നു. സരയു, അൻസിബ, വിനു മോഹൻ എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. ഫോണിലൂടെ മോഹൻലാലുമായും ജയൻ ചേർത്തലയുമായും സംസാരിച്ചു. ഇത്തരത്തിലുള്ള സിനിമാ പ്രവർത്തനവുമായി മുന്നോട്ടുപോവാൻ ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങൾ അമ്മ പ്രതിനിധികളോട് അറിയിച്ചു. തൊഴിലിടം ലഹരിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ഇങ്ങനെയുള്ള പെരുമാറ്റവും രീതികളും അമ്മയുടെ അം​ഗങ്ങൾ സ്വീകരിച്ചാൽ അതിനോട് പൊരുത്തപ്പെട്ടുപോവാൻ ബുദ്ധിമുട്ടുണ്ടെന്നും അവരെ അറിയിച്ചു.

ഇത് ഫെഫ്ക്കയിലെ അം​ഗങ്ങൾക്കും ബാധകമാണ്. ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ട ആർ.ജെ വയനാട് എന്ന മേക്കപ്പ്മാനെ ലഹരിയുമായി പിടിച്ചപ്പോൾ അന്നുതന്നെ അയാളെ സസ്പെൻഡ് ചെയ്തു. അയാളെ തൊഴിലിടത്തിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. അദ്ദേഹം വർക്ക് ചെയ്ത ടിക്കി ടാക്ക സിനിമ ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. ഇതുപോലെ കർശനമായ നടപടികൾ ‍ഞങ്ങൾ ഞങ്ങളുടെ അം​ഗങ്ങൾക്കെതിരെ സ്വീകരിക്കുമ്പോൾ ഇത്തരമൊരു പെരുമാറ്റം ഒരു നടനിൽനിന്നുണ്ടാവുന്നത് ബുദ്ധിമുട്ടാണ്. മാധ്യമങ്ങളെ കാണുന്നതിന് മുൻപ് ഷൈൻ ടോം ചാക്കോയെ ഇവിടെ വിളിച്ചുവരുത്തിയിരുന്നു. അദ്ദേഹം ഉൾപ്പെടുന്ന അമ്മ സംഘടനയെ അറിയിച്ചതിനുശേഷമായിരുന്നു ഇത്.

വളരെ പ്രൊഫഷണലായ സഹായം തേടേണ്ടതുണ്ടെന്ന് ഷൈനിനെ അറിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ടെന്ന് ഷൈൻ സമ്മതിച്ചിട്ടുണ്ട്. ഇതുപോലുള്ള ശീലത്തിൽനിന്ന് വെളിയിൽ വരാൻ പ്രൊഫഷണലായ സഹായം അദ്ദേഹത്തിന് വരണം. അദ്ദേഹം തിരുത്തണം. ഷൈനിന് കൊടുക്കുന്ന അവസാന അവസരമാണിത്. ഇതുപോലുള്ള പെരുമാറ്റവുമായി മുന്നോട്ടുപോകുന്ന ആളുകളുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറല്ല.

കഴിഞ്ഞ ആറുമാസത്തിനിടയിൽ സിനിമാ നിർമാണം 45 ശതമാനം കുറഞ്ഞിട്ടുണ്ട്. കോർപ്പറേറ്റുകളും പ്രമുഖ നിർമാതാക്കളും മലയാളത്തിൽ മുതൽമുടക്കാൻ തയ്യാറാവുന്നില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വന്ന സംഭവവികാസങ്ങളാണ് അതിന് കാരണം. മലയാളസിനിമയിൽ ഡ്ര​ഗ് കാർട്ടലുകൾ പിടിമുറുക്കിയിരിക്കുന്നു എന്ന ചിത്രമാണിപ്പോൾ. അതിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല." ബി. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

Content Highlights: FEFKA General Secretary B. Unnikrishnan addresses Shine Tom Chacko`s cause usage admission

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article