'മരണമാസ്സി'ന് ആർപ്പുവിളിച്ച് 'ജിംഖാന'യിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദം

9 months ago 6

Gymkhana Maranamass

'മരമണമാസ്സ്' കളിക്കുന്ന തിയേറ്ററിലെത്തിയ 'ആലപ്പുഴ ജിംഖാന' സിനിമയുടെ താരങ്ങൾ | സ്ക്രീൻ​ഗ്രാബ്

വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ് ഒരുക്കിയ മരണ മാസ്സും. വമ്പൻ പ്രേക്ഷക പിന്തുണയാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. മരണമാസ്സ് എന്ന ചിത്രത്തിന് വേണ്ടി തിയേറ്ററുകളിൽ ആർപ്പുവിളിക്കുന്ന ആലപ്പുഴ ജിംഖാന ടീമിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തങ്ങളുടെ ചിത്രങ്ങളുടെ പ്രചരണത്തിനായി ഒരേ സമയം ഒരു തീയേറ്ററിൽ എത്തിയ സമയത്താണ് മരണമാസ്സ് എന്ന ചിത്രത്തിന് വേണ്ടിയും പ്രേക്ഷകർക്ക് മുന്നിൽ ആർപ്പുവിളിച്ചുകൊണ്ട് ജിംഖാന ടീം ശ്രദ്ധ നേടിയത്. ഇരുകൂട്ടരും പരസ്പരം പിന്തുണക്കുന്ന ഈ സൗഹൃദക്കൂട്ടായ്‌മ മലയാള സിനിമയിൽ മാത്രം കാണാൻ സാധിക്കുന്ന ഒന്നാണെന്നതും ഈ വീഡിയോ അടിവരയിട്ടു പറയുന്നുണ്ട്.

സ്പോർട്സ് കോമഡി ആയൊരുക്കിയ ആലപ്പുഴ ജിംഖാന യുവ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ, ഒരു ഡാർക്ക് കോമഡി ചിത്രമായെത്തിയ മരണമാസ്സ് കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ കുതിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകരും ഒരേ മനസ്സോടെയാണ് ഈ ചിത്രങ്ങൾ ഏറ്റെടുക്കുന്നത്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത ആലപ്പുഴ ജിംഖാനയിലെ മറ്റു നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചത് ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ ഒരുക്കിയത് രതീഷ് രവിയാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ബേസിൽ ജോസഫ് നായകനായെത്തിയ മരണ മാസ്സ്, ഡാർക്ക് കോമഡി, ആക്ഷേപ ഹാസ്യം, സ്പൂഫ്, ത്രില്ലർ ഘടകങ്ങൾ ചേർത്തൊരുക്കിയ ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനറാണ്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ്. ഈ വിഷുക്കാലത്തെ ആഘോഷമാക്കി മാറ്റിക്കൊണ്ട് തിയേറ്ററുകൾ ഇളക്കി മറിച്ചു കൊണ്ടാണ് ഈ രണ്ടു ചിത്രങ്ങളും വിജയകരമായി പ്രദർശനം തുടരുന്നത്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Alappuzha Jimkhana & Marana Mass: Viral Vishu Blockbusters

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article